മീഡിയം പേസറിൽ നിന്ന് ലെഗ്‌സ്പിന്നറിലേക്ക്'; വിഘ്‌നേഷ് പുത്തൂരിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഷരീഫ് ഉസ്താദ്
''ക്യാമ്പിലേക്ക് എന്റെ ബൈക്കിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു പോയിരുന്നത്. നടുറോഡിലായിരുന്നു തുടക്കത്തിൽ ഞാനും അവനും പ്രാക്ടീസ് ചെയ്തത്'


മലപ്പുറം: ഐപിഎല്ലിലെ ഒരൊറ്റ മത്സരംകൊണ്ട് സാക്ഷാൽ ധോണിയുടെ വരെ അഭിനന്ദനത്തിന് വരെ അർഹനായ മലപ്പുറത്തുകാരൻ വിഘ്‌നേഷ് പുത്തൂരിന്റെ കരിയറില്‍ വഴിത്തിരിവായത് അയല്‍ക്കാരന്‍ ഷരീഫ് ഉസ്താദ്.
മുംബൈ ഇന്ത്യന്‍സില്‍ എത്തിയത് തന്റെ പ്രയത്നം കൊണ്ടാണെങ്കിലും ഒരു കൈ സഹായം ഷരീഫ് ഉസ്താദിന്റേത് ആയിരുന്നു. മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്ന ഷരീഫാണ് വിഘ്‌നേഷിന്റെ കഴിവ് തിരിച്ചറിയുന്നതും തന്റെ കൂടെ ക്യാംപിലേക്ക് കൊണ്ടുപോകുന്നതും. വിഘ്‌നേഷിനെക്കുറിച്ച് ഷരീഫ് പറയുന്നത് ഇങ്ങനെ;
" ക്യാമ്പിലേക്ക് എന്റെ ബൈക്കിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു പോയിരുന്നത്. നടുറോഡിലായിരുന്നു തുടക്കത്തിൽ ഞാനും അവനും പ്രാക്ടീസ് ചെയ്തത്. നാട്ടിൽ അത്യാവശ്യം ക്രിക്കറ്റ് കളിച്ചിരുന്നയാളാണ് ഞാൻ. കളിയെ സീരിയസായി തന്നെ സമീപിച്ചത് കൊണ്ട് വിജയൻ സാറിന്റെ ക്യാമ്പിൽ പരിശീലനത്തിന് പോയിരുന്നു.
പരിശീലനത്തിനിടെ ലഭിക്കുന്ന ടെക്നിക്കുകളും മറ്റും നാട്ടിൽ കളിക്കുന്നവർക്ക് കൂടി പറഞ്ഞുകൊടുക്കുമായിരുന്നു. അവിടെ കളിക്കാനെത്തിയതായിരുന്നു കണ്ണൻ(വിഘ്നേഷ്). മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അവൻ. ആരും ഒന്നും പറഞ്ഞുകൊടുക്കാതെ തന്നെ അവന്റെയുള്ളിൽ നാചുറൽ ടാലന്റ് കാണാമായിരുന്നു.
നാട്ടിൻപുറത്തെ കളിക്ക് പുറമെ വീടിനടുത്തുള്ള റോഡിൽ ഞാനും അവനും സ്റ്റിച്ചിൽ പരിശീലിക്കുമായിരുന്നു. ഇവൻ പാടത്ത് കളിക്കേണ്ടവനല്ല, ക്യാമ്പിലേക്കാണ് പോകേണ്ടത് മനസിലാക്കി തന്റെ പരിശീലകനായ വിജയൻ സാറിനോട് ഞാൻ കണ്ണന്റെ കാര്യം പറഞ്ഞു. അങ്ങനെ വീട്ടുകാരുമായി സംസാരിച്ച് ഞാൻ തന്നെയാണ് വിജയൻ സാറിന്റെ ക്യാമ്പിലെത്തിക്കുന്നത്.
തുടക്കത്തിൽ അവൻ മീഡിയം പേസറായിരുന്നു. ഇടത് കൈ കൊണ്ട് എറിഞ്ഞിരുന്നത്. ഇടത് കൈ കൊണ്ട് ലെഗ്സിപിൻ എറിയാൻ കഴിഞ്ഞാൻ അത് മുതൽക്കൂട്ടാവുമെന്ന് ഞാൻ അവനോട് പറഞ്ഞുകൊടുത്തു. കാരണം അങ്ങനെയുള്ളവർ ക്രിക്കറ്റിൽ അപൂർവമാണ്. പറഞ്ഞുകൊടുത്തുവെന്നേയുള്ളൂ.
അവന് അത് മനോഹമായി ചെയ്തു. വിജയൻ സാറിന്റെ അടുത്ത് എത്തിയതോടെ സാറ് അത് കൂറേ കൂടി വൃത്തിയായി ചെയ്യാൻ പഠിപ്പിച്ചു. ഞാൻ അണ്ടർ 19 ജില്ല തലം വരെ കളിച്ചു. പിന്നീട് ക്രിക്കറ്റിന് പിറകെ പോകാൻ കഴിഞ്ഞില്ല. വിഘ്നേഷ് നല്ല ടാലന്റ് ഉള്ളത് കൊണ്ട് ട്രാക്കിലേക്ക് കയറി." ഷരീഫ് പറഞ്ഞു.
Watch Video Report