ഒടുവിൽ ബൗളർമാർ ഫോമായി; ഗുജറാത്തിനെ തകർത്ത് ആർ.സി.ബി
ബെംഗളൂരു: സീസണിലുടനീളം മോശം ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന ബൗളർമാർ ആദ്യമായി ഫോമായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് നാലുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റൻസിനെ 147 റൺസിന് പുറത്താക്കിയ ബെംഗളൂരു 13.4 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 23 പന്തിൽ 64 റൺസുമായി ആഞ്ഞടിച്ച ഫാഫ് ഡുെപ്ലസിസും 27 പന്തിൽ 42 റൺസെടുത്ത വിരാട് കോഹ്‍ലിയും 12 പന്തിൽ 21 റൺസെടുത്ത ദിനേശ് കാർത്തിക്കുമാണ് വിജയം അനായാസമാക്കിയത്. തുടർച്ചയായ മൂന്നാം വിജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയിൽ ഏഴാംസ്ഥാനത്തേക്ക് കയറിയപ്പോൾ ഏഴാം തോൽവിയുമായി ഗുജറാത്ത് ഒൻപതാം സ്ഥാനത്തേക്കിറങ്ങി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ബെംഗളൂരുവിന് മുഹമ്മദ് സിറാജ് മിന്നും തുടക്കം നൽകി. വൃദ്ധിമാൻ സാഹയെയും ശുഭ്മാൻ ഗില്ലിനെയും രണ്ടക്കം തികക്കും മുമ്പേ സിറാജ് മടക്കി. തകർച്ചയിലേക്ക് പോകുകയായിരുന്ന ഗുജറാത്ത് ഇന്നിങ്സിന് ഷാരൂഖ് ഖാൻ (37), ഡേവിഡ് മില്ലർ (30), രാഹുൽ തീവാത്തിയ (35) എന്നിവർ ചേർന്നാണ് ജീവൻ നൽകിയത്. രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തിയ യാഷ് ദയാൽ, വിജയകുമാർ വൈശാഖ് എന്നിവരും ബെംഗളൂരുവിനായി തിളങ്ങി.
റൺറേറ്റുയർത്താനായി അതിവേഗമാണ് ആർ.സി.ബി ഓപ്പണർമാർ സ്കോർ ചെയ്തത്. 64 റൺസുമായി ഡുെപ്ലസിസ് മടങ്ങുമ്പോഴേക്കും 5.5 ഓവറിൽ സ്കോർ 92 റൺസിൽ എത്തിയിരുന്നു. എന്നാൽ തുടർന്ന വന്ന വിൽ ജാക്സ്, രജത് പട്ടീഥാർ, െഗ്ലൻ മാക്സ് വെൽ, കാറമൂൺ ഗ്രീൻ എന്നിവർ പെട്ടെന്ന് പുറത്തായത് ആർ.സി.ബിയെ ഒരുവേള സമ്മർദ്ദത്തിലാക്കി. നാലുവിക്കറ്റെടുത്ത ജോഷ്വ ലിറ്റിലും രണ്ടുവിക്കറ്റെടുത്ത നൂർ അഹ്മദുമാണ് ബെംഗളൂരുവിനെ വരിഞ്ഞുമുറുക്കിയത്. എന്നാൽ അതിവേഗം താളം കണ്ടെത്തിയ ദിനേശ് കാർത്തിക് ആർ.സി.ബിയെ വിജയത്തിലേക്ക് നടത്തുകയായിരുന്നു.