ദക്ഷിണാഫ്രിക്ക വിൻഡീസ് ടി20: റെക്കോർഡുകൾ പിറന്ന മത്സരം; പക്ഷേ ഡികോക്കിന് രോഹിത്തിനെ തൊടാനായില്ല
ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡീസും തമ്മിലെ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു ദക്ഷിണാഫ്രിക്ക റെക്കോർഡിട്ടത്
റൺമല ചെയ്‌സ് ചെയ്ത് ജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല മുൻപും അവരത് തെളിയിച്ചതാണ്. കഴിഞ്ഞ ദിവസം നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 മത്സരത്തിലും പുതിയ ചരിത്രം കുറിക്കാൻ ദക്ഷിണാഫ്രിക്കൻ ടീമിനായി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 258 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങിൽ ദക്ഷിണാഫ്രിക്ക വെറും നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു, അതും 18.5 ഓവറിൽ. ടി20യിൽ റെക്കോർഡാണിത്. ടി20യിൽ ഏറ്റവും ഉയർന്ന അഗ്രഗേറ്റ് സ്‌കോർ (517) പിറന്ന മത്സരമായിരുന്നു ഇത്. എന്നാൽ നിരവധി വ്യക്തിഗത റെക്കോർഡുകളും മത്സരത്തിൽ പിറന്നു.
അതിവേഗ സെഞ്ചുറി
വിൻഡീസിന് വേണ്ടി ജോൺസൺ ചാൾസും (46 പന്തിൽ 118 ) ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റൺ ഡി കോക്കും ( 44 പന്തിൽ 100 ) അതിവേഗ ടി20 സെഞ്ചുറികൾ നേടുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചു. പട്ടികയിൽ ജോൺസൺ രണ്ടാമതും ഡി കോക്ക് നാലമതും എത്തി. 35 പന്തിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ഒന്നാമത്. 2017ൽ ബംഗ്ലാദേശിനെതിരെയായിരുന്നു മില്ലറുടെ ആ സുവർണ നേട്ടം. 2017 ൽ തന്നെ ശ്രീലങ്കയ്ക്കെതിരെ ഇൻഡോറിലായിരുന്നു രോഹിത്തിന്റെ സെഞ്ചുറി. 42 പന്തിൽ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്സറ്റണും അഫ്ഗാൻ താരം ഹസ്രതുള്ള സസൈ, എന്നിവരാണ് നാലാം സ്ഥാനത്ത്.
ക്വിന്റൺ ഡി കോക്ക് വെറും 15 പന്തിൽ നിന്നാണ് അർധസെഞ്ചുറി തികച്ചത്. ദക്ഷിണാഫ്രിക്കൻ ടി20 ഐയിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറിയെന്ന തന്റെ റെക്കോർഡ് അദ്ദേഹം തകർത്തു. ഇംഗ്ലണ്ടിനെതിരെ ഡർബനിൽ നടന്ന 17 പന്തുകളില് നേടിയ അർധസെഞ്ചുറി ആയിരുന്നു അദ്ദേഹത്തിന്റെ മുൻ റെക്കോർഡ്.
ഉയർന്ന പവർപ്ലേ സ്‌കോർ
റെക്കോർഡുകൾ പിറന്ന മത്സരത്തിൽ ടി20 യിലെ ഉയർന്ന പവർപ്ലേ സ്‌കോറും ഈ മത്സരത്തിലേതായി മാറി. വിക്കറ്റ് നഷ്ടമാവാതം ഡീകോക്- റീസ ഹെൻട്രിക് സഖ്യം നേടിയത് 102 റൺസാണ്. 2021ലെ ശ്രീലങ്ക വെസ്റ്റ് ഇൻഡീസ് മത്സരത്തിലെ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയ 98 റൺസ് എന്ന റെക്കോർഡാണ് മറി കടന്നത്. മൂന്നാതായി 2020ൽ നടന്ന അയർലൻഡ് വിൻഡീസ് മത്സരത്തിലെ വിൻഡീസ് വിക്കറ്റ് നഷ്ടമില്ലാതെ 93 റൺസടിച്ചതാണ്. പുരുഷ ടി20യിലെ ആദ്യ 10 ഓവറിൽ ഇതുവരെ നേടിയ ഏറ്റവും കൂടുതൽ റൺസും ഈ മത്സരത്തിലേതാണ്( 149-0)
ദക്ഷിണാഫ്രിക്കയുടെ മികച്ച കൂട്ടുകെട്ട്
ദക്ഷിണാഫ്രിക്കയുടെ ടി20 ചരിത്രത്തിൽ ഏറ്റവും ഏറ്റവും മികച്ച നാലാമത്തെ കൂട്ടുകെട്ടായിരുന്നു മത്സരത്തിൽ പിറന്നത്. ഡി കോക്ക്- റീസ ഹെൻഡ്രിക്സ് സഖ്യം 152 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്ത്യക്കെതിരെ ഡി കോക്ക്- ഡേവിഡ് മില്ലർ സഖ്യം നേടിയ 174 റൺസാണ പട്ടികയിൽ ആദ്യ സ്ഥാനത്ത്. 2022 ലായിരുന്നു മത്സരം. രണ്ടാം സ്ഥാനത്ത് 2009ൽ ഇംഗ്ലണ്ടിനെതിരെ ലൂട്സ് ബോസ്മാൻ- ഗ്രെയിം സ്മിത്ത് സഖ്യം നേടിയ 170 റൺസാണ്. ന്യൂസിലാന്റിനെതിരെ എബി ഡിവില്ലിയേഴ്‌സും റിച്ചാർഡ് ലെവി സഖ്യം നേടിയ 133 റൺസാണ് മൂന്നാം സ്ഥാനത്ത്.
