രണ്ട് സീസണിൽ പഞ്ചാബിൽ, എന്നിട്ടും ബ്രോഡ് ഒരൊറ്റ ഐപിഎലും കളിച്ചില്ല; കാരണം...
ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐപിഎല്ലിനില്ലെന്ന് ബ്രോഡ് 2019ൽ വ്യക്തമാക്കിയിരുന്നു.
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റിലേറെ വീഴ്ത്തിയ ഒരു താരം ലോകത്തിലെ ഏറ്റവും ഗ്ലാമർ ലീഗായ ഐ.പി.എല്ലിൽ കളിച്ചില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കേണ്ടി വരും. കാരണം ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡാണ് ഇങ്ങനെയൊരു താരം. ആഷസിലെ അഞ്ചാം മത്സരത്തോടെ അന്താരാഷ്ട്ര കരിയർ മതിയാക്കാനൊരുങ്ങുമ്പോഴാണ് ബ്രോഡിന്റെ പേരിലുള്ള ഈ കൗതുകവും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയായത്.
ഐ.പി.എല്ലിൽ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐ.പി.എല്ലിനില്ലെന്ന് ബ്രോഡ് 2019ൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനും മുമ്പ് 2011ലാണ് ബ്രോഡ് പഞ്ചാബ് കിങ്‌സിന്റെ ഭാഗമായത്. അന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ആയിരുന്നു. 1.80 കോടി രൂപക്കാണ് ബ്രോഡിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. എന്നാൽ പരിക്ക് മൂലം ആ സീസൺ മുഴുവൻ പുറത്തിരുന്നു.
2012ലെ എഡിഷനിൽ താരത്തെ പഞ്ചാബ് നിലനിർത്തി. എന്നാൽ വാരിയില്ലെന് പരിക്കേറ്റതിനാൽ ആ സീസണിലും താരത്തിന് കളിക്കാനായില്ല. അതിന് ശേഷം ഐപിഎൽ കളിക്കാൻ താരം ഇന്ത്യയിലേക്ക് വന്നിട്ടില്ല. ജോ റൂട്ട്(രാജസ്ഥാൻ റോയൽസ്) ബെൻ സ്റ്റോക്‌സ്( ചെന്നൈ സൂപ്പർ കിങ്‌സ്) ജോസ് ബട്‌ലർ( രാജസ്ഥാൻ റോയൽസ്) മുഇൻ അലി(ചെന്നൈ സൂപ്പർ തിങ്‌സ്) തുടങ്ങി ചെറുതും വലുതുമായ താരങ്ങളൊക്കെ ഇംഗ്ലണ്ടിൽ നിന്ന് ഐപിഎല്ലിന്റെ ഭാഗമാണ്. ഇന്നാണ് ബ്രോഡിന്റെ അവസാന ഇന്റർനാഷണൽ മത്സരം.
അവസാന മത്സരത്തിൽ രണ്ട് വിക്കറ്റ് താരം വീഴ്ത്തിക്കഴിഞ്ഞു. മത്സരം ഇപ്പോൾ ചായക്ക് പിരിഞ്ഞിരിക്കുകയാണ്. സ്റ്റീവൻ സ്മിത്തും ട്രാവിസ് ഹെഡുമാണ് ക്രീസിൽ. ഡേവിഡ് വാർണർ(60) ഉസ്മാൻ ഖവാജ(72) എന്നിവർ പുറത്തായിക്കഴിഞ്ഞു. ആസ്ട്രേലിയക്ക് ജയിക്കാന്‍ 146 റണ്‍സ് മതി. ഇംഗ്ലണ്ടിന് ജയിക്കാന്‍ ഏഴ് വിക്കറ്റ് കൂടി വീഴ്ത്തണം. കളി ആവേശമാകുകയാണ്.