ഇതുവരെ കണ്ടതല്ല, സഞ്ജുവിന് ഇനിയാണ് യഥാർഥ വെല്ലുവിളി
ഒരു മത്സരത്തിന്റെ വിധി നിർണയിക്കുന്ന ഗെയിം ചെയിഞ്ചിംഗ് ഓവറിനെപ്പോലെ ഒരുതാരത്തിന്റെ കരിയറിലും ഒരു ഗെയിം ചേഞ്ചിംഗ് മത്സരമോ ഒരു ടൂർണമെന്റോ ഉണ്ടാകും. പത്തുവർഷത്തിലേറെയായി ഐ.പി.എല്ലിൽ ബാറ്റേന്തുന്ന സഞ്ജു സാംസണിന്റെ കരിയറിലെ ഗെയിം ചേഞ്ചിങ് ടൂർണമെന്റായി 2024 ഐ.പി.എൽ സീസണിനെ കാണുന്നവർ ഏറെയുണ്ട്. കിരീടത്തിലേക്കുള്ള യാത്രയിൽ ടീം വീണുപോയെങ്കിലും സഞ്ജുവിന് തലയുയർത്താൻ ഏറെകാരണങ്ങളുള്ളതിനാലാണത്. ഇ.എസ്.പി.എൻ ക്രിക് ഇൻഫോ തെരഞ്ഞെടുത്ത ഐപിഎൽ ഇലവനിൽ ക്യാപ്റ്റനായി ഇടം പിടിച്ച സഞ്ജുവിന് വിമശനങ്ങളേറെ പറയാറുള്ള സുനിൽ ഗവാസ്കറുടെ ഐ.പി.എൽ ടീമിൽ പോലും ഇടം പിടിക്കാനായി.
2013 മുതൽ സഞ്ജു ഐപിഎല്ലിൽ കളിക്കുന്നുണ്ടെങ്കിലും ഒരു സീസണിൽ 500 റൺസ് പിന്നിടുന്നത് ഇതാദ്യമായായിരുന്നു. സഞ്ജുവെന്ന ക്യാപ്റ്റന്റെ മിടുക്കും പലകുറി സീസണിൽ കണ്ടു. പെയ്തുതീർന്ന ഐപിഎൽ ഐ.പി.എൽ ഒരു സാമ്പിളായിരുന്നുവെങ്കിൽ സഞ്ജുവിന് മുന്നിൽ യഥാർഥ ഉത്സവം കൊടിയേറുകയാണ്. പത്തുവർഷത്തിലേറെയായി ഒരു ഐസിസി ട്രോഫി പോലും ഇല്ലാത്ത ഇന്ത്യ പ്രതീക്ഷകളുടെ കൂമ്പാരങ്ങളുമായി ട്വന്റി 20 ലോകകപ്പിനൊരുങ്ങുകയാണ്. ടീമിലിടം പിടിച്ച സഞ്ജുവിനെ നിലവിലെ സാഹചര്യത്തിൽ േപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. ഏത് പൊസിഷനിൽ ബാറ്റ് ചെയ്യാനിറങ്ങും എന്നതടക്കമുള്ള അവ്യക്തതകളുണ്ടെങ്കിലും ടീമിനെ ചുമലിലേറ്റേണ്ട വലിയ ഉത്തരവാദിത്തങ്ങൾ സഞ്ജുവിനുണ്ടാകും. ട്വന്റി 20 ലോകകപ്പിലെ ഒരു മികച്ച പ്രകടനം സഞ്ജുവെന്ന താരത്തിന്റെ അന്താരാഷ്ട്ര കരിയറിനെ മാറ്റിക്കുറിച്ചേക്കാം. മോശം പ്രകടനങ്ങളാണെങ്കിൽ മറിച്ചും സംഭവിച്ചേക്കാം. പക്ഷേ വലിയ ആത്മവിശ്വാസത്തോടെയാണ് ക്രിക്കറ്റിലെ വലിയ വേദികളിലൊന്നിലേക്ക് സഞ്ജു പറക്കുന്നത്.
