പോള്‍ വാല്‍ത്താട്ടി മുതല്‍ കമ്രാന്‍ ഖാന്‍ വരെ; ഐ.പി.എല്ലിലെ വണ്‍ സീസണ്‍ വണ്ടറുകള്‍

അന്ന് പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ പേരിനെ മായ്ച്ചു കളയാനാവാത്ത വിധം അടയാളപ്പെടുത്തിയാണ് വാൽത്താട്ടി സീസൺ അവസാനിപ്പിച്ചത്

Update: 2025-03-25 10:10 GMT
പോള്‍ വാല്‍ത്താട്ടി മുതല്‍ കമ്രാന്‍ ഖാന്‍ വരെ; ഐ.പി.എല്ലിലെ വണ്‍ സീസണ്‍ വണ്ടറുകള്‍
AddThis Website Tools
Advertising

വർഷം 2011. ഓസീസ് ഇതിഹാസം ആദം ഗിൽക്രിസ്റ്റിന്റെ നേതൃത്വത്തിൽ പഞ്ചാബ് ഐ.പി.എല്ലിൽ പടക്കിറങ്ങിയ കാലമാണത്. ഗിൽക്രിസ്റ്റിനൊപ്പം അക്കാലത്ത് പോൾവാൽത്താട്ടി എന്നൊരു 27 കാരനാണ് പഞ്ചാബ് ഇന്നിങ്‌സ് ഓപ്പൺ ചെയ്തിരുന്നത്. ഐ.പി.എല്ലിൽ പറയാൻ മാത്രം വലിയ കണക്കുകളൊന്നും അന്ന് വാൽത്താട്ടിയുടെ കരിയർ ബുക്കിലില്ല. അത് കൊണ്ട് തന്നെ എതിർ ടീം നായകരൊന്നും അയാളെ കണക്കിൽ പോലും പെടുത്തിയിരുന്നില്ല. 2011 ഏപ്രിൽ 13. മൊഹാലിയിലന്ന് മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് പഞ്ചാബിനെ നേരിടുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അർധ സെഞ്ച്വറി നേടിയ മുരളി വിജയുടെയും എസ്. ബദ്രീനാഥിന്റേയും മികവിൽ 188 റൺസ് പടുത്തുയർത്തി. അവസാന ഓവറുകളിൽ കത്തിക്കയറിയ എം.എസ് ധോണിയും ചെന്നൈ ഇന്നിങ്‌സിന് നിർണായക സംഭാവനകൾ നൽകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് അഞ്ചോവറിൽ തന്നെ 50 കടന്നു. എന്നാൽ ആറാം ഓവറിൽ അവർക്ക് ക്യാപ്റ്റൻ ഗിൽക്രിസ്റ്റിനെ നഷ്ടമായി. പോൾവാൽത്താട്ടി ക്രീസിൽ നിലയുറപ്പിക്കാൻ തന്നെ തീരുമാനിച്ചു. ആൽബി മോർക്കലും ടിം സൗത്തിയും ആർ.അശ്വിനുമടക്കം ചെന്നൈ നിരയിലെ വൻ തോക്കുകളൊക്കെ അയാളുടെ ബാറ്റിന്റെ ചൂട് ആവോളമറിഞ്ഞു. ഏഴാം ഓവറിലെ അവസാന പന്തിൽ വാൽത്താട്ടി അർധ സെഞ്ച്വറിയിൽ തൊട്ടു. അതും വെറും 23 പന്തിൽ.. ഒമ്പത് ഫോറും ഒരു സിക്‌സും അതിനോടകം അയാളുടെ ബാറ്റിൽ നിന്ന് പ്രവഹിച്ച് കഴിഞ്ഞിരുന്നു. വാൽത്താട്ടിയെ വീഴ്ത്താൻ പത്താം ഓവറിൽ ധോണി സ്‌കോട്ട് സ്‌റ്റെറിസിനെ ആവനാഴിയിൽ നിന്ന് പുറത്തെടുത്തു. ആ ഓവറിൽ ഒരു സിക്‌സും, ഫോറും പായിച്ച് വാൽത്താട്ടി സ്റ്റെറിസിനെ സ്വാഗതം ചെയ്തു.

