ചെന്നൈ താരം തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു; വധു കളിക്കൂട്ടുകാരി
ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ബൗളിങ് ആക്രമണത്തിലെ പ്രധാനിയായിരുന്ന താരം
മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സിന്റെ യുവ പേസർ തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. കളിക്കൂട്ടുകാരി നാഭ ഗദ്ദംവറാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ മുംബൈയിൽ നടന്നു.
ക്രിക്കറ്റ് ബോൾ കൈയിൽ പിടിച്ചായിരുന്നു ഇരുവരും വിവാഹ നിശ്ചയ ശേഷമുള്ള ഫോട്ടോ ഷൂട്ട് നടത്തിയത്. 'അവൾക്ക് സ്‌കൂൾ ക്രഷിൽനിന്ന് ഭാവി വധുവിലേക്ക് സ്ഥാനക്കയറ്റം കിട്ടി' എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പായി നൽകിയത്.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് തുഷാർ വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്. കിരീടം നേടിയ ധോണിയുടെ സംഘത്തില്‍ ബൗളിങ് ആക്രമണത്തിലെ പ്രധാനിയായിരുന്ന താരം 16 മത്സരങ്ങളിൽനിന്ന് 21 വിക്കറ്റാണ് വീഴ്ത്തിയത്. 17 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് സീസണിലെ മികച്ച പ്രകടനം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ആറാമത്തെ കളിക്കാരനാണ്.