സെമിഫൈനലിൽ ആരൊക്കെയെത്തും ? ടി20 ലോകകപ്പിലെ സാധ്യതകൾ ഇങ്ങനെ

ഗ്രൂപ്പ് രണ്ടിൽ നിന്ന് ആരൊക്കെ സെമിയിലെത്തുമെന്ന് നാളെ നടക്കുന്ന മത്സരങ്ങൾ പൂർത്തിയായാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ

Update: 2022-11-05 03:50 GMT
Editor : Dibin Gopan | By : Web Desk
Advertising

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ കടക്കുന്ന ആദ്യ ടീമായി ന്യൂസീലൻഡ്. ഗ്രൂപ്പ് ഒന്നിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഫ്ഗാനെതിരേ ഓസ്ട്രേലിയ 168 റൺസിൽ ഒതുങ്ങിയതോടെയാണ് ന്യൂസീലൻഡ് ഔദ്യോഗികമായി സെമി ഉറപ്പിച്ചത്.

ന്യൂസീലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കണമെങ്കിൽ ഓസ്ട്രേലിയക്ക് 185 റൺസെങ്കിലും സ്‌കോർ ചെയ്ത് വിജയം നേടണമായിരുന്നു. അഞ്ച് മത്സരങ്ങളിൽനിന്ന് ഏഴ് പോയന്റോടെയാണ് കിവീസിന്റെ സെമി പ്രവേശനം. +2.113 എന്ന മികച്ച നെറ്റ് റൺറേറ്റിലായിരുന്നു കിവീസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ അയർലൻഡിനെതിരേ 35 റൺസിന്റെ ജയത്തോടെ ന്യൂസീലൻഡ് സെമി ബർത്ത് ഏതാണ്ട് ഉറപ്പിച്ചിരുന്നു. ഓസീസിനെതിരായ അഫ്ഗാന്റെ മികച്ച പ്രകടനത്തോടെ ഇനി മറ്റൊരു ടീമിനും ന്യൂസീലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കുക അസാധ്യമാണ്.

എന്നാൽ അഫ്ഗാനെതിരേ വെറും നാല് റൺസിന്റെ മാത്രം വിജയം നേടാനായ ഓസീസിന് തങ്ങളുടെ സെമി സാധ്യത അറിയാൻ ശനിയാഴ്ച നടക്കുന്ന ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരം വരെ കാത്തിരിക്കണം. ഇംഗ്ലണ്ട് ജയിച്ചാൽ ഓസീസിനെ മറികടന്ന് അവർ സെമിയിലെത്തും. ശ്രീലങ്ക ജയിച്ചാൽ ഓസീസിന് സെമിയിലെത്താം.

ഗ്രൂപ്പ് രണ്ടിൽ നിന്ന് ആരൊക്കെ സെമിയിലെത്തുമെന്ന് നാളെ നടക്കുന്ന മത്സരങ്ങൾ പൂർത്തിയായാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. നിലവിലെ പോയിന്റ് പരിശോധിച്ചാൽ, 6 പോയിന്റുള്ള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. 5 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ സിംബാബ്‌വെയെ തോൽപ്പിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തും. തോറ്റാൽ പുറത്ത് പോകാനുള്ള സാധ്യതയുമുണ്ട്.

നെതൽലൻഡ്‌സിനെ തോൽപ്പിച്ചാൽ ദക്ഷിണാഫ്രിക്കയും സെമിയിലെത്തും. തോറ്റാൽ അവരും സെമി കാണാതെ പുറത്താകാനുള്ള സാധ്യതയുണ്ട്. നാളെ നടക്കുന്ന മറ്റൊരു മത്സരത്തിൽ പാകിസ്താൻ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ അവർക്കും സെമി സാധ്യതയുണ്ട്. എന്നാൽ, ദക്ഷിണാഫ്രിക്കയുടെയും ഇന്ത്യയുടെയും മത്സഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാകിസ്താന്റെ സെമി പ്രവേശനം. പാകിസ്താനെ തോൽപ്പിച്ചാൽ ബംഗ്ലാദേശിനും സെമിസാധ്യതയുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News