''ഇന്ത്യ ബോധപൂർവം തോൽക്കുകയായിരുന്നു..'' വിമര്‍ശനവുമായി മുൻ പാക് നായകന്‍
''ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടക്കത്തിൽ കളി ജയിക്കാനുള്ള ആവേശം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഫീല്‍ഡിങ്ങില്‍ ആ ആവേശം കണ്ടില്ല''
ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ബോധപൂർവം തോൽക്കുകയായിരുന്നുവെന്ന് മുൻ പാക് നായകൻ സലിം മാലിക്. ഇന്ത്യ പരാജയപ്പെട്ടതോടെ പാകിസ്താന്‍റെ സെമി സാധ്യതകൾക്ക് തിരിച്ചടിയേറ്റതോടെയാണ് സലിം മാലികിന്‍റെ പ്രതികരണം. പാകിസ്താൻ മുന്നേറുന്നത് ഇന്ത്യ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നും മാലിക് പറഞ്ഞു.
''ഇന്ത്യ മികച്ച രീതിയിൽ ഫീൽഡ് ചെയ്തിരുന്നെങ്കിൽ ആ മത്സരം വിജയിക്കാമായിരുന്നു.. ഫീൽഡിങ്ങിൽ ഇന്ത്യൻ താരങ്ങൾ മോശം പ്രകടനമാണ് കാഴ്ച വച്ചത്. അനായാസം കൈപിടിയിലൊതുക്കാവുന്ന ക്യാച്ചുകളാണ് പാഴാക്കിയത്. ഇന്ത്യക്കും പാകിസ്താനുമിടയിൽ വൈര്യം നിലനിൽക്കുന്നുണ്ടല്ലോ.. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടക്കത്തിൽ കളി ജയിക്കാനുള്ള ആവേശം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഫീല്‍ഡിങ്ങില്‍ ആ ആവേശം കണ്ടില്ല. ഇന്ത്യക്ക് പാകിസ്താനെ ഇഷ്ടമല്ല എന്നെനിക്ക് തോന്നുന്നു''-സലിം മാലിക് പറഞ്ഞു.
മത്സരത്തില്‍ വിരാട് കോഹ്‍ലിയടക്കം ഫീല്‍ഡിങ്ങില്‍ വലിയ പിഴവുകള്‍ വരുത്തിയത് ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിംബാവേയോടും ഇന്ത്യയോടും തോറ്റ പാകിസ്താന് സെമിയില്‍ പ്രവേശിക്കാന്‍ ഇനിയുള്ള മത്സരങ്ങളും മറ്റു ടീമുകളുടെ മത്സര ഫലങ്ങളും നിര്‍ണ്ണായകമാണ്.
ദക്ഷിണാഫ്രിക്കക്കെതിരെ മുന്‍ നിര ബാറ്റര്‍മാരെല്ലാം തുടരെ കൂടാരം കയറിയതോടെ തകര്‍ന്നടിഞ്ഞ ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഭേധപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങില്‍ 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയം കൈപ്പിടിയിലാക്കി.