ഹാരി മഗ്വയറിന്റെ മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് കരിയറിന് അന്ത്യം?

2019-ൽ റെക്കോർഡ് തുകക്കാണ് മ​ഗ്വയററിനെ ഓൾഡ് ട്രാഫോർഡിലേക്ക് മാഞ്ചസ്റ്റർ യുണെെറ്റഡ് കൊണ്ടു വരുന്നത്

Update: 2023-05-02 13:16 GMT
Advertising

ഇം​ഗ്ലീഷ് പ്രതിരോധ നിരക്കാരൻ ഹാരി മ​ഗ്വയററിന്റെ മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനൊപ്പമുളള കരിയർ അവസാനിക്കുന്നതായി റിപ്പോർട്ട്. ഈ സീസണിൽ യുണൈറ്റഡിനായി വെറും 15 മത്സരങ്ങളിൽ മാത്രമാണ് മുപ്പതുകാരനായ താരത്തിന് ആദ്യ ഇലവനിൽ ഇറങ്ങാനായത്. ഈ സീസണു ശേഷം താരം ടീമുമായി പിരിയുമെന്നാണ് റിപ്പോർട്ട്.

2019-ലാണ് 80 മില്യൺ (800 കോടി) മുടക്കി മ​ഗ്വയററിനെ ഓൾഡ് ട്രാഫോർഡിലേക്ക് മാഞ്ചസ്റ്റർ യുണെെറ്റഡ് കൊണ്ടു വരുന്നത്. വലിയ തുകയുടെ ഭാരം തുടക്കം മുതലേ യുണെെറ്റ‍ഡിനായി കളിക്കുമ്പോൾ താരത്തിന്റെ പ്രകടനങ്ങളെ ബാധിച്ചിരുന്നു. ലെസ്റ്റർ സിറ്റിക്കായി കളിക്കുമ്പോൾ പ്രീമിയർ ലീഗിലെ ഏറ്റവും സ്ഥിരതയുള്ള പ്രകടനക്കാരിൽ ഒരാളായി പക്വത പ്രാപിച്ച മഗ്വയറിനെ 2019-ൽ നിരവധി മികച്ച ക്ലബ്ബുകളാണ് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നത്. പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരത്തെ എത്തിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒരു ഡിഫൻഡർക്കുള്ള ലോക ട്രാൻസ്ഫർ റെക്കോർഡ് തകർത്താണ് യുണൈറ്റഡ് അന്ന് താരത്തെ സ്വന്തമാക്കിയത്.

മാഗ്വയർ തന്നെയാണ് ഇപ്പോഴും യുണൈറ്റഡിന്റെ ക്ലബ് ക്യാപ്റ്റൻ. എന്നാൽ ബ്രൂണോ ഫെർണാണ്ടസാണ് ഇപ്പോൾ 90 ശതമാനം സമയവും ക്യാപ്റ്റൻ ആംബാൻഡ് ധരിക്കുന്നത്. ലിസാൻഡ്രോ മാർട്ടിനെസും റാഫേൽ വരാനെയും പരിക്കിന്റെ പിടിയിലായിട്ടും താരത്തെ വിശ്വസിച്ച് ആദ്യ ഇലവനിറക്കാൻ പരിശീലകൻ ടെൻ ഹാഗ് ഒരുക്കമല്ല. കഴിഞ മാസം സെവിയ്യക്കെതിരെ നടന്ന യൂറോപ്പ ലീ​ഗ് ക്വാർട്ടർ ഫെെനലിലെ രണ്ടു പാദ മത്സരങ്ങളിലും താരത്തിന്റെ പിഴവുകൾ ടീമിന് തിരിച്ചടിയാകുകയും യൂറോപ്പ ലീ​ഗിൽ നിന്ന് പുറത്താകാനും ഇടയാക്കിയിരുന്നു. ടെൻ ഹാഗിന്റെ പദ്ധതികളിൽ ഇം​ഗ്ലീഷ് താരത്തിന് ഇടമില്ലെന്ന് ഉറപ്പാണ്. വലിയ പ്രതീക്ഷയുമായി യുണൈറ്റ‍ഡിനൊപ്പം ചേർന്ന മാഗ്വയർ നിരവധി പരിഹാസങ്ങൾക്ക് നടുവിലൂടെയാണ് നിലവിൽ കടന്ന് പോകുന്നത്.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News