'എനിക്ക് 24-25 ആണ് പ്രായം; താരതമ്യം ചെയ്യാന്‍ 30 വയസാകുംവരെ കാത്തിരിക്കൂ'; വിമർശനങ്ങളിൽ ഋഷഭ് പന്ത്

'ടി20യിൽ ബാറ്റിങ് ഓപൺ ചെയ്യാനാണ് ഇഷ്ടം. ഏകദിനത്തിൽ നാല്, അഞ്ച് നമ്പറുകളില്‍ കളിക്കാനും ഇഷ്ടപ്പെടുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ എന്റെ പരമാവധി കളിക്കുന്നുണ്ട്.'

Update: 2022-11-30 09:37 GMT
Editor : Shaheer | By : Web Desk
Advertising

ക്രൈസ്റ്റ്ചർച്ച്: ടി20, ഏകദിന ക്രിക്കറ്റിലെ മോശം പ്രകടനത്തിനെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. റെക്കോർഡ് നമ്പർ മാത്രമാണെന്നും തനിക്കിപ്പോഴും 25 വയസേ ആയിട്ടുള്ളൂവെന്നും ഇപ്പോൾ മറ്റ് റെക്കോർഡുകളുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും താരം വ്യക്തമാക്കി.

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിനുമുൻപ് കമന്റേറ്റർ ഹർഷ ഭോഗ്ലയോടായിരുന്നു താരത്തിന്റെ പ്രതികരണം. 'ടി20യിൽ ബാറ്റിങ് ഓപൺ ചെയ്യാനാണ് ഇഷ്ടം. ഏകദിനത്തിൽ നാല്, അഞ്ച് നമ്പറുകളില്‍ കളിക്കാനും ഇഷ്ടപ്പെടുന്നു. ടെസ്റ്റിൽ ഇപ്പോൾ ഞാൻ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. 'ആമസോൺ പ്രൈമിന്റെ അഭിമുഖ പരിപാടിയിൽ പന്ത് പറഞ്ഞു.

'വ്യത്യസ്ത പൊസിഷനുകളിൽ കളിക്കുമ്പോൾ തീർച്ചയായും ഗെയിംപ്ലാൻ മാറും. അതേസമയം, എന്താണ് ഒരാൾക്ക് നല്ലത്, ഏത് പൊസിഷനിലാണ് ഏറ്റവും നന്നായി കളിക്കാനാകുക എന്നെല്ലാം ക്യാപ്റ്റനും കോച്ചും ആലോചിക്കും. അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ എന്റെ പരമാവധി കളിക്കുന്നുണ്ട്. ഏകദിനത്തിൽ അധികം മുൻകൂട്ടി ആലോചിച്ചുകളിക്കേണ്ട ആവശ്യമില്ല. എന്നാൽ, ടി20യിൽ അങ്ങനെ കളിക്കേണ്ടിവരും.'

മറ്റ് രണ്ട് ഫോർമാറ്റുകളെ അപേക്ഷിച്ച് ടെസ്റ്റിലെ റെക്കോർഡ് എങ്ങനെയാണ് മികച്ചുനിൽക്കുന്നതെന്ന് ചോദിച്ചു ഭോഗ്ലെ. താരത്തിന്റെ ഏകദിന, ടി20 ഫോമിലേക്ക് പരോക്ഷ സൂചന നൽകുന്ന തരത്തിലുള്ള ചോദ്യം താരത്തിനു പിടിച്ചില്ല. മറുപടി ഇങ്ങനെയായിരുന്നു:

'റെക്കോർഡ് ഒരു നമ്പർ മാത്രമാണ്. വൈറ്റബോളിൽ എന്റെ നമ്പറുകൾ അത്ര മോശവുമല്ല. എന്നാൽ, ഇപ്പോൾ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. എനിക്കിപ്പോൾ 24-25 വയസേ ആയിട്ടുള്ളൂ. എനിക്ക് ഒരു 30-32 വയസാകുമ്പോൾ താരതമ്യം ചെയ്‌തോളൂ. അതിനുമുൻപ് അങ്ങനെ ചെയ്യുന്നതിൽ യുക്തിയില്ല.'-പന്ത് കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യൻ മുൻനിര തകർന്ന ഇന്നത്തെ മത്സരത്തിലും പന്ത് നിരാശപ്പെടുത്തി. പത്ത് റൺസുമായാണ് താരം പുറത്തായത്. ആദ്യ ഏകദിനത്തിൽ 15 റൺസിനും പുറത്തായിരുന്നു. അതിനിടെ, മോശം പ്രകടനം തുടരുമ്പോഴും താരത്തിന് നിരന്തരം അവസരം നൽകുന്നതിൽ മുൻതാരങ്ങളും ആരാധകരുമെല്ലാം വൻ വിമർശനമാണ് ഉയർത്തുന്നത്. മോശം ഫോമിലുള്ള പന്തിന് അവസരം നൽകുകയും മികച്ച ഫോമിലുള്ള സഞ്ജു സാംസണെ പുറത്തിരുത്തുകയും ചെയ്യുന്ന മാനേജ്‌മെന്റ് നടപടിയെ ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തി.

'ഋഷഭ് പന്ത് ഒരിക്കൽകൂടി പരാജയപ്പെട്ടിരിക്കുന്നു. വൈറ്റ്ബോൾ ക്രിക്കറ്റിൽനിന്ന് അദ്ദേഹത്തിന് ഇടവേള ആവശ്യമാണ്. സഞ്ജുവിന് വീണ്ടും അവസരം നിഷേധിച്ചിരിക്കുന്നു. മികച്ച ബാറ്ററാണെന്ന് തെളിയിക്കാൻ സഞ്ജുവിന് ഐ.പി.എല്ലിനായി കാത്തിരിക്കാം'- ഇങ്ങനെ പോകുന്നു ശശി തരൂരിന്റെ വാക്കുകൾ.

Summary: 'Comparison is not a part of my life, I'm just 24-25 so you can compare once I'm 30-32', Rishabh Pant loses cool on comparison question amid poor white-ball form

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News