തൊട്ടടുത്ത ഓവറിൽ ഷോൺ മാർഷ് വീണു. പക്ഷെ വാൽത്താട്ടി മാത്രം ധോണിയൊരുക്കിയ കെണികളിലൊന്നും തലവച്ചില്ല. 11ാം ഓവറിൽ തന്നെ വാൽതാട്ടി പഞ്ചാബ് സ്‌കോർ 100 കടത്തി. പക്ഷെ ഒരു വശത്ത് വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു. സണ്ണി സിങ്ങും അഭിഷേക് നായറും അടുത്തടുത്ത പന്തുകളിൽ കൂടാരം കയറിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി. ദിനേശ് കാർത്തിക് ക്രീസിലെത്തി. 16ാം ഓവറിൽ വാൽത്താട്ടി 90 കടന്നു. 17ാം ഓവർ എറിയാനെത്തിയത് ആൽബി മോർക്കൽ. ആദ്യ പന്തിനെ മിഡ് വിക്കറ്റിലൂടെ അതിർത്തി കടത്തിയ വാൽത്താട്ടി 97 ലെത്തി. സമ്മർദത്തിന്റെ കൊടുമുടിയിലായിരുന്നിരിക്കണം അയാളപ്പോൾ. പക്ഷെ തൊട്ടടുത്ത പന്തിനെ തേർഡ് മാനിലൂടെ ബൗണ്ടറിയിലേക്കയച്ച് അയാൾ സമ്മർദത്തേയും ഹെൽമറ്റിനേയും ഒരുമിച്ച് തലയിൽ നിന്നൂരി. മഹേന്ദ്ര സിങ് ധോണി ബൗണ്ടറിയിലേക്ക് തന്നെ നോക്കി നിന്നു.. ''എ ഹണ്ട്രഡ് ദാറ്റ് യു വിൽ റിമമ്പർ ഫോർ എ വെരി വെരി ലോങ് ടൈം.'' കമന്ററി ബോക്‌സിൽ നിന്ന് ഹർഷാ ബോഗ്ലെയുടെ ശബ്ദമുയർന്നു. മോർക്കലെറിഞ്ഞ മൂന്നാം പന്തിനെയും അതിർത്തി കടത്തി വാൽത്താട്ടി ആ സെഞ്ച്വറിക്ക് ഇരട്ടിമധുരം പകർന്നു.

വെറും 52 പന്തിലാണന്നയാൾ മൂന്നക്കം തൊട്ടത്. പിന്നെയൊരിക്കൽ പോലും ധോണിക്കയാളെ വീഴ്ത്താനായില്ല. 19ാം ഓവറിലെ ആദ്യ പന്തിൽ ഷദാബ് ജഗതിയെ സിക്‌സർ പറത്തി കാർത്തിക്ക് പഞ്ചാബിന് വിജയം സമ്മാനിക്കുമ്പോൾ മൊഹാലി ഗാലറിയിൽ നിന്ന് അന്ന് ഉയർന്ന് കേട്ടത് ഒരേ ഒരു പേര് മാത്രം. പോൾ ചന്ദ്രശേഖർ വാൽത്താട്ടി. സീസണിൽ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ പേരിനെ മായ്ച്ചു കളയാനാവാത്ത വിധം അടയാളപ്പെടുത്തിയാണ് വാൽത്താട്ടി ആ സീസൺ അവസാനിപ്പിച്ചത്.

