ഫോം തുടരണം,സഞ്ജു ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാകും; മുൻ ഇന്ത്യൻ താരം വെങ്കിടപതി രാജു
ആദ്യ സീസണിൽ സഞ്ജുവിലെ നായകന് അധികം തിളങ്ങാനായില്ല. അഞ്ച് മത്സരങ്ങൾ മാത്രം ജയിച്ച് രാജസ്ഥാൻ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എന്നാൽ അടിമുടി മാറിയെത്തിയ പുതിയ സീസണിൽ സഞ്ജുവിലെ നായകൻ വലിയരീതിയിൽ പരിവർത്തിക്കപ്പെട്ടു
രാജസ്ഥാൻ റോയൽസ് താരവും മലയാളി താരവുമായ സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമാകുമെന്ന് മുൻ ഇന്ത്യൻ താരം വെങ്കിടപതി രാജു. 14 വർഷത്തെ കിരീടവരൾച്ചക്ക് ശേഷം വീണ്ടും ഫൈനലിൽ എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു നിലവിലെ ഫോം തുടരണമെന്നും മുൻ സെലക്ടർ ആവശ്യപ്പെട്ടു. ക്യാപ്റ്റൻസിയിലും സഞ്ജുവിന്റേത് മികച്ച പ്രകടനമാണെന്നും വെങ്കിടപതി രാജു മീഡിയവണിനോട് പറഞ്ഞു.
14 വർഷത്തിന് ശേഷം രാജസ്ഥാൻ കിരീടപ്പോരിലേക്ക് കണ്ണുവെയ്ക്കുമ്പോൾ അത് നായകൻ സഞ്ജു സാംസണിന്റെ വിജയം കൂടിയാണ്. ഒരു പിടി വമ്പൻ താരങ്ങളെ പക്വതയോടെ നയിച്ച സഞ്ജുവിന്റെ ചിറകിലേറിയാണ് രാജസ്ഥാൻ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. നീണ്ട 14 വർഷമായുള്ള കാത്തിരിപ്പ്, കിരീടം പോയിട്ട് ഫൈനൽ പോലും രാജസ്ഥാന് അന്യം നിന്ന കാലം, പ്രഗത്ഭരായ പല നായകന്മാർ, താരങ്ങൾ, പരിശീലകർ, പക്ഷേ നിർണായക ഘട്ടങ്ങളിലൊക്കെ രാജസ്ഥാന് കാലിടറി. കഴിഞ്ഞ സീസണ് മുന്നോടിയായി മുൻ ഓസീസ് നായകനും രാജസ്ഥാൻ നായകനുമായ സ്റ്റീവ് സ്മിത്തിനെ ടീം റിലീസ് ചെയ്തു. രാഹുൽ ദ്രാവിഡും ഷെയ്ൻ വോണും ഒക്കെ അണിഞ്ഞ തൊപ്പി പിന്നീടെത്തിയത് തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണിന്റെ തലയിൽ. തന്റെ വളർച്ചയുടെ ഓരോഘട്ടത്തിലും താങ്ങും തണലുമായ റോയൽസിനെ സഞ്ജു തന്റെ ചുമലിലേറ്റി.
ആദ്യ സീസണിൽ സഞ്ജുവിലെ നായകന് അധികം തിളങ്ങാനായില്ല. അഞ്ച് മത്സരങ്ങൾ മാത്രം ജയിച്ച് രാജസ്ഥാൻ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എന്നാൽ അടിമുടി മാറിയെത്തിയ പുതിയ സീസണിൽ സഞ്ജുവിലെ നായകൻ വലിയരീതിയിൽ പരിവർത്തിക്കപ്പെട്ടു. വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളേയും നീലക്കുപ്പായം അധികം അണിഞ്ഞിട്ടില്ലാത്ത സഞ്ജു മുന്നിൽ നിന്ന് നയിച്ചു. പ്ലേഓഫ് സിസ്റ്റം നിലവിൽ വന്ന ശേഷം ആദ്യമായി രാജസ്ഥാൻ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നായകന്റെ മികവിന് 100 മാർക്കും നൽകണം. ഒരു വിജയമകലെ സഞ്ജുവെന്ന നായകന് ഇതിഹാസങ്ങൾക്കൊപ്പം ഇരിപ്പിടമാണ് കാത്തിരിക്കുന്നത്. അതിനുമപ്പുറം പലവട്ടം തഴയപ്പെട്ട ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വാതിലുകൾ സഞ്ജുവിന് തള്ളിത്തുറക്കാനാകും.