'പറയാൻ ഒന്നുമില്ല': പരിശീലകരെ ഒന്നാകെ മാറ്റാനൊരുങ്ങി ആർ.സി.ബി
ടീം ഡയറക്ടർ മൈക്ക് ഹെസണും കോച്ച് സഞ്ജയ് ബംഗാറും അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാകില്ല.
ബംഗളൂരു: ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം പരിശീലക സംഘത്തെ ഒഴിവാക്കാനൊരുങ്ങുന്നു. ടീം ഡയറക്ടർ മൈക്ക് ഹെസണും കോച്ച് സഞ്ജയ് ബംഗാറും അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാകില്ല. ഇതുവരെ ഐ.പി.എൽ കിരീടം നേടാത്ത ഫ്രാഞ്ചൈസി പുതിയ പരിശീലകരെ തിരയുകയാണെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാൽ നിലവിലെ ബൗളിംഗ് കോച്ച് ആദം ഗ്രിഫിത്തിനെ മാറ്റുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആർ.സി.ബി സൂപ്പര്‍താരം വിരാട് കോഹ്‌ലിയുമായി ഹെസ്സനും ബംഗറും മികച്ച സൗഹൃദം പുലർത്തുന്നവരാണ്. കൂടാതെ അഞ്ച് വർഷമായി സ്ഥാനങ്ങളിൽ തുടരുന്നുവരും. കന്നി ഐപിഎൽ കിരീടത്തിനായി പുതിയ ആശയങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരാളെയാണ് ഫ്രാഞ്ചൈസി ഇപ്പോൾ താൽപ്പര്യപ്പെടുന്നത്. ഐപിഎല്‍ കിരീടം ഇതുവരെ നേടാന്‍ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ബംഗളൂരുവിന് സാധിച്ചിട്ടില്ല.
വിദേശ പരിശീലകനെ തേടുമോ അതോ ഇന്ത്യക്കാരനെ തന്നെ കാര്യങ്ങള്‍ ഏല്‍പ്പിക്കുമോ എന്നും വ്യക്തമല്ല. 2019ലാണ് ഹെസണ്‍ ടീമിന്റെ ഭാഗമായത്. സഞ്ജയ് ബംഗാറിനെ 2022 സീസണിലാണ് ടീം മുഖ്യ പരിശീലകനായി നിയമിച്ചത്. ഓസീസ് പരിശീലകന്‍ സൈമണ്‍ കാറ്റിച് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയായിരുന്നു നിയമനം. 2020ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. എന്നാല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു പരാജയപ്പെട്ടു പുറത്തായി.
മറ്റ് ടീമുകൾ അവരുടെ പരിശീലകരെ മാറ്റിത്തുടങ്ങിയിട്ടുണ്ട്. മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും പരിശീലകനുമായ ജസ്റ്റിൻ ലാംഗറിനെ ആൻഡി ഫ്‌ളവറിന് പകരം മുഖ്യ പരിശീലകനായി ലക്‌നൗ സൂപ്പർ ജയന്റ്‌സ് അടുത്തിടെ നിയമിച്ചിരുന്നു.