'ഞാനാരെയും കണ്ടിട്ടില്ല, അതെല്ലാം വെറും കെട്ടുകഥ'; ട്വന്റി 20 ലോകകപ്പ് അഭ്യൂഹങ്ങൾ തള്ളി രോഹിത്
ടീം സെലക്ഷൻ സംബന്ധിച്ച് നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീം സെലക്ഷൻ സംബന്ധിച്ച ചർച്ച നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ലോകകപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ചീഫ് സെലക്ടർ അജിത് അഗാർക്കറിനേയും പരിശീലകൻ രാഹുൽ ദ്രാവിഡിനേയും ബിസിസിഐ ആസ്ഥാനത്തെത്തി കണ്ടെന്ന പ്രചാരണമാണ് ഹിറ്റ്മാൻ തള്ളിയത്. മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോണും ആസ്‌ത്രേലിയൻ ഇതിഹാസ കീപ്പർ ആദം ഗിൽക്രിസ്റ്റുമായും നടത്തിയ ചാനൽ അഭിമുഖത്തിലാണ് രോഹിത് അഭ്യൂഹങ്ങൾക്ക് വിരാമിട്ടത്.
'ഞാൻ ആരെയെങ്കിലും കാണുകയോ ചർച്ച നടത്തുകയോ ചെയ്തിട്ടില്ല. അഗാർക്കർ ദുബൈയിലാണുള്ളത്. ദ്രാവിഡ് ബെംഗളൂരുവിലും. ഇത്തരം വാർത്തകളുടെ സത്യാവസ്ഥ അറിയണമെങ്കിൽ എന്നോടോ ദ്രാവിഡിനോടോ അജിത്തിനോടോ ബിസിസിഐയോടോ തന്നെ ചോദിക്കണം. അല്ലാതെ പ്രചരിക്കുന്നതെല്ലാം യഥാർത്ഥമല്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ടീം സെലക്ഷൻ സംബന്ധിച്ച് നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഹാർദിക് പാണ്ഡ്യയോട് ഐപിഎലിൽ സ്ഥിരമായി ബൗൾ ചെയ്യാൻ ആവശ്യപ്പെട്ടെന്നായിരുന്നു പ്രധാനമായും പ്രചരിച്ചത്.
ലോകകപ്പ് ടീമിൽ ഹാർദികിനെ പരിഗണിക്കുന്നത് ബൗളിങിലെ മികവ്കൂടി പരിഗണിച്ച് മതിയെന്ന് മൂവരും ധാരണയിലെത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമ്മക്കൊപ്പം വിരാട് കോഹ്‌ലി ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമെന്നും സൂചനയുണ്ടായി. യുവതാരം യശസ്വി ജയ്‌സ്വാൾ ഫോമിലേക്കുയരാത്തതോടെയാണ് ഇത്തരമൊരു നീക്കമെന്നായിരുന്നു വാർത്തകൾ. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഓപ്പണിങ് റോളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന വിരാട് കോഹ്‌ലി റൺവേട്ടക്കാരിലും മുന്നിലാണ്. ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയും ഉൾപ്പടെ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 361 റൺസാണ് കോഹ്‌ലി ഇതുവരെ നേടിയത്.
ദീർഘകാലത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ലോകകപ്പ് സ്‌ക്വാർഡിലേക്കെത്തുമെമെന്ന സാധ്യതയും പ്രചരിക്കുന്നു. എന്നാൽ കെഎൽ രാഹുൽ, സഞ്ജു സാംസൺ എന്നിവരും പരിഗണനാ ലിസ്റ്റിലുള്ള പ്രധാനികളാണ്. ഐപിഎൽ മത്സരത്തിനിടെ സെലക്ഷൻ സംബന്ധിച്ച ചർച്ചകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് രോഹിത് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.