'അച്ഛാ സന്തോഷമായില്ലേ?'; വീഡിയോ കോളിൽ കരച്ചിലടക്കാനാവാതെ യശസ്വി ജയ്‌സ്വാൾ
''വല്ലാത്തൊരു നിമിഷമായിരുന്നു അത്. അധികമൊന്നും സംസാരിച്ചില്ല, അച്ഛാ സന്തോഷമായില്ലെ എന്ന് ചോദിച്ചു''
മുംബൈ: അടുത്തകാലം വരെ പോക്കറ്റ് മണിക്കായി പാനിപുരി വിറ്റിരുന്നു, യശ്വിസി ജയ്‌സ്വാൾ. ഐ.പി.എൽ പടവുകളിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെ ഓപ്പണറുടെ റോളിലെത്തിയ ജയ്സ്വാള്‍ ഇപ്പോൾ സന്തോഷത്തിലാണ്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ജയ്‌സ്വാൾ സെഞ്ച്വറി കുറിച്ച് സെലക്ടർമാർ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു. 171 റൺസാണ് ജയ്‌സ്വാൾ നേടിയത്.
ഇരട്ട ശതകം നേടുമെന്ന് തോന്നിച്ചെങ്കിലും നേരിട്ട 387ാം പന്തിൽ ജോഷ്വ ഡി സിൽവക്ക് ക്യാച്ച് നൽകി ജയ്‌സ്വാൾ മടങ്ങുകയായിരുന്നു. ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന പതിനേഴാമത്തെ താരമാണ് ജയ്‌സ്വാൾ. തന്റെ സെഞ്ച്വറി നേട്ടം ആസ്വദിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ കൂടി ഓപ്പണർ. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ജയ്‌സ്വാൾ വീട്ടിലേക്ക് വിളിച്ചെന്ന് വെളിപ്പെടുത്തിയത് അച്ഛന്‍ ഭൂപേന്ദ്ര.
സെഞ്ച്വറി നേടിയതിന്റെ പിന്നാലെ മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യൻ സമയം പുലർച്ചെ നാല് മണിക്കാണ് ജയ്‌സ്വാൾ വിളിച്ചതെന്ന് ഭൂപേന്ദ്ര പറഞ്ഞു. ''വിളിച്ചപ്പോൾ മകൻ കരഞ്ഞു, എനിക്കും കരച്ചിലടക്കാനായില്ല. വല്ലാത്തൊരു നിമിഷമായിരുന്നു അത്. അധികമൊന്നും സംസാരിച്ചില്ല, അച്ഛാ സന്തോഷമായില്ലെ എന്ന് ചോദിച്ചു- ഭൂപേന്ദ്ര പറഞ്ഞു. ഉത്തർപ്രദേശിലെ ബദോഹിയിൽ ചെറിയൊരു പെയിന്റ് കട നടത്തുകയാണ് ഭൂപേന്ദ്ര. അച്ഛനൊപ്പമാണ് തന്റെ കരിയറിന്റെ തുടക്കകാലത്തും അടുത്ത കാലം വരെയും പാനിപുരി ഷോപ്പിൽ ജയ്സ്വാള്‍ ജോലി ചെയ്തിരുന്നത്.
ജയ്‌സ്വാളിന്റെ ജീവിത കഥ അടുത്ത കാലത്ത് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വൈറലായിരുന്നു. അതേസമയം ഇന്ത്യക്കായി അരങ്ങേറ്റത്തിൽ തന്നെ 150 റൺസിലേറെ റൺസ് നേടുന്ന മൂന്നാമത്തെ ബാറ്ററാണ് ജയ്‌സ്വാൾ. മത്സരത്തിൽ നായകൻ രോഹിത് ശർമ്മക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് ജയ്‌സ്വാൾ പടുത്തുയർത്തിയത്. രോഹിതും സെഞ്ച്വറി നേടിയിരുന്നു. ഈ മാസം 24ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് പ്രതീക്ഷയോടെ ഒരുങ്ങുകയാണ് 21കാരനായ യശ്വസി ജയ്‌സ്വാൾ.