'എന്നെ ആരും ടീമിലെടുക്കാത്തത് എന്താണെന്ന് അറിയില്ല, ഞെട്ടിപ്പോയി': സന്ദീപ് ശർമ്മ

ഐ.പി.എൽ ലേലത്തിൽ 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.എന്നാല്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല.

Update: 2022-12-27 14:16 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: 2023 സീസണിലെ ഐ.പി.എൽ ലേലത്തിൽ ആരും എടുക്കാത്തതിലെ അതൃപ്തി വ്യക്തമാക്കി പേസർ സന്ദീപ് ശർമ്മ. നന്നായി തിളങ്ങിയിട്ടും ആരും ടീമിലെടുക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും 'അൺസോൾഡ്' ആയപ്പോൾ ഞെട്ടിപ്പോയെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സന്ദീപ് ശർമ്മ പറഞ്ഞു.

'എന്തുകൊണ്ടാണ് എന്നെ ആരും എടുക്കാത്തത് എന്ന് എനിക്കറിയില്ല. ഏത് ടീമിന് വേണ്ടി കളിച്ചപ്പോഴും മികച്ചതാക്കിയിരുന്നു. ഏതെങ്കിലും ടീം എനിക്ക് വേണ്ടി ലേലം വിളിക്കുമെന്ന് ആത്മാര്‍ത്ഥമായി കരുതി. സത്യം പറഞ്ഞാല്‍ ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല. എവിടെയാണ് പിഴച്ചതെന്ന് പോലും അറിയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഞാന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. രഞ്ജി ട്രോഫിയില്‍ അവസാന റൗണ്ടില്‍ ഞാന്‍ ഏഴ് വിക്കറ്റ് വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലിയില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു'- സന്ദീപ് ശർമ്മ വ്യക്തമാക്കി. 

ഐ.പി.എൽ ലേലത്തിൽ 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.എന്നാല്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല. 10 ഐപിഎല്‍ സീസണാണ് സന്ദീപ് ശര്‍മ കളിച്ചത്. 7.77 എന്ന ഇക്കണോമിയില്‍ 114 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കളിക്കാരില്‍ 13ാം സ്ഥാനത്താണ് സന്ദീപ് ശര്‍മ. പഞ്ചാബ് കിങ്സിലാണ് താരം അവസാനമായി പന്ത് എറിഞ്ഞത്.  ഇന്ത്യയ്ക്കായി രണ്ട് രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.  

കൊച്ചിയിലാണ് അടുത്ത വർഷത്തേക്കുള്ള ഐപിഎൽ ലേലം നടന്നത്.ഇംഗ്ലണ്ടിന്റെ സാം കറനായിരുന്നു തിളങ്ങിയത്. 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ഇതോടെ 24 കാരനായ സാം കറന്‍  ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി. പിന്നാലെ ആസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സ് 17.5 കോടി രൂപയ്ക്കും സ്വന്തമാക്കി. ബെന്‍ സ്റ്റോക്സ് (16.25 കോടി), നിക്കോളാസ് പൂരന്‍ (16 കോടി), ഹാരി ബ്രൂക്ക് (13.25 കോടി) എന്നിവരാണ് ലേലത്തില്‍ വന്‍ തുക നേടിയ മറ്റ് താരങ്ങള്‍. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News