''ബാവുമ തന്നെയാണ് പ്രശ്‌നം''; ദക്ഷിണാഫ്രിക്കന്‍ നായകനെതിരെ ടോം മൂഡി
''ബാവുമ ഫോമിൽ അല്ല എന്നറിഞ്ഞിട്ടും അദ്ദേഹത്തെ മാറ്റാത്തതിന് പിന്നിലെ കാരണം മനസിലാവുന്നില്ല''
നെതർലന്‍റിനെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങി ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിറകെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബാ ബാവുമക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. അനായാസം ജയിക്കാനാവുമായിരുന്നൊരു മത്സരം നെതർലന്‍റ് ബോളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക അടിയറവ് വക്കുകയായിരുന്നു. ബാവുമ ഫോമിൽ അല്ല എന്നറിഞ്ഞിട്ടും അദ്ദേഹത്തെ മാറ്റാത്തതിന് പിന്നിലെ കാരണം മനസിലാവുന്നില്ലെന്ന് മുൻ ആസ്‌ത്രേലിയൻ താരം ടോം മൂഡി പറഞ്ഞു.
''ബാവുമയുടെ ഫോം തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തേക്കാൾ മികച്ച ഫോമിൽ കളിക്കുന്ന താരങ്ങൾ സൈഡ് ബെഞ്ചിൽ ഇരിക്കെ അവരെ ഇലവനിൽ ഉൾപ്പെടുത്താത്തതെന്താണ്.. ദക്ഷിണാഫ്രിക്ക തങ്ങളുടെ തോൽവിക്ക് കാരണം എന്താണെന്ന് വിലയിരുത്തുമ്പോൾ അക്കാര്യം കൂടി പരിശോധിക്കണം''- മൂഡി പറഞ്ഞു.
ടി20 ക്രിക്കറ്റിൽ 33 മത്സരങ്ങളിൽ നിന്ന് 22.67 ശരാശരിയിൽ 635 റൺസാണ് ബാവുമയുടെ ആകെ സമ്പാദ്യം. ടി20 ലോകകപ്പിലും ബാവുമക്ക് വലിയ പ്രകടനങ്ങൾ പുറത്തെടുക്കാനായിട്ടില്ല.
13 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ സെമി മോഹം പൊലിഞ്ഞത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത നെതർലൻഡ്സ് ആദ്യം ബാറ്റ് ചെയ്ത് 158 റൺസ് അടിച്ചെടുത്തതോടെ വിജയം അനിവാര്യമായ ദക്ഷിണാഫ്രിക്കൻ ടീം സമ്മർദ്ദത്തിലായിരുന്നു. 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. ബാറ്റർമാരിലൊരാൾക്കും പിടിച്ച് നിൽക്കാനാകാതിരുന്നതോടെ പ്രധാന ടൂർണമെൻറുകളിൽ പാതിവഴിയില്‍ കലമുടക്കുന്ന പതിവ് ദൗർഭാഗ്യത്തിന് ഇക്കുറിയും ദക്ഷിണാഫ്രിക്ക വഴങ്ങുകയായിരുന്നു.