മകന് ആ പേര് നൽകാൻ കാരണം സച്ചിനോടുള്ള ആരാധന; അണ്ടർ 19 ലോക കപ്പ് ഹീറോ സച്ചിൻ ദാസിന്റെ പിതാവ്
ക്രിക്കറ്റിൽ നിന്നുള്ള ശ്രദ്ധ മാറാതിരിക്കാൻ വിവാഹ ചടങ്ങുകളിലോ മറ്റു ആഘോഷ പരിപാടികളിലോ പങ്കെടുക്കാൻ മകനെ അനുവദിച്ചിരുന്നില്ല
ദില്ലി: അണ്ടർ 19 ലോക കപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത് സച്ചിൻ ദാസിന്റെ 96 റൺസ് പ്രകടനമായിരുന്നു. തുടരെ മൂന്ന് വിക്കറ്റുകൾ വീണ ഇന്ത്യയെ വിജയതീരത്തെത്തിച്ചാണ് സച്ചിനും-ക്യാപ്റ്റൻ ഉദയ് സഹാറൻ കൂട്ടുകെട്ടാണ്. മത്സരശേഷം എല്ലവരും ശ്രദ്ധിച്ചത് ടൂർണമെന്റിലുടനീളം ഉജ്ജ്വല ഫോമിൽ കൡക്കുന്ന ആ കൗമാര സച്ചിൻ ആരാണെന്നായിരുന്നു. അതിനുള്ള ഉത്തരവുമായെത്തിയിരിക്കുകയാണ് പിതാവ് സഞ്ജയ്.
സച്ചിൻ ടെണ്ടുൽക്കറോടുള്ള കടുത്ത ആരാധനയാണ് മകന് പേരുനൽകാൻ കാരണമെന്ന് പിതാവ് പറയുന്നു. എന്നാൽ മകന് ഏറെ ഇഷ്ടം വിരാട് കോഹ്ലിയെയാണെന്നും സഞ്ജയ് പറഞ്ഞു. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സച്ചിൻ ദാസിന് മറ്റ് സുഹൃത്തുക്കളാരുമില്ല. ഞാനാണ് ഏക സുഹൃത്ത്. ക്രിക്കറ്റിൽ നിന്നുള്ള ശ്രദ്ധ മാറാതിരിക്കാൻ വിവാഹ ചടങ്ങുകളിലോ മറ്റു ആഘോഷ പരിപാടികളിലോ പങ്കെടുക്കാൻ മകനെ അനുവദിച്ചിരുന്നില്ല-സച്ചിൻ ദാസിന്റെ പിതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു.
മകൻ സീനിയർ ടീമിൽ കളിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സഞ്ജയ് പറഞ്ഞു. അത് എളുപ്പമല്ലെന്ന് അറിയാം. എന്നാൽ മികച്ച പ്രകടനത്തിലൂടെ മകൻ ആ ലക്ഷ്യത്തിലേക്കെത്തുമെന്നും പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെമിയിൽ ഇന്ത്യ രണ്ട് വിക്കറ്റ് വിജയം സ്വന്തമാക്കി തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് ടിക്കറ്റെടുക്കുമ്പോൾ ഹീറോകളിലൊരാൾ ആറാമനായി ക്രീസിലെത്തിയ സച്ചിൻ ദാസായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 256 റൺസ് വിജയ ലക്ഷ്യം മുന്നോട്ടു വെച്ചപ്പോൾ മറുപടി ബാറ്റിംഗിൽ ഇന്ത്യ 48.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തി.