കോപ്പയില്‍ മുത്തമിട്ട ശേഷം മെസ്സി ചേര്‍ത്തുപിടിച്ച് പറഞ്ഞത് അതാണ്; വെളിപ്പെടുത്തി ഏഞ്ചല്‍ ഡിമരിയ

2014ല്‍ ഇതേ മറക്കാനാ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ കരഞ്ഞായിരുന്നു അര്‍ജന്റീനയുടെ മടക്കം. അന്ന് ഫൈനലില്‍ പരിക്ക് കാരണം ഡിമരിയയ്ക്ക് കളിക്കാനായിരുന്നില്ല. 2015ലും 2016ലും നടന്ന കോപ അമേരിക്ക ഫൈനലുകളിലും പരിക്കുകാരണം ഡിമരിയയ്ക്ക് കളി പൂര്‍ത്തിയാക്കാനായിരുന്നില്ല

Update: 2021-07-11 13:24 GMT
Editor : Shaheer | By : Web Desk
Advertising

ലയണല്‍ മെസ്സിയെന്ന ഇതിഹാസ താരത്തിന്റെ കരിയര്‍പൂര്‍ണിമയ്ക്ക് ഒരു അന്താരാഷ്ട്ര കിരീടത്തിന്റെ കുറവുണ്ടായിരുന്നു. പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര കിരീടങ്ങള്‍ അര്‍ജന്റീനയില്‍നിന്ന് അകന്നും നില്‍ക്കുന്നു. എന്നാല്‍, മാറക്കാനയിലെ ചരിത്രമൈതാനത്ത് ഏഞ്ചല്‍ ഡിമരിയ എല്ലാ കണക്കും തീര്‍ത്തുകൊടുത്തു.

റോഡ്രിഗോ ഡിപോള്‍ ഉയര്‍ത്തിയിട്ടുകൊടുത്ത ലോങ് ബോള്‍ കൃത്യമായി പിടിച്ചെടുത്ത് ബദ്ധവൈരികളായ ബ്രസീലിന്റെ കിരീടസ്വപ്‌നങ്ങളുടെ വലയിലേക്ക് കോരിയിടുമ്പോള്‍ അതൊരു ചരിത്ര നിമിഷമാകുമെന്നു ആരും കരുതിയിരുന്നതല്ല. എന്നാല്‍, അധിക മിനിറ്റിലടക്കം വാശിനിറഞ്ഞുനിന്ന പോരാട്ടത്തില്‍ തിരിച്ചടിക്കുള്ള എല്ലാ സാധ്യതകളും കാനറികള്‍ക്കുമുന്നില്‍ അടഞ്ഞപ്പോള്‍ ഡിമരിയ നിര്‍ണായക നിമിഷത്തില്‍ അവതരിച്ച മാലാഖയായി വാഴ്ത്തപ്പെട്ടു.

മെസ്സിയുടെ ആവശ്യമായിരുന്നു ഈ ജയം; മെസ്സിക്കൊരു അന്താരാഷ്ട്ര കിരീടമെന്നത് ഓരോ അര്‍ജന്റീനാ താരങ്ങളുടെയും. ഒടുവില്‍ അതും സംഭവിച്ചപ്പോള്‍ വിജയശില്‍പിയായ ഡിമരിയയെ മറന്നില്ല മെസ്സി. വികാരഭരിതമായ ആ നിമിഷത്തില്‍ മെസ്സി ഡിമരിയയുടെ അടുത്തുവന്നുനിന്നു, എന്നിട്ടു പറഞ്ഞു: ''നന്ദി...!'' ഡിമരിയ തിരിച്ചും നന്ദി പറഞ്ഞു. അപ്പോള്‍ മെസ്സി: ''ഇത് നിന്റെ ഫൈനലാണ്. നിനക്കു കളിക്കാന്‍ കഴിയാതെ പോയ ആ കലാശപ്പോരാട്ടങ്ങള്‍ക്കെല്ലാം പകരമായുള്ള മത്സരം. അതിന്നായിരിക്കണം. അതെ, ഇന്നു തന്നെയായിരുന്നു അത്.''

2014ല്‍ ഇതേ മറക്കാനാ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ കരഞ്ഞായിരുന്നു അര്‍ജന്റീനയുടെ മടക്കം. അന്ന് ഫൈനലില്‍ പരിക്ക് കാരണം ഡിമരിയയ്ക്ക് കളിക്കാനായിരുന്നില്ല. 2015ലും 2016ലും കോപ അമേരിക്ക ഫൈനലുകളിലും അര്‍ജന്റീന പരാജയം നുണഞ്ഞു. രണ്ടു പ്രാവശ്യവും പെനാല്‍റ്റിയില്‍ ചിലിയോടായിരുന്നു അര്‍ജന്റീന കീഴടങ്ങിയത്. ഈ രണ്ടു മത്സരങ്ങളിലും പരിക്കുകാരണം ഡിമരിയയ്ക്ക് കളി പൂര്‍ത്തിയാക്കാനായിരുന്നില്ല. എല്ലാത്തിനുംകൂടി കണക്കുതീര്‍ത്തായിരുന്നു അളന്നുമുറിച്ച ആ നിര്‍ണായകഗോള്‍.

ഇത് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസമായിരിക്കുമെന്നാണ് മത്സരശേഷം ഡിമരിയ പ്രതികരിച്ചത്. മെസ്സിയുടെ നന്ദിപ്രകടനത്തെക്കുറിച്ചും വെളിപ്പെടുത്തി. മക്കള്‍, ഭാര്യ, മാതാപിതാക്കള്‍, ഞങ്ങളെ പിന്തുണച്ച ജനങ്ങള്‍, കളി കാണാനെത്തിയ ഭ്രാന്തരായ മനുഷ്യര്‍... ഇവരെയെല്ലാം ആലോചിച്ച് ഏറെ സന്തോഷവാനാണ് താനെന്നും ലോകകപ്പാണ് ഉടന്‍ വരുന്നത്, ഇതൊരു വലിയ ഊര്‍ജമാണെന്നും ഡിമരിയ കൂട്ടിച്ചേര്‍ത്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News