ഹൈദരാബാദ് ടെസ്റ്റിൽ ജഡേജ കരുത്തിൽ ഇന്ത്യക്ക് മികച്ച ലീഡ്; 436ന് പുറത്ത്, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 246 റൺസിന് മറുപടിയായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് മൂന്നാം ദിനം ആദ്യ സെഷനിൽതന്നെ പിരിക്കാനായത് ഇംഗ്ലണ്ടിന് ആശ്വാസമായി.
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സിൽ മികച്ച ലീഡ്. ഓൾറൗണ്ടർ രവീന്ദ്രജഡേജയുടെ 87 റൺസ് കരുത്തിൽ ഒന്നാം ഇന്നിങ്‌സ് 436 റൺസിൽ അവസാനിച്ചു. 190 റൺസ് ലീഡ് സ്വന്തമാക്കി. 81 റൺസോടെ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ജഡേജ ആറു റൺസ് കൂട്ടിചേർത്ത് പുറത്തായി.അക്‌സർ പട്ടേൽ 44 റൺസെടുത്തു. ഇംഗ്ലണ്ടിനായി ജോ റൂട്ട് നാല് വിക്കറ്റെടുത്തു. രെഹൻ അഹമ്മദ്, ടോം ഹാട്‌ലി രണ്ടു വിക്കറ്റ് നേടി പിന്തുണ നൽകി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 31 റൺസെടുത്ത ഓപ്പണർ സാക് ക്രാലിയുടെ വിക്കറ്റ് നഷ്ടമായി. അശ്വനാണ് വിക്കറ്റ് നേടിയത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 246 റൺസിന് മറുപടിയായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ പിരിക്കാനായത് ഇംഗ്ലണ്ടിന് ആശ്വാസമായി. ജഡേജക്ക് പുറമെ കെ എൽ രാഹുൽ 86 റൺസുമായി മികച്ചുനിന്നിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നല്ല തുടക്കത്തിനുശേഷമാണ് തകർന്നടിഞ്ഞത്. ഇന്ത്യയുടെ സ്പിൻ ത്രയമായ അശ്വിനും ജഡേജക്കും അക്‌സർ പട്ടേലിനും മുന്നിൽ ബാസ്‌ബോൾ ശൈലിയിൽ ബാറ്റ് വീശാൻ ശ്രമിച്ച ഇംഗ്ലണ്ട് അടിതെറ്റി വീഴുകയായിരുന്നു. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനിൽപ്പാണ് 155-7ൽ നിന്ന് ഇംഗ്ലണ്ടിനെ 246ൽ എത്തിച്ചത്.