90 മിനിറ്റിലും എക്‌സ്ട്രാ ടൈമിലും ത്രസിപ്പിക്കുന്ന പോരാട്ടം; ഒടുവിൽ മെസ്സിപ്പടയുടെ കിരീടധാരണം

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രസിപ്പിക്കുന്ന ഫൈനലെന്ന പട്ടം ചാർത്തി നൽകാവുന്ന പോരിനാണ് ലുസൈൽസ് സാക്ഷിയായത്.

Update: 2022-12-19 01:43 GMT
Advertising

ദോഹ: ലുസൈൽ സ്‌റ്റേഡിയത്തിൽ 90 മിനിറ്റിലും എക്‌സ്ട്രാ ടൈമിലും കണ്ട ത്രസിപ്പിക്കുന്ന കാഴ്ചകൾക്ക് ശേഷമാണ് ലയണൽ മെസ്സിയും സംഘവും ലോക ജേതാക്കളെന്ന സിംഹാസനത്തിലേക്ക് നടന്നുകയറിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രസിപ്പിക്കുന്ന ഫൈനലെന്ന പട്ടം ചാർത്തി നൽകാവുന്ന പോരിനാണ് ലുസൈൽസ് സാക്ഷിയായത്.

ഒരിക്കൽ കൂടി ലയണൽ മെസ