'ലാപ്ടോപ്പിനെന്താ ഡ്രെസിങ് റൂമില്‍ കാര്യം ?'- ക്രിക്കറ്റില്‍ സാങ്കേതികവിദ്യ കൊണ്ടുവന്ന മാറ്റങ്ങള്‍ ഓര്‍മിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
''പുതിയ കാര്യങ്ങൾ സ്വീകരിക്കാൻ പഠിച്ചാൽ മാത്രമേ എല്ലാ സാഹചര്യങ്ങളോടും നമ്മുക്ക് പൊരുത്തപ്പെടാൻ സാധിക്കുകയുള്ളൂ, ടീം മീറ്റുകൾ ഇപ്പോൾ പഴയപോലെയല്ല, കഴിഞ്ഞ കളിയുടെ ഓർമയിൽ മാത്രം അവലോകനം നടത്തിയ ടീം മീറ്റുകളിൽ നിന്ന് ഒരുപാട് മാറി''- സച്ചിൻ പറഞ്ഞു.
ദിനംപ്രതി മാറികൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ ലോകത്തിന്റെ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങളാണുണ്ടായത്. ആ മാറ്റം കായികമേഖലയിലും പ്രതിഫലിച്ചിട്ടുണ്ട്. കായികതാരങ്ങൾക്കും ആസ്വാദകർക്കും ഇത് കൂടുതൽ സൗകര്യങ്ങൾ നൽകി. കായികതാരങ്ങൾക്ക് തങ്ങളുടെ കഴിവുകളും കഴിവുകേടും മനസിലാക്കാനും സാങ്കേതികവിദ്യ സഹായകമാകാറുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ സാങ്കേതികവിദ്യ ക്രിക്കറ്റിൽ കൊണ്ടുവന്ന മാറ്റത്തെ ഓർമിക്കുകയാണ് ഇപ്പോൾ. 2002 ൽ നടന്ന ഒരു സംഭവത്തെയാണ് സച്ചിൻ ഓർമിച്ചെടുക്കുന്നത്.
'' സാങ്കേതികവിദ്യ എല്ലാം മാറ്റിമറിച്ചു, 2002ൽ ഡ്രെസിങ് റൂമിൽ ആരോ ഒരു ലാപ്‌ടോപ്പ് കൊണ്ടുവന്നു, അപ്പോൾ ഞാൻ അത്ഭുതത്തോടെ ചോദിച്ചു, ഡ്രെസിങ് റൂമിൽ ലാപ്‌ടോപ്പിനെന്ത് കാര്യം?''.
ആ കാലത്ത് നിന്ന് ഏറെ മുന്നോട്ടു പോയി ഇന്ന് ഇന്ത്യൻ ടീമിന്റെ കളിമികവ് രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യ സുപ്രധാനപങ്ക് വഹിക്കുന്നുണ്ട്. കളിക്കാർക്ക് അവരുടെ പിഴവുകൾ മനസിലാക്കാൻ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
''പുതിയ കാര്യങ്ങൾ സ്വീകരിക്കാൻ പഠിച്ചാൽ മാത്രമേ എല്ലാ സാഹചര്യങ്ങളോടും നമ്മുക്ക് പൊരുത്തപ്പെടാൻ സാധിക്കുകയുള്ളൂ, ടീം മീറ്റുകൾ ഇപ്പോൾ പഴയപോലെയല്ല, കഴിഞ്ഞ കളിയുടെ ഓർമയിൽ മാത്രം അവലോകനം നടത്തിയ ടീം മീറ്റുകളിൽ നിന്ന് ഒരുപാട് മാറി''- സച്ചിൻ പറഞ്ഞു.
'' ഉദാഹരണമായി അന്നൊക്കെ നമ്മൾ പറഞ്ഞിരുന്നത്, മെൽബണിൽ നമ്മൾ പുറത്തായത് ഓർമയില്ലേ, എന്നായിരുന്നു. ഇപ്പോൾ ഓരോ കളിക്കാരനും മുമ്പിൽ ആ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണ്.''- സച്ചിൻ കൂട്ടിച്ചേർത്തു.
നമ്മുടെ കളിയെക്കുറിച്ച് നിരവധി ടെക്‌നികൽ അസസ്‌മെന്റ് റിപ്പോർട്ടുകൾ നമ്മുക്ക് ലഭിക്കുമെന്നും പക്ഷേ അതിനെക്കാൾ കൂടുതൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എതിർ ബോളർമാരുടെ പ്രകടനത്തെയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.