ധോണിപ്പടയെ കശക്കിയെറിഞ്ഞ മത്സരം കഴിഞ്ഞ് തൊട്ടടുത്ത പോരാട്ടത്തിൽ നാല് വിക്കറ്റും 75 റൺസുമായി വാൽത്താട്ടി ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. സീസണിൽ 35.61 ആവറേജിൽ 463 റൺസാണ് അയാൾ ആകെ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും പഞ്ചാബ് ജേഴ്‌സിയിൽ വാൽത്താട്ടി തന്റെ പേരില്‍ കുറിച്ചു. എന്നാൽ ആ സീസണ് ശേഷം വാൽത്താട്ടിയെന്ന പേര് ക്രിക്കറ്റ് ലോകത്താരും അധികം കേട്ടിട്ടില്ല. പരിക്കും ഫോമില്ലായ്മയും വലച്ച താരം 2012 സീസണിൽ ആകെ ആറ് മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. അതിലാകെ സ്‌കോർ  ചെയ്തത്  30 റൺസ്. 2013 ൽ കളത്തിലിറങ്ങിയത് വെറും ഒരേ ഒരു മത്സരത്തിൽ. വൺ സീസൺ വണ്ടറായിരുന്നെങ്കിലും 2011 ലെ വാൽത്താട്ടി ക്രിക്കറ്റ് ആരാധകർക്കിന്നും ത്രസിപ്പിക്കുന്ന ഓർമയാണ്.

വൺ സീസൺ വണ്ടറുകൾ അതിനും മുമ്പും ശേഷവുമൊക്കെ ഒരുപാടുണ്ടായിട്ടുണ്ട് ഐ.പി.എല്ലില്‍. 2008 ൽ ഷെയിൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ നടത്തിയ പടയോട്ടത്തിൽ ഉച്ചത്തിൽ മുഴങ്ങിക്കേട്ട പേരായിരുന്നു 26 കാരന്‍ സ്വപ്‌നിൽ അസ്‌നോദ്കറിന്റേത്. രാജസ്ഥാന്‍ കിരീടം ചൂടിയ സീസണില്‍ 311 റണ്‍സുമായി അസ്നോദ്കര്‍ പടനയിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അസ്നോദ്കറിന്‍റെ ഫിയര്‍ലെസിങ് ബാറ്റിങ് അക്കാലത്ത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി.  ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തും അസ്നോദ്കറുമായിരുന്നു പ്രഥമസീസണില്‍ രാജസ്ഥാന്‍റെ ഓപ്പണിങ് ജോഡി. ഓപ്പണിങ് വിക്കറ്റില്‍ 418 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രാജസ്ഥാന്‍ സ്കോര്‍ബോര്‍ഡിന് സംഭാവന നല്‍കിയത്.  രാജസ്ഥാന്‍റെ കിരീടനേട്ടത്തില്‍ ഈ കൂട്ടുകെട്ട് നിര്‍ണായക റോളാണ് വഹിച്ചത്. എന്നാല്‍ തുടര്‍ന്ന് വന്ന  മൂന്ന് സീസണുകളില്‍ അമ്പേ നിറംമങ്ങിയ സ്വപ്നില്‍ വണ്‍ സീസണ്‍ വണ്ടറുകളുടെ കൂട്ടത്തിലെ ആദ്യ പേരുകാരനായി. 

2009 ല്‍ ഷെയിന്‍ വോണിന്‍റെ സംഘത്തിലെ വേഗപ്പന്തുകാരന്‍ കമ്രാന്‍ ഖാന്‍, അതേ സീസണില്‍ ഡെക്കാണ്‍ ചാര്‍ജേഴ്സിനായി കളംനിറഞ്ഞ തിരുമലസെട്ടി സുമന്‍,   2010 സീസണില്‍ മുംബൈയുടെ ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായക റോള്‍ വഹിച്ച സൗരഭ് തിവാരി, 2012 ല്‍ കൊല്‍ക്കത്തയെ കിരീടത്തലേക്ക് നയിച്ച മന്‍വീന്ദര്‍ ബിസ്ല, 2008 ല്‍ ചെന്നൈ നിരയിലുണ്ടായിരുന്ന മന്‍പ്രീത് ഗോണി അങ്ങനെയങ്ങനെ ഐ.പി.എല്ലിലെ വണ്‍സീസണ്‍ വണ്ടറുകളുടെ നിരയിങ്ങനെ നീണ്ടു നീണ്ട് പോവുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News