ഹൈദരാബാദ് റീലോഡഡ്; ഐപിഎല്ലിലെ ഉയർന്ന രണ്ടാമത്തെ സ്‌കോർ, 286-6
ഇഷാൻ കിഷൻ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു


ഹൈദരാബാദ്: അഭിഷേക് ശർമ തിരികൊളുത്തി. ട്രാവിസ് ഹെഡും ഇഷാൻ കിഷനും കത്തികയറി. കാമിയോ റോളിൽ ഹെൻറിച് ക്ലാസന്റെ പകർന്നാട്ടം. ഐപിഎൽ പുതിയ സീസണിൽ രാജസ്ഥാനെതിരെ 286 റൺസിന്റെ റെക്കോർഡ് സ്‌കോർ പടുത്തുയർത്തി തുടക്കം ഗംഭീരമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ സെഞ്ച്വറിയുമായി(106) പുറത്താകാതെ നിന്നു. 47 പന്തിൽ 11 ഫോറും ആറ് സിക്‌സറും സഹിതമാണ് യുവതാരം 106 റൺസുമായി ഓറഞ്ച് ഓർമിയിലേക്കുള്ള വരവ് അവിസ്മരണീയമാക്കിയത്. അർധ സെഞ്ച്വറിയുമായി(31 പന്തിൽ 67) ട്രാവിസ് ഹെഡും മികച്ച പിന്തുണ നൽകി. ഹെന്റിച് ക്ലാസൻ(14 പന്തിൽ 34), നിതീഷ് കുമാർ റെഡ്ഡി(15 പന്തിൽ 30) എന്നിവരും തങ്ങളുടെ റോൾ ഭംഗിയാക്കി.
സ്വന്തം തട്ടകമായ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തുടക്കം മുതൽ അടിച്ചുകളിച്ച എസ്ആർഎച്ച് ആദ്യ 6 ഓവറുകളിൽ 94 റൺസ് സ്വന്തമാക്കി. 3.4 ഓവറുകളിലാണ് 50 റൺസ് നേടിയത്. ഹെഡും-അഭിഷേകും ചേർന്ന് തകർപ്പൻ തുടക്കമാണ് ആതിഥേയർക്ക് നൽകിയത്. സ്‌കോർ 45ൽ നിൽക്കെ അഭിഷേക് ശർമ(11 പന്തിൽ 24) മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഇഷാൻ-ഹെഡ് സഖ്യം അതിവേഗം സ്‌കോർ ഉയർത്തി. ഹെഡ് മടങ്ങിയെങ്കിലും അവസാന ഓവറുകളിൽ ഇഷാൻ കിഷനും ക്ലാസനും തകർത്തടിച്ചതോടെ ഉയർന്ന സ്‌കോറിലേക്ക് ഹൈദരാബാദ് കടന്നു. ബെംഗളൂരുവിനെതിരെ നേടിയ 287 റൺസാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ടോട്ടൽ.