ഗംഭീർ യുഗത്തിൽ ശൈലി മാറി ടീം ഇന്ത്യ; ഗ്വാളിയോറിൽ സഞ്ജുവിനും ഹാർദികിനും കൈയ്യടി

ബുധനാഴ്ച അരുൺജെയ്റ്റിലി സ്റ്റേഡിയത്തിലാണ് അടുത്ത ടി20 മത്സരം

Update: 2024-10-07 10:35 GMT
Editor : Sharafudheen TK | By : Sports Desk
Advertising

 ഓപ്പണിങ് റോളിൽ ഇറങ്ങി തന്റെ ക്ലാസ് അടയാളപ്പെടുത്തിയ ടിപ്പിക്കൽ സഞ്ജു സാംസൺ ഇന്നിങ്‌സ്... നോ ലുക്ക് ഷോട്ടുമായി ഫിനിഷറുടെ റോളിൽ ഹാർദിക് പാണ്ഡ്യ. സ്വതസിദ്ധമായ ശൈലിയിൽ സൂര്യകുമാർ യാദവ്... ഇന്ത്യൻ താരങ്ങളുടെ മാസ്മരിക പ്രകടനത്തിനാണ് ഗ്വാളിയോർ മാധവറാവു സിന്ധ്യ ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. സഞ്ജുവിന്റേത് ക്ലാസ് എങ്കിൽ പാണ്ഡ്യയുടെത് മാസ്.

 ശുഭ്മാൻഗില്ലും യശസ്വി ജയ്‌സ്വാളുമില്ലാത്ത ടി20 ടീമിൽ ഓപ്പണിങ് റോളിലേക്ക് പ്രൊമോഷൻ ലഭിച്ച സഞ്ജുവിന് തെളിയിക്കാനേറെയുണ്ടായിരുന്നു. ബംഗ്ലാദേശിന്റെ വിജയലക്ഷ്യമായ 128 റൺസ് തേടി യുവതാരം അഭിഷേക് ശർമക്കൊപ്പം ക്രീസിലേക്ക് നടന്നടുക്കുമ്പോൾ  ശരീരഭാഷയിൽ കോൺഫിഡൻസ് പ്രകടമായിരുന്നു. ഷൊരീഫുൽ ഇസ്‌ലാം എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്ത് ഡീപ് ബാക് വേഡ് സ്‌ക്വയറിലേക്ക് കളിച്ച് ഒരു റൺ. മൂന്നാം പന്തിൽ സഞ്ജു വീണ്ടും സ്‌ട്രൈക്കിങ് എൻഡിൽ. ഷൊരീഫുൽ ഇസ്മാലിന്റെ ഇൻസ്വിങ് ബോളിനെ മനോഹരമായൊരു സ്‌ട്രേറ്റ് ഡ്രൈവിലൂടെ ബൗണ്ടറി. ഓവറിലെ അവസാന പന്തിൽ മിഡ്ഓഫിലൂടെ വീണ്ടും അതിർത്തി കടത്തി. ആദ്യ ഓവറിൽതന്നെ കോൺഫിഡൻസ് നൽകിയ രണ്ട് ബൗണ്ടറികൾ. അനാവശ്യ ഷോട്ടുകളില്ല,തിടുക്കമില്ല. സെൻസിബിൾ തുടക്കം.

