നെറ്റിൽ പന്തടിച്ചു പറത്തി കോഹ്‌ലിയും രോഹിതും; വീഡിയോ പങ്കുവച്ച് ബിസിസിഐ
നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്
ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിന് മുമ്പ് ടീം ഇന്ത്യൻ നായകൻ വിരാട് കോലിയുടെയും ഉപനായകൻ രോഹിത് ശർമ്മയുടെയും വീഡിയോ പങ്കുവച്ച് ബിസിസിഐ. നെറ്റിൽ ഇരുവരും പ്രാക്ടീസ് ചെയ്യുന്ന വീഡിയോയാണ് ക്രിക്കറ്റ് ബോർഡ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
കളിയിൽ വ്യാപൃതമാകുന്നതിനെ കുറിച്ച് സംസാരിക്കൂ എന്ന ശീർഷകത്തോടെയാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്. ടീമിന്റെ യാത്ര അവസാനിച്ചെന്നും കുഞ്ഞൻ ടീമുകളോട് ജയിക്കുന്നതിൽ വലിയ കാര്യമില്ലെന്നും രാകേഷ് എന്ന ട്വിറ്റർ ഉപഭോക്താവ് പ്രതികരിച്ചു. വലിയ ടീമുകൾ പാർട്ടി ആസ്വദിക്കുമ്പോൾ ചെറു ടീമുകൾക്കെതിരെ പരിശീലനം നടക്കുന്ന തിരക്കിലാണ് ഇന്ത്യൻ താരങ്ങൾ എന്നാണ് വിവേക് ശുക്ല എന്നയാൾ പരിഹസിച്ചത്.
Talk about getting into the groove 💪 👍@imVkohli | @ImRo45 #TeamIndia #T20WorldCup #INDvAFG pic.twitter.com/utXY9tSOKE
— BCCI (@BCCI) November 3, 2021
അതിനിടെ, സെമിയിലേക്കുള്ള വിദൂര സാധ്യത നിലനിർത്താൻ അഫ്ഗാനെതിരെ വമ്പൻ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അബുദബിയിൽ രാത്രി 7.30നാണ് മത്സരം. രണ്ട് കളിയും തോറ്റ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. റൺറേറ്റിലും വളരെ പിന്നിൽ. ഇന്നത്തേത് അടക്കം മൂന്ന് കളികളും മികച്ച മാർജിനിൽ ജയിക്കുകയും കുഞ്ഞൻ ടീമുകൾ വമ്പൻ ടീമുകളെ അട്ടിമറിക്കുന്നതിനായി കാത്തിരിക്കുകയുമാണ് ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വഴി.
നാല് പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ് അഫ്ഗാനിസ്ഥാൻ. വമ്പൻ ജയം നേടുന്നതിലൂടെ സെമി സാധ്യത നിലനിർത്തുക മാത്രമല്ല നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ പിടിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. കളിച്ച മൂന്ന് കളിയിലും അഫ്ഗാൻ കാഴ്ചവെച്ച പോരാട്ട വീര്യം പരിഗണിക്കുമ്പോൾ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ഇന്ത്യയെ 10 വിക്കറ്റിന് തോൽപിച്ച പാകിസ്താനോട് അവസാന മിനിട്ട് വരെ പൊരുതിയാണ് അഫ്ഗാൻ തോൽവി വഴങ്ങിയത്.
പൊട്ടിപ്പൊളിഞ്ഞ ബാറ്റിങ് ലൈനപ്പിൽ ഇന്ത്യ ഇന്നും അഴിച്ചുപണി നടത്തുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. രണ്ട് കളിയിലും പരാജയപ്പെട്ട ബൗളിങ് നിരയിൽ അഴിച്ചുപണി ഉറപ്പാണ്. വരുൺ ചക്രവർത്തിക്ക് പകരം ആർ അശ്വിനും മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വർ കുമാറും കളിച്ചേക്കും. സാഹചര്യം പ്രതികൂലമാണെങ്കിലും അടിച്ചുകളിക്കുക എന്ന അജണ്ട നടപ്പാക്കുന്ന മുൻ നിര ബാറ്റർമാരാണ് അഫ്ഗാന്റെ കരുത്ത്. അതിനാൽ ടോസ് ലഭിച്ചാലും അഫ്ഗാനിസ്താനെ ആദ്യം ബാറ്റ് ചെയ്യാൻ ഇന്ത്യ അനുവദിക്കാൻ സാധ്യത കുറവാണ്. മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്‌മാൻ സ്പിൻ ത്രയം ഫോമിലാണെങ്കിലും ഇവർ ഇന്ത്യൻ നിരയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യത കുറവാണ്.