ക്രേസി ഫ്രേസര്‍; ലഖ്‌നൗവിനെ 6 വിക്കറ്റിന് തകർത്ത് ഡൽഹി
അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി കുറിച്ച് ജേക് ഫ്രേസര്‍
ലഖ്‌നൗ: അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞ ജേക് ഫ്രേസറിന്റേയും 41 റണ്‍സെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്തിന്റേയും മിന്നും പ്രകടനങ്ങളുടെ മികവിൽ ലഖ്‌നൗവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റിന്റെ ജയം. ലഖ്‌നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ശേഷിക്കേയാണ് ഡൽഹി മറികടന്നത്. ഐ.പി.എല്ലിൽ തന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയ ഫ്രേസർ 31 പന്തില്‍ അർധ ശതകം കുറിച്ചു. രണ്ട് ഫോറുകളുടേയും അഞ്ച് സിക്‌സുകളുടേയും അകമ്പടിയിൽ 55 റൺസാണ് താരം അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിൽ ഡേവിഡ് വാർണറിനെ മൂന്നാം ഓവറിൽ തന്നെ നഷ്ടമായെങ്കിലും വൺ ഡൗണായി ക്രീസിലെത്തിയ ഫ്രേസറിനെ കൂട്ടുപിടിച്ച് ഓപ്പണർ പ്രിഥ്വി ഷാ ഡൽഹി സ്‌കോർ ബോര്‍ഡ് ചലിപ്പിച്ചു. ഏഴാം ഓവറിൽ രവി ബിഷ്‌ണോയിക്ക് വിക്കറ്റ് നൽകി ഷാ മടങ്ങി. 22 പന്തിൽ 32 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ക്രീസിലൊന്നിച്ച ഋഷഭ് പന്തും ഫ്രേസറും ചേർന്ന് ഡൽഹി സ്‌കോർ അതിവേഗമുയർത്തി. മൂന്നാം വിക്കറ്റിൽ 77 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 15ാം ഓവറിൽ നവീനുൽ ഹഖിന് വിക്കറ്റ് നൽകി ഫ്രേസർ മടങ്ങി. തൊട്ടടുത്ത ഓവറിൽ രവി ബിഷ്‌ണോയ് പന്തിനെ കൂടാരം കയറ്റി. പിന്നീട് ക്രീസിലെത്തിയ ട്രിസ്റ്റന്‍ സ്റ്റബ്സും ഷായ് ഹോപ്പും ചേര്‍ന്നാണ് ഡല്‍ഹിയെ വിജയതീരമണച്ചത്.
നേരത്തേ ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ലഖ്‌നൗ നായകൻ കെ.എൽ രാഹുലിന്റെ കണക്കു കൂട്ടലുകളെ മുഴുവൻ തെറ്റിക്കുന്നതായിരുന്നു ഡൽഹി ബോളർമാരുടെ പ്രകടനം. പത്തോവറിൽ 77 റൺസെടുക്കുന്നതിനിടെ അഞ്ച് മുൻനിര ബാറ്റർമാർ കൂടാരം കയറി. അവസാന ഓവറുകളിൽ തകർത്തടിച്ച ആയുഷ് ബദോനിയും അർഷദ് ഖാനും ചേർന്നാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ലഖ്‌നൗവിനെ കൈപിടിച്ചുയർത്തിയത്. ബദോനി 35 പന്തിൽ 55 റൺസെടുത്ത് പുറത്താവാതെ നിന്നു. അര്‍ഷദ് ഖാന്‍ 20 റണ്‍സെടുത്തു. നേരത്തെ ക്യാപ്റ്റൻ കെ.എല്‍ രാഹുൽ 39 റൺസുമായി ലഖ്‌നൗവിന് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ പിന്നീട് വന്നവർക്കൊന്നും അവസരത്തിനൊത്ത് ഉയരാനായില്ല. ഡൽഹിക്കായി കുൽദീപ് യാദവ് നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.