 ഷൊരീഫുൽ ഇസ്‌ലാമിന്റെ പന്തുകളെ സഞ്ജു മുൻപ് നേരിട്ടത് കഴിഞ്ഞ ടി20 ലോകകപ്പിന് മുൻപായുള്ള സന്നാഹമത്സരത്തിലായിരുന്നു. അന്നും മലയാളി താരം ഓപ്പണറുടെ റോളിൽ. ബംഗ്ലാദേശ് പേസറുടെ ഇൻസ്വിങ്‌റിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി ഒരു റണ്ണുമായി പുറത്ത്. ഗ്വാളിയോറിലും സഞ്ജുവിന് നേരെ താരം ഇൻസ്വിംഗറുകൾ വീണ്ടും പ്രയോഗിച്ചു. എന്നാൽ ആ കെണിയിൽ വീഴാൻ 29 കാരൻ തയാറായിരുന്നില്ല. കോപ്പിബുക്ക് ഷോട്ടുകളിലൂടെ കൃത്യമായ മറുപടി. പിഴവുകളിൽ നിന്ന് പാഠം ഉൾകൊണ്ട് പക്വതയോടെയുള്ള ബാറ്റിങ് പ്രകടനം. മറുഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും റൺറേറ്റ് ഉയർത്തികൊണ്ട് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാൻ താരത്തിനായി. സൂര്യകുമാർ യാദവ് സ്വതസിദ്ധമായ ശൈലിയിൽ തകർത്തടിക്കുമ്പോൾ മറുഭാഗത്ത് ഓഫിലും ലെഗിലുമായി ബൗണ്ടറി ലൈനിലേക്ക് പന്തിനെ വരച്ചിടുകയായിരുന്നു സഞ്ജു. ഒടുവിൽ മെഹ്ദി ഹസന്റെ പന്തിനെ മിഡ് വിക്കറ്റിലൂടെ സിക്‌സർ പറത്താനുള്ള ശ്രമം പിഴച്ചു. ബൗണ്ടറി ലൈനിൽ റിഷാദ് ഹുസൈൻ പിടിച്ച് 29 റൺസുമായി പുറത്ത്. ഔട്ടായതിന്റെ നിരാശ പരസ്യമായി പ്രകടമാക്കിയായിരുന്നു ഡഗൗട്ടിലേക്ക് നടന്നടുത്തത്. മികച്ച ടച്ചിൽ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അത്തരമൊരു പുറത്താകൽ.

മലയാളി താരത്തിന്റെ പ്രതിഭയുടെ മിന്നലാട്ടമാണ് ഇന്നലെ ഗ്വാളിയോർ സ്‌റ്റേഡിയത്തിൽ കണ്ടത്. വികൃതി പയ്യനിയിൽ നിന്ന് സഞ്ജു മികച്ചൊരു യൂട്ടിലിറ്റി പ്ലെയറായിരിക്കുന്നു. ഈ പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ കൂടിയുണ്ട്. ഗൗതം ഗംഗീർ യുഗത്തിൽ തുടർന്നും സഞ്ജുവിന് അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ടീം മാനേജ്‌മെന്റ് അയാളിൽ വിശ്വാസമർപ്പിച്ചാൽ വലിയ ഇന്നിങ്‌സുകൾ ആ ബാറ്റിൽ നിന്ന് കാണാനാകും. അതിലേക്കുള്ള സൂചന നൽകി കഴിഞ്ഞു.

 സഞ്ജുവിന്റേയും സൂര്യകുമാറിന്റെയും ബാറ്റിങ് പ്രകടനത്തിന് ശേഷം ഹാർദിക് പാണ്ഡ്യയുടെ ഊഴമായിരുന്നു ഗ്വാളിയോറിൽ. ക്രീസിലെത്തിയ ആദ്യ പന്തിൽ തന്നെ മെഹ്ദി ഹസനെ ബൗണ്ടറി പറത്തി മുംബൈ താരം നയം വ്യക്തമാക്കി. കഴിഞ്ഞ ടി20 ലോകകപ്പിൽ അവസാനിപ്പിച്ചിടത്തുനിന്നുള്ള പെർഫെക്ട് കംബാക്ക്. വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതൊന്നും പ്രകടനത്തെ ബാധിച്ചതേയില്ല. ടസ്‌കിൻ അഹമ്മദ് എറിഞ്ഞ 12ാം ഓവറിലെ മൂന്നാം പന്ത്. ആ ബാറ്റിങ് പ്രകടനം അവിശ്വസനീയമായിരുന്നു. ആത്മവിശ്വാസവും സ്വാഗും ആറ്റിറ്റിയൂഡുമെല്ലാം നിറഞ്ഞ ഒരു നോ ലുക്ക് അപ്പർകട്ട്. തൊട്ടടുത്ത പന്തുകളിൽ ബൗണ്ടറിയും സിക്‌സറും പറത്തി ഇന്ത്യൻ വിജയറണ്ണും കുറിച്ചു. ടി20യിൽ പുതിയ പാതയിലാണ് നീലപട. ഗംഭീർ യുഗത്തിൽ കളിശൈലിയിലും കാര്യമായ മാറ്റം. സൂര്യകുമാർ യാദവിന് കീഴിൽ ടി20 സ്‌പെഷ്യലിസ്റ്റ് ടീമിനെയൊരുക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News