"എനിക്കെന്‍റെ കണ്ണീരിനെ നിയന്ത്രിക്കാനായില്ല"; കോഹ്‍ലിയുടെ അമൂല്യ സമ്മാനത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് സച്ചിന്‍

തന്‍റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായൊരു വസ്തു താനേറെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് സമ്മാനിക്കുന്നതിനേക്കാൾ വലുതായെന്തുണ്ടെന്ന് കോഹ്‍ലി

Update: 2022-02-18 02:45 GMT
Advertising

2013 ൽ ക്രിക്കറ്റിനോടു വിടപറയുന്ന വൈകാരിക നിമിഷത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തനിക്ക് നൽകിയ അമൂല്യസമ്മാനത്തെക്കുറിച്ച് ഓർത്തെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ.  അവസാന ടെസ്റ്റിന് ശേഷം നടത്തിയ വിടവാങ്ങൽ പ്രസംഗത്തിനു ശേഷം ടീം ഡ്രസ്സിങ് റൂമിൽ നിറകണ്ണുകളോടെ ഇരുന്ന തന്‍റെയടുത്തേക്ക് വിരാട് കോഹ്‍ലി എത്തി ഒരമൂല്യ സമ്മാനം നൽകിയെന്നും തനിക്ക് തന്‍റെ കണ്ണീരിനെ നിയന്ത്രിക്കാനായില്ലെന്നും സച്ചിൻ പറഞ്ഞു.

"വിടവാങ്ങൽ പ്രസംഗത്തിന് ശേഷം ഞാൻ ഡ്രസ്സിങ് റൂമിലേക്ക് നടന്നു. അത്യന്തം വൈകാരികമായിരുന്നു ആ നിമിഷങ്ങൾ. ഡ്രസ്സിങ് റൂമിന്‍റെ ഒരറ്റത്ത് കയ്യിലൊരു തൂവാലയും പിടിച്ച് ഞാൻ കണ്ണീരോടെ ഇരുന്നു. പല ഓർമകളും മനസ്സിലേക്ക് ഓടിയെത്തി. ആ സമയത്താണ് വിരാട് എന്റെ അടുക്കലേക്ക് വരുന്നത്. അദ്ദേഹം ഒരു  ചരട് എന്‍റെ കയ്യിൽ വച്ചു തന്നു.  തന്‍റെ അച്ഛൻ തനിക്ക് നൽകിയ അമൂല്യമായൊരു സമ്മാനമാണതെന്നും അത് എനിക്ക് സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവന്‍ എന്നോടുപറഞ്ഞു. എനിക്കെന്‍റെ കണ്ണീരിനെ നിയന്ത്രിക്കാനായില്ല.  കുറച്ചു നേരം ആ ചരട് ഞാനെന്‍റെ കയ്യിൽ വച്ച ശേഷം കോഹ്ലിക്ക് തന്നെ  തിരിച്ചു നൽകി. ഇത് ഏറെ അമൂല്യമാണെന്നും അച്ഛൻ നൽകിയത് കൊണ്ട് മരണം വരെ ഇത് നിന്റെ കയ്യിൽ തന്നെ ഉണ്ടാവണമെന്നും ഞാനവനോട് പറഞ്ഞു"- സച്ചിൻ ഓര്‍ത്തടുത്തു

ഇതിനെക്കുറിച്ച് കോഹ്ലിയോട് ചോദിച്ചപ്പോൾ കോഹ്ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

"ഇന്ത്യയിൽ സാധാരണയായി ആളുകൾ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ചരടുകൾ കയ്യിൽ അണിയാറുണ്ട്. ഒരിക്കൽ എന്‍റെ അച്ഛൻ എനിക്ക് സമ്മാനിച്ചതായിരുന്നു ആ ചരട്. അത്രമേൽ അമൂല്യമായി ഞാൻ അതിനെ എന്‍റെ ബാഗിൽ സൂക്ഷിച്ചു. എന്നാൽ സച്ചിൻ വിരമിക്കുന്ന സമയത്ത് എനിക്കത് അദ്ദേഹത്തിന് സമ്മാനിക്കണമെന്ന് തോന്നി. എന്‍റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായൊരു വസ്തു ഞാനേറെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് സമ്മാനിക്കുന്നതിനേക്കാൾ വലുതായെന്തുണ്ട്. ഇതിനേക്കാൾ വലുതൊന്നും എനിക്ക് നിങ്ങൾക്ക് നൽകാനില്ലെന്നും നിങ്ങൾ എന്നെ പ്രചോദിപ്പിച്ചതു പോലെ മറ്റാരും എന്നെ പ്രചോദിപ്പിച്ചിട്ടില്ലെന്നും ഞാൻ സച്ചിനോട് പറഞ്ഞു."- കോഹ്‍ലി പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News