"ഡല്‍ഹിയിലെ ആ കുഞ്ഞു പയ്യന്" ; കോഹ്‍ലിക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി യുവി
വ്യക്തി എന്ന നിലയിലും ക്രിക്കറ്റർ എന്ന് നിലയിലും വിരാടിന്റെ വളർച്ചക്ക് താൻ സാക്ഷിയാണെന്ന് യുവി
മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് വൈകാരികമായൊരു കുറിപ്പെഴുതിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. ഡൽഹിയിലെ ആ കൊച്ചു പയ്യന് എന്ന മുഖവുരയോടെ ട്വിറ്ററിലാണ് യുവി കത്ത് പങ്കുവച്ചത്. യുവിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. പുതുതലമുറക്ക് വിരാട് വലിയ പ്രചോദനമാണെന്നും വ്യക്തി എന്ന നിലയിലും ക്രിക്കറ്റർ എന്ന് നിലയിലും വിരാടിന്റെ വളർച്ചക്ക് താൻ സാക്ഷിയാണെന്നും യുവി കത്തില്‍ കുറിച്ചു.
"പ്രിയപ്പെട്ട വിരാട്, ഒരു ക്രിക്കറ്റർ എന്ന നിലയിലും വ്യക്തി എന്ന നിലയിലും നിന്റെ വളർച്ചക്ക് ഞാൻ സാക്ഷിയാണ്. നെറ്റ്‌സിലെ ആ കുഞ്ഞു പയ്യൻ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്ന് നിൽക്കുകയാണിപ്പോൾ. വിരാട് നീ ഒരിതിഹാസമാണ്. ക്രിക്കറ്റിനോടുള്ള നിന്റെ അടങ്ങാത്ത അഭിനിവേശം രാജ്യത്തിന്റെ നീല ജേഴ്‌സി സ്വപ്‌നം കണ്ട് ബാറ്റ് കയ്യിലെടുക്കുന്ന രാജ്യത്തെ ഓരോ കൊച്ചു കുട്ടിക്കും പ്രചോദനമാണ്. ക്രിക്കറ്റ് ലോകത്ത് ഒരുപാട് നേട്ടങ്ങൾ നീ കരസ്ഥമാക്കിയിട്ടുണ്ട്. താങ്കളൊരു മികച്ച ക്യാപ്റ്റനും ഒരിതിഹാസ നായകനുമാണ്"- യുവി കുറിച്ചു. ലോകത്തിന് മുഴുവൻ നീ ക്രിക്കറ്റ് രാജാവാണെങ്കിലും എനിക്ക് നീ എന്നും എന്റെ ചീക്കുവാണ് എന്ന് കുറിച്ചാണ് യുവി കത്ത് അവസാനിപ്പിക്കുന്നത്.
ക്യാപ്റ്റനായിരിക്കെ ലക്ഷക്കണക്കിന് ആരാധകരുടെ മുഖത്ത് പുഞ്ചിരി നിറക്കാൻ വിരാടിന് കഴിഞ്ഞുവെന്നും രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്തിയ താങ്കൾ ഇനിയുമത് തുടരണമെന്നും യുവി ട്വീറ്റ് ചെയ്തു.