അതിവേഗം ബഹുദൂരം കോഹ്‌ലി; സച്ചിനെയും മറികടന്ന് 13000 ക്ലബ്ബിൽ; റെക്കോർഡ്
വെറും 267 ഇന്നിങ്സുകളിലാണ് 34കാരനായ താരം നേട്ടം കൈവരിച്ചത്.
കൊളംബോ: കളിക്കളത്തിൽ പുതിയ റെക്കോർഡുമായി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി. ഏകദിനത്തിൽ 13000 റൺസ് ക്ലബ്ബിൽ ഇടംപിടിച്ച കോഹ്‌ലി, നേട്ടം അതിവേഗത്തിൽ സ്വന്തമാക്കുന്ന താരമാവുകയും ചെയ്തു. പട്ടികയിൽ സച്ചിനെ പിന്തള്ളിയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പുതിയ റെക്കോർഡിൽ മുത്തമിട്ടത്.
തിങ്കളാഴ്ച കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ ചിരവൈരികളായ പാകിസ്താനെതിരായ ഏഷ്യാ കപ്പ് സൂപ്പർ-4 പോരാട്ടത്തിനിടെയാണ് വിരാട് കോഹ്‌ലി ഏറ്റവും വേഗത്തിൽ 13,000 ഏകദിന റൺസ് തികയ്ക്കുന്ന താരമായത്. വെറും 267 ഇന്നിങ്സുകളിലാണ് 34കാരനായ താരം നേട്ടം കൈവരിച്ചത്. 321 ഇന്നിങ്സുകളിൽ നിന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഈ നേട്ടം സ്വന്തമാക്കിയത്.
ഷഹീൻ അഫ്രീദിയുടെ ബോളിൽ ഇരട്ട റണ്ണിലൂടെയാണ് കോഹ്‌ലി നാഴികക്കല്ല് പിന്നിട്ടത്. 98ാം റൺസിലായിരുന്നു ഈ നേട്ടം. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആണ് പട്ടികയിൽ മൂന്നാമത്. 341 ഇന്നിങ്‌സുകളിൽ നിന്നാണ് പോണ്ടിങ് 13000 റൺസ് നേടിയത്. മുൻ ശ്രീലങ്കൻ ടീം ക്യാപ്റ്റൻമാരായ കുമാർ സങ്കക്കാര (363), സനത് ജയസൂര്യ (416) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
ലോകത്ത് ഏറ്റവും വേഗത്തിൽ 8000, 9000, 10000, 11000, 12000 റൺസ് തികച്ചതും കോഹ്‌ലി തന്നെയാണ്. ഏകദിനത്തിൽ 13,000 റൺസ് പിന്നിടുന്ന ലോകത്തെ അഞ്ചാമത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും താരമാണ് കോഹ്‌ലി. അതേസമയം, സെഞ്ച്വറികളുടെ എണ്ണത്തിൽ സച്ചിന് തൊട്ടരികിൽ കോഹ്‌ലിയെത്തി.
49 സെഞ്ച്വറിയുമായി ഒന്നാം സ്ഥാനത്തുള്ള സച്ചിന് പിന്നിൽ 47 സെഞ്ച്വറിയുമായാണ് കോഹ്‌ലിയുടെ തേരോട്ടം. ഈ വർഷം തന്നെ എകദിനത്തിൽ 50 സെഞ്ച്വറി എന്ന മാന്ത്രിക സംഖ്യ കോഹ്‌ലിക്ക് സ്വന്തമാക്കാനായേക്കും. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് 30 സെഞ്ച്വറിയുമായി മൂന്നാം സ്ഥാനത്ത്.
അതേസമയം, ആദ്യ ദിനം പാതിവഴിയിൽ മുടങ്ങിയ കളി, ഇന്ന് പുനരാരംഭിച്ചപ്പോൾ തീപ്പൊരി സെഞ്ച്വറിയുമായാണ് കോഹ്‌ലി തിളങ്ങിയത്. കോഹ്‌ലിയുടെയും കെ.എൽ രാഹുലിന്റേയും തകർപ്പൻ സെഞ്ച്വറിയുടെയും ഇന്നലെ നായകൻ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റേയും അർധ സെഞ്ച്വറിയുടെയും ബലത്തിൽ പാകിസ്താന് മുന്നിൽ കൂറ്റൻ ലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.