അതിര് കടത്തിയ അടി
രണ്ട് ഇന്നിംഗ്‌സുകളിലുമായി 46 ബൗണ്ടറികളോടെ, 394 റൺസ് ആണ് ബൗണ്ടറികളിൽ നിന്ന് മാത്രമായി മത്സരത്തിൽ സ്‌കോർ ചെയ്തത്. ഒരു ടി20യിലെ ബൗണ്ടറികളിൽ നിന്ന് നേടുന്ന ഏറ്റവും കൂടുതൽ റൺസാണിത് .
ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ചേർന്ന് ഇന്ന് 35 സിക്‌സറുകളാണ് കളിയില് അടിച്ചു കൂട്ടിയത്, ഒരു ടി20 യിലെ ഏറ്റവും കൂടുതൽ സിക്‌സറുകൾ. 11 എണ്ണം ജോൺസൺ ചാൾസ് വകയും 8 എണ്ണം ക്വിന്റൺ ഡി കോക്കും സംഭാവന ചെയ്തു.
ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡീസും തമ്മിലെ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു ദക്ഷിണാഫ്രിക്ക റെക്കോർഡിട്ടത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 258 റൺസ്. മറുപടി ബാറ്റിങിൽ ദക്ഷിണാഫ്രിക്ക വെറും നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു, അതും 18.5 ഓവറിൽ.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ പന്ത് മുതൽ വിൻഡീസ് ടി20യിലെ വിൻഡീസായി. 46 പന്തിൽ 118 റൺസ് നേടിയ ചാൾസ് ആണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ 'പെരുമാറി'യത്. പത്ത് ഫോറും പതിനൊന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ചാൾസിന്റെ ഇന്നിങ്‌സ്. 27 പന്തിൽ 51 റൺസ് നേടിയ മയേഴ്‌സ്, 18 പന്തിൽ നിന്ന് 41 റൺസ് നേടിയ റൊമാരിയോ ഷെപ്പേർഡ് എന്നിവരുടെ ഇന്നിങ്‌സുകളും വിൻഡീസിന്റെ കൂറ്റൻ സ്‌കോറിന് തുണയായി.ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസെൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 52 റൺസ് വിട്ടുകൊടുത്തു.
കൂറ്റൻസ്‌കോർ എടുത്തതിന്റെ ചിരിയിൽ വിൻഡീസ് ബൗളിങിന് എത്തിയപ്പോൾ ക്വിന്റൻ ഡി കോക്ക് അവരെ തല്ലിത്തോൽപ്പിച്ചു. കിട്ടിയ പന്തുകളെല്ലാം അതിർത്തി കടത്താൻ ഡികോക്ക് ഉത്സാഹിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ സ്‌കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചു. 44 പന്തുകളിൽ നിന്ന് 100 റൺസാണ് ഡികോക്ക് നേടിയത്. ഒമ്പത് ഫോറുകളും എട്ട് സിക്‌സറുകളും ഡികോക്കിന്റെ ബാറ്റിൽ നിന്നും പിറന്നു. മറ്റൊരു ഓപ്പണർ റീസ ഹെന്റിക്‌സും(28 പന്തിൽ 68) എയ്ഡൻ മാർക്രമും(21 പന്തിൽ 38) ഹെന്റിച്ച് ക്ലാസനും(7 പന്തിൽ 16) ദക്ഷിണാഫ്രിക്കൻ ജയം എളുപ്പമാക്കി.ടീം സ്‌കോർ 152ൽ നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണത്. അതും 10.5 ഓവറിൽ. വിൻഡീസ് ഉയർത്തിയ റൺമല പൊളിക്കുമ്പോൾ ദക്ഷിണാഫ്രിക്കയുടെ കയ്യിൽ ഏഴ് പന്തുകളും ആറ് വിക്കറ്റുകളും ഇനിയും ബാക്കിയുണ്ടായിരുന്നു. പരമ്പര വിജയികളെ നിർണയിക്കുന്ന മൂന്നാം ടി20 മത്സരം ചൊവ്വാഴ്ച ജോഹന്നാസ്ബർഗിൽ നടക്കും. ആദ്യ മത്സരം മഴ തടസപ്പെടുത്തിയപ്പോൾ മൂന്ന് വിക്കറ്റിനായിരുന്നു വെസ്റ്റ്ഇൻഡീസിന്റെ ജയം.