അണ്ടര്‍ 19 ഏഷ്യാ കപ്പ്; അഫ്ഗാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍
ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്.
അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ 19 എഷ്യാകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. അർധ സെഞ്ച്വറി നേടിയ ഹർണൂർ സിങ്ങിന്റേയും 43 റൺസെടുത്ത രാജ് ബാവയുടെയും മികവിലാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ തകർത്തത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം ഒരോവറും നാല് പന്തും ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്.
74 പന്തിൽ നിന്ന് ഒമ്പത് ഫോറുകളുടെ അകമ്പടിയോടെയാണ് ഹർണൂർ സിങ് അർധസെഞ്ച്വറി തികച്ചത്. ഇന്ത്യക്കായി അംഗ്രിഷ് രഘുവംശിയും കൗശൽ താംബെയും 35 റൺസ് വീതം നേടി. അഫ്ഗാനിസ്ഥാന് വേണ്ടി നൂർ അഹ്‌മദ് നാല് വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 86 റൺസെടുത്ത് പുറത്താവാതെ നിന്ന ഇജാസ് അഹമ്മദിന്റേയും 73 റൺസെടുത്ത ക്യാപ്റ്റൻ സുലൈമാൻ സാഫിയുടേയും മികവിലാണ് 260 റൺസെടുത്തത്. സെമിയിൽ ഇന്ത്യയുടെ എതിരാളികളെ നാളെയറിയാം. ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ഒന്നാം സ്ഥാനക്കാരായ പാകിസ്താൻ നേരത്തെ സെമിയിൽ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് ബി.യിലെ ഒന്നാം സ്ഥാനക്കാരാവും സെമിയില്‍ ഇന്ത്യയെ നേരിടുക.