ടെസ്റ്റിൽ 10,000 റൺസ് തികച്ച ആദ്യ ബാറ്റർ; ലിറ്റിൽ മാസ്റ്റർക്ക് ഇന്ന് 74ാം പിറന്നാൾ
സണ്ണിയെന്ന് വിളിക്കപ്പെടുന്ന താരം കമൻററി പറഞ്ഞും നിരൂപകനായും ഇന്നും ക്രിക്കറ്റ് ലോകത്ത് സജീവമാണ്
ബാറ്റ് കൊണ്ടും വാക്കു കൊണ്ടും അത്ഭുതം സൃഷ്ടിക്കുന്ന ക്രിക്കറ്റ് മാന്ത്രികൻ... ഇന്ത്യൻ ക്രിക്കറ്റിലെ ലിറ്റിൽ മാസ്റ്റർ സുനിൽ ഗവാസ്‌കറിന് ജന്മദിനാശംസകൾ നേർക്ക് ഡൽഹി ക്യാപിറ്റൽസ് ട്വീറ്റ് ചെയ്ത വാക്കുകളാണിത്. ലോകക്രിക്കറ്റിൽ തന്നെ ഏറെ നേട്ടങ്ങൾ എഴുതിച്ചേർത്ത ഗവാസ്‌കറിന് ഇന്ന് 74ാം പിറന്നാളാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യ ബാറ്റർ, അരങ്ങേറ്റത്തിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് (വെസ്റ്റ് ഇൻഡീസിനെതിരെ 774 റൺസ്), 1984-85 വരെയുള്ള കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ നായകൻ, ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ രണ്ടാം താരം (വെസ്റ്റ് ഇൻഡീസിനെതിരെ 13 സെഞ്ച്വറി) ഇങ്ങനെ നേട്ടങ്ങളുടെ പട്ടികയിൽ പലവട്ടം പേരെഴുതി ചേർത്ത ഇതിഹാസമാണ് ഗവാസ്‌കർ.
10,122 റൺസ്, 34 സെഞ്ച്വറി, 45 അർധസെഞ്ച്വറി എന്നിങ്ങനെയാണ് ടെസ്റ്റിൽ അദ്ദേഹത്തിന്റെ സമ്പാദ്യം. 1983ലെ ലോകകപ്പ് ജേതാവും 233 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 13,214 റൺസ് നേടിയ താരവുമാണ് ഗവാസ്‌കർ.സണ്ണിയെന്ന് വിളിക്കപ്പെടുന്ന താരം കമൻററി പറഞ്ഞും നിരൂപകനായും ഇന്നും ക്രിക്കറ്റ് ലോകത്ത് സജീവമാണ്.
ഗവാസ്‌കറുടെ ചരിത്ര നേട്ടത്തിന്റെ ദൃശ്യങ്ങൾ ദൂരദർശനിൽ നിന്ന് നഷ്ടമായി
ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി 10,000 റൺ മല കയറിയ സുനിൽ ഗവാസ്‌കറുടെ ചരിത്ര നേട്ടത്തിന്റെ ദൃശ്യങ്ങൾ ദൂരദർശനിൽ നിന്ന് നഷ്ടമായിരുന്നു. നഷ്ടമായ ചരിത്ര നിമിഷങ്ങളുടെ ലിസ്റ്റ് ഇതിൽ അവസാനിക്കുന്നില്ല - ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള ടൈ ആയ ടെസ്റ്റ് മത്സരം, 1987ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പ് മത്സരങ്ങൾ എന്നിവയുടെ ദൃശ്യങ്ങളും പടിക്ക് പുറത്താണ്. മത്സരങ്ങളുടെ സംപ്രക്ഷേപണ അവകാശം ഇക്കാലങ്ങളിൽ ദൂരദർശനിൽ മാത്രം നിക്ഷിപ്തമായിരുന്നു. വിവരാവകാശ നിയമപ്രകാരം ദ സൺഡേ എക്‌സ്പ്രസ് ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് ഈ ദൃശ്യങ്ങൾ കൈമോശം വന്നതായി ദൂരദർശൻ സമ്മതിച്ചിരുന്നത്.
ഈ മത്സരങ്ങളുടെ പ്രസക്തഭാഗങ്ങൾ ഓൺലൈനിൽ ഇപ്പോഴും ലഭ്യമാണെങ്കിലും ചരിത്ര ദൃശ്യങ്ങളുടെ സൂക്ഷിപ്പുകാർക്ക് ഇത് ഏതുവിധേനയാണ് നഷ്ടമായതെന്നതു സംബന്ധിച്ച് വ്യക്തമായ ഉത്തരമില്ല. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സുവർണ കാലമാണ് 1980കൾ. ലോകകപ്പ് ജയം, ബ്രാഡ്മാൻറെ 29 ശതകങ്ങളുടെ റെക്കോഡ് ഗവാസ്‌കർ മറികടന്നത്. ഒരു ടെസ്റ്റിൽ 16 വിക്കറ്റുകളുമായി നരേന്ദ്ര ഹിർവാനിയുടെ അരങ്ങേറ്റം തുടങ്ങി നേട്ടങ്ങളുടെ കാലഘട്ടമായിരുന്നു അത്.
ക്രിക്കറ്റ് ദൃശ്യങ്ങൾ മാത്രമല്ല ഹോക്കിയുടെ ദൃശ്യങ്ങളും നഷ്ടമായവയിൽ ഉൾപ്പെടും. അടുത്തിടെ മരണമടഞ്ഞ ഹോക്കി താരം മൊഹമ്മദ് ഷഹീദിൻറെ കളിക്കളത്തിലെ അവിസ്മരണീയ നിമിഷങ്ങളും നഷ്ടങ്ങളുടെ കണക്കിൽ ഉൾപ്പെടും.
Today is Little Master Sunil Gavaskar's 74th birthday