വിന്‍ഡീസ് താരത്തെ ദക്ഷിണാഫ്രിക്കയില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു
താരത്തിന്റെ ഫോണും ബാഗും കൊള്ളസംഘം കവർന്നു.
ജൊഹാനസ്ബര്‍ഗ്: വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഫാബിയൻ അലനെ തോക്കിൻമുനയിൽ നിര്‍ത്തി കൊള്ളയടിച്ചു. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ കളിക്കാനെത്തിയ അലനെ ഹോട്ടൽ മുറിക്ക് വെളിയിൽ വച്ചാണ് കൊള്ളസംഘം കൊള്ളയടിച്ചത്. താരത്തിന്റെ ഫോണും ബാഗും ഇവർ കവർന്നു.
അലൻ നിലവിൽ സുരക്ഷിതനായിരിക്കുന്നുവെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പാൾ റോയൽസിനായാണ് അലൻ കളിക്കുന്നത്. ടീമിനോട് വിൻഡീസ് ക്രിക്കറ്റ് ബോർഡ് വിശദീകരണം തേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ കളിക്കുന്ന മറ്റു താരങ്ങളുടെ സുരക്ഷയെ കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നതായി ഈ സംഭവം.
ഓൾറൗണ്ടറായ അലൻ വിൻഡീസിനായി 20 ഏകദിനങ്ങളിലും 34 ടി20 യിലും കളത്തിലിറങ്ങിയിട്ടുണ്ട്. മിഡിൽ ഓവറുകളിൽ ബാറ്റർമാരെ കുഴക്കുന്ന ബോളിങ്ങിന്റെ പേരിലാണ് അലൻ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്. എന്നാൽ സൗത്ത് ആഫ്രിക്കൻ ടി20 ലീഗിൽ മോശം ഫോമിലാണ് താരം. എട്ട് മത്സരങ്ങളിൽ നിന്ന് ആകെ 38 റൺസും രണ്ട് വിക്കറ്റുമാണ് അലന്‍റെ സമ്പാദ്യം.