സ്റ്റാർ സ്പോർട്സുമായുള്ള സംഭാഷണത്തിൽ സഞ്ജു ആ ആത്മവിശ്വാസം തുറന്നുപറയുകയും ചെയ്തു. ‘‘സത്യത്തിൽ ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനെക്കുറിച്ച് അധികം പ്രതീക്ഷിച്ചിരുന്നില്ല. അത് വൈകാരികമായ ഒന്നായിരുന്നു. ടീം പ്രഖ്യാപനം വരുമ്പോൾ ഞാൻ രാജസ്ഥാൻ ടീമിനൊപ്പം മീറ്റിങ്ങിലായിരുന്നു. വാർത്തയറിഞ്ഞപ്പോൾ സഹതാരങ്ങളോടൊപ്പം തുള്ളിച്ചാടിപ്പോയി. കൂടെയുള്ളവർ എന്നേക്കാൾ സന്തോഷവാൻമാരായിരുന്നു. തൊട്ടുപിന്നാലെ തിരുവനന്തപുരത്തെത്തി കുടുംബത്തോടൊപ്പം രണ്ടുദിവസം സമയം ചിലവിട്ടു. ഞങ്ങളുടെ ചർച്ചിലും പോയി. വലിയ സന്തോഷമുള്ള ദിവസങ്ങളായിരുന്നു അത്’’.
‘‘തീർച്ചയായും ഞാൻ സെലക്ഷന് അരികിലായിരുന്നില്ല. ഇന്ത്യൻ ടീമിലുൾപ്പെടാൻ ഈ ഐപിഎല്ലിൽ സ്പെഷ്യലായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. അതിനായി ഞാൻ നേരത്തേ ഒരുങ്ങിയിരുന്നു. ഫോണുമായുള്ള എല്ലാ സമ്പർക്കവും മാറ്റിനിർത്തിയതാണ് ആദ്യത്തെ കാര്യം. അവസാനത്തെ രണ്ടുമൂന്നുമാസമായി ഫോൺ ഉപയോഗിച്ചിട്ടില്ലേയില്ല. കളിയിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ. ആ പ്രയത്നമാണ് ഇന്ത്യൻ ടീമിൽ എത്തിച്ചത്. ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 ടീമിനൊപ്പം ലോകകപ്പിൽ ഉൾപ്പെടാൻ വലിയ അർഹത വേണം. അതിനുള്ളത് പ്രാപ്തി എനിക്കുണ്ട്. സ്വന്തം പ്രതിഭയോട് നീതിപുലർത്തുക എന്നതാണ് ഇനി ചെയ്യാനുള്ളത്. അങ്ങനെ ചെയ്യുകയാണെങ്കിൽ ലോകവേദിയിൽ അതെന്റെ രാജ്യത്തിനും വലിയ നേട്ടമാകും. അത്തരം പ്രകടനങ്ങൾക്കായി ഞാൻ മനസ്സുകൊണ്ട് ഒരുങ്ങിയിരിക്കുന്നു. എന്റെ രാജ്യത്തിനായി വലിയ സംഭാവനകൾ നൽകാനാകുമെന്ന് തോന്നുന്നുണ്ട്’’ -സഞ്ജു പറഞ്ഞു.
വിദേശ താരങ്ങളടക്കം വലിയ പ്രതിഭയുണ്ടെന്ന് വിലയിരുത്തുമ്പോഴും ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇതുവരെയും തന്റെ സാന്നിധ്യം ഉറപ്പിക്കാനായിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതി നേടിയ സെഞ്ച്വറിയോടെ നീല ജേഴ്സിയിലും വരവറിയിച്ച സഞ്ജുവിന് ദേശീയ ടീമിനൊപ്പം ഇനിയും തെളിയിക്കാൻ ഏറെയുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയടക്കമുള്ളവർ യു.എസ്.എയിൽ എത്തിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ സഞ്ജു ദുബൈയിലാണുള്ളത്.