മില്ലറും റബാഡയും രക്ഷകരായി; ശ്രീലങ്കയെ നാല് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക

13 പന്തിൽ രണ്ട് സിക്‌സറിന്റെ അകമ്പടിയോടെ 23 റൺസ് നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കക്ക് കൈവിട്ടു പോകുമായിരുന്ന കളി വിജയത്തിലെത്തിലെത്തിച്ചത്‌.

Update: 2021-10-30 14:13 GMT
Editor : abs | By : Web Desk
Advertising

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് നാല്  വിക്കറ്റ് ജയം. 143 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 19.5 ഓവറിൽ മറികടന്നു. 13 പന്തിൽ രണ്ട് സിക്‌സറിന്റെ അകമ്പടിയോടെ 23 റൺസ് നേടിയ ഡേവിഡ് മില്ലറും ഏഴു പന്തിൽ നിന്ന് 13 റൺസെടുത്ത കഖിസോ റബാഡയുമാണ്‌ ദക്ഷിണാഫ്രിക്കക്ക് കൈവിട്ടു പോകുമായിരുന്ന കളി വിജയത്തിലെത്തിലെത്തിച്ചത്‌.

ടെമ്പാ ബവുമയുടെ ബാറ്റിങ് മികവും ജയം എളുപ്പമാക്കി 46 റൺസാണ് ബവുമയുടെ സംഭാവന. റാസി വാൻ ഡെർ ഡൂസെൻ(16) ക്വിൻഡൻ ഡീ കോക്ക് (12) റൺസും നേടി. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദു ഹസരംഗ മൂന്നും ദുഷ്‌മേന്ദ്ര ചമീര രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഓപ്പണർ പാഥിന്റെയും നിസ്സങ്കയുടെയും ബാറ്റിങ് മികവിലാണ് 142 റൺസ് കണ്ടെത്തിയത്. 58 പന്തിൽ മൂന്ന് സിക്‌സറും ആറു ഫോറുമടക്കം 72 റൺസെടുത്ത നിസ്സങ്ക 19-ാം ഓവറിലാണ് പുറത്തായത്. ലങ്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിരുന്നു.

നാലാം ഓവറിൽ തന്നെ ആന്റിച്ച് നോർക്യ കുശാൽ പെരേരയെ (7) മടക്കി. ഓമ്പതാം ഓവറിൽ ഫോമിലുള്ള ചരിത് അസലങ്ക റൺ ഔട്ടായി. കഴിഞ്ഞ മത്സരങ്ങളിൽ ലങ്കയുടെ സ്‌കോറിങ്ങിൽ നിർണായകമായത് അസലങ്കയായിരുന്നു. 14 പന്തിൽ നിന്ന് 21 റൺസുമായി മികച്ച സ്‌കോറിലേക്ക് കുതിക്കവെയാണ് അസലങ്ക ദൗർഭാഗ്യകരമായി റണ്ണൗട്ടാകുന്നത്. പിന്നാലെയെത്തിയ ഭാനുക രജപക്‌സ (0) അവിഷ്‌ക ഫെർണാണ്ടോ(3) വാനിന്ദു ഹസരംഗ(4) ദസുൻ ഷാനക(11) എന്നിവരും പരാജയമായി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ തബ്‌റൈസ് ഷംസിയും ഡ്വെയ്ൻ പ്രൊറ്റോറിസുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. ആന്റിച്ച് നോർക്യ രണ്ടു വിക്കറ്റെടുത്തു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News