ആരാവും ബട്‌ലർക്ക് പകരക്കാരൻ? പടിക്കലിന് സ്ഥാനക്കയറ്റമോ അതോ ജോ റൂട്ടോ?
നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ എടുക്കുന്ന തീരുമാനം എന്താണെന്ന് അറിയാനാണ് ആരാധകര്‍ നോക്കുന്നത്
ഗുവാഹത്തി: ഐ.പി.എല്ലിൽ മൂന്നാം മത്സരത്തിനിറങ്ങുന്ന രാജസ്ഥാൻ റോയൽസിലെ മാറ്റങ്ങളിൽ ഉറ്റുനോക്കി ആരാധകർ. നായകനെന്ന നിലയിൽ സഞ്ജു സാംസൺ എടുക്കുന്ന തീരുമാനം എന്താണെന്ന് അറിയാനാണ് ആരാധകർ നോക്കുന്നത്. ഡൽഹി കാപിറ്റൽസാണ് രാജസ്ഥാന്റെ എതിരാളി. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ വൈകീട്ട് 3.30 മുതലാണ് മത്സരം തുടങ്ങുന്നത്.
ജോസ് ബട്‌ലർക്ക് പരിക്കേറ്റതാണ് രാജസ്ഥാന് ക്ഷീണമായത്. ദേവ്ദത്ത് പടിക്കൽ ഫോമിലില്ലാത്തതും സഞ്ജുവിനെ കുഴപ്പിക്കുന്നുണ്ട്. ബട്‌ലർക്ക് പകരം രവിചന്ദ്ര അശ്വിനെ ഓപ്പണറാക്കിയുള്ള പരീക്ഷണം അമ്പെ പരാജയപ്പെട്ടിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ പൂജ്യത്തിനാണ് അശ്വിൻ ക്രീസ് വിട്ടത്. വിരലിന് പരിക്കേറ്റതിനാൽ വൺഡൗണായാണ് ആ മത്സരത്തില്‍ ബട്‌ലർ ക്രീസിലെത്തിയത്. ദീർഘ ഇന്നിങ്‌സോ വെടിക്കെട്ട് പ്രകടനമോ കാഴ്ചവെക്കാൻ ആ പൊസിഷനിൽ ബട്‌ലർക്ക് കഴിഞ്ഞില്ല. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ തട്ടുതകർപ്പൻ ബാറ്റിങാണ് ബട്‌ലർ പുറത്തെടുത്തിരുന്നത്.
ബട്‌ലർ പരിക്കിന്റെ പിടിയിലാണ്. അദ്ദേഹത്തിന് പകരം ആര് എത്തും എന്നാണ് ആരാധകർ നോക്കുന്നത്. മറ്റൊരും ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകളും സജീവമാണ്. പടിക്കലിനെ ഓപ്പണറാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മധ്യനിരയേക്കാളും ദേവ്ദത്ത് പടിക്കൽ ശോഭിക്കുക ഓപ്പണറുടെ റോളിലാണ്. ബംഗ്ലൂരിലായിരുന്നപ്പോൾ ആ പൊസിഷനിലായിരുന്നു റൺസുകളത്രയും പടിക്കല്‍ വാരിക്കൂട്ടിയിരുന്നത്. അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന അഭിപ്രായം ശക്തമാണ്.
എന്താവും സഞ്ജുവിന്റെയും ടീം മാനേജ്‌മെന്റിന്റെയും പദ്ധതിയെന്തെന്ന് വ്യക്തമല്ല. അതേസമയം കളിച്ച രണ്ടു മത്സരങ്ങളിലും തോറ്റ ഡൽഹിക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. അല്ലങ്കിൽ ഹാട്രിക് തോൽവിയുമായി പോയിന്റ് ടേബിളിന്റെ അടിയിൽ കിടക്കേണ്ടിവരും. രാജസ്ഥാനാകട്ടെ ആദ്യ മത്സരം ജയിച്ചിരുന്നു.