പൊടുന്നനെ ഒരു വിരമിക്കൽ; എല്ലാവരെയും അമ്പരപ്പിച്ച് സ്റ്റുവർട്ട് ബ്രോഡ് കളി മതിയാക്കി
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ബ്രോഡ് ക്രീസിലുണ്ട്
ലണ്ടൻ: ആഷസ് പരമ്പരയില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം മത്സരം തന്റെ അവസാനത്തേത് ആകുമെന്നും ഈ മത്സരത്തോടെ അന്താരാഷ്ട്ര കരിയർ മതിയാക്കുകയാണെന്നും ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. 17 വർഷത്തെ കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ വീഴ്ത്തിയാണ് ബ്രോഡ് കളി മതിയാക്കുന്നത്.
ആഷസ് പരമ്പരയിൽ 150ലേറെ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ബൗളർ എന്ന നേട്ടവും പേറിയാണ് ബ്രോഡ് വിരമിക്കുന്നത്. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ബ്രോഡ് ക്രീസിലുണ്ട്. രണ്ട് റൺസാണ് സമ്പാദ്യം. ജെയിംസ് ആൻഡേഴ്‌സണാണ് കൂട്ട്. ഇംഗ്ലണ്ടിനിപ്പോൾ 377 റൺസിന്റെ ലീഡായി.
മൂന്നാം ദിനം സ്റ്റമ്പ് എടുത്തതിന് പിന്നാലെയാണ് ഏവരെയും ഞെട്ടിച്ച് ബ്രോഡ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ആദ്യ ഇന്നിങ്‌സിൽ ബ്രോഡ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിലും ബ്രോഡിന്റെ ബൗളിങിലേക്ക് നോക്കുകയാണ് ഇനി കായികപ്രേമികൾ. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
നിലവിൽ 602 വിക്കറ്റുകളാണ് ബ്രോഡിന്റെ പേരിലുള്ളത്. 3656 റൺസുംനേടി. 167 ടെസ്റ്റുകളാണ് ബ്രോഡ് ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്. എട്ട് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഒരു തവണ മാജിക്കൽ സംഖ്യയായ പത്ത് വിക്കറ്റ് നേട്ടവുമുണ്ട്. 2016ലാണ് ബ്രോഡ് അവസാനമായി ഇംഗ്ലണ്ടിനായി ഏകദിനം കളിച്ചത്. 178 വിക്കറ്റുകൾ ഏകദിനത്തിൽ വീഴ്ത്തി. ടി20യിൽ 56 മത്സരങ്ങളും. ടി20യിൽ യുവരാജ് സിങ് നേടിയ ആറ് സിക്‌സറുകൾ ബ്രോഡിനെതിരെ ആയിരുന്നു.
അതേസമയം വിരമിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതാണ് പറ്റിയ സമയമെന്നും ബ്രോഡ് പറഞ്ഞു. ഇംഗ്ലണ്ട്, ആസ്‌ട്രേലിയ മത്സരങ്ങൾ തന്നെ എപ്പോഴും മോഹിപ്പിച്ചിരുന്നുവെന്നും അത്‌കൊണ്ട് കൂടിയാണ് ഈ വേദി തെരഞ്ഞെടുത്തതതെന്നും ബ്രോഡ് കൂട്ടിച്ചേർത്തു. 2007 ഡിസംബറിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ബ്രേഡ് ടെസ്റ്റിൽ അരങ്ങേറിയത്.