ജഡേജ ടെസ്റ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
ന്യൂസിലൻഡിനെതിരായ മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റ് നഷ്ടമായ ജഡേജ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിലും ഉൾപ്പെട്ടിട്ടില്ല. ന്യൂസിലൻഡ് പരമ്പരയ്ക്കിടെ കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഡേജക്ക് അവസാന ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്.
ഏകദിന-ടി20 ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി ഇന്ത്യയടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ന്യൂസിലൻഡിനെതിരായ മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റ് നഷ്ടമായ ജഡേജ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിലും ഉൾപ്പെട്ടിട്ടില്ല. ന്യൂസിലൻഡ് പരമ്പരയ്ക്കിടെ കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഡേജക്ക് അവസാന ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്.
നിലവില്‍ ടെസ്റ്റ് ഉപനായകനായ രോഹിത് ശര്‍മ്മയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഇല്ല. പരിക്കാണ് രോഹിതിനും തടസമായത്. വർഷങ്ങളായി മൂന്ന് ഫോർമാറ്റിലും ജഡേജ കളിക്കുന്നുണ്ട്. ഇടയ്ക്കിടെ പരിക്ക് വലയ്ക്കുന്നതാണ് താരത്തിന് വലിയ തിരിച്ചടിയാവുന്നത്. ശ്രീലങ്കക്കെതിരെ ഇനി നടക്കാനിരിക്കുന്ന പരമ്പരയിലും ജഡേജ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ.
പരിക്ക് കാരണം മാസങ്ങളോളം താരത്തിന് വിശ്രമം വേണ്ടിവന്നേക്കും. ഇതെല്ലാമാണ് ജഡേജയെ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 57 ടെസ്റ്റുകള്‍ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് രവീന്ദ്ര ജഡേജ. 33.76 എന്ന ബാറ്റിങ് ശരാശരിയില്‍ 2195 റണ്‍സ് നേടി. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും ജഡേജയുടെ പേരിലുണ്ട്.
232 വിക്കറ്റുകളും ടെസ്റ്റില്‍ ജഡേജ വീഴ്ത്തി. ടെസ്റ്റില്‍ 200 വിക്കറ്റ് വേഗത്തില്‍ വീഴ്ത്തുന്ന ഇടംകയ്യന്‍ ബൗളറാണ് ജഡേജ. ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഐസിസി റാങ്കിങ്ങില്‍ നാലാമതാണ് രവീന്ദ്ര ജഡേജ. അടുത്തിടെ ഇന്ത്യയിൽ നടന്ന ടെസ്റ്റ് വിജയങ്ങളിലൊക്കെ രവിന്ദ്ര ജഡേജക്കും നിർണായകമായ പങ്കുണ്ടായിരുന്നു. 33 വയസ്സുള്ള ജഡേജയ്ക്ക് ഇനി നാലഞ്ച് വർഷം കൂടിയേ കരിയറുണ്ടാവുകയുള്ളൂ. ഇതിനിടയിൽ ടി20യിലും ഏകദിനത്തിലും കൂടുതൽ മികച്ച പ്രകടനമാണ് ജഡേജ ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ എംഎസ് ധോണിയുടെ പിൻഗാമിയായി നായകസ്ഥാനത്തേക്ക് ജഡേജയെ പരിഗണിക്കുന്നുണ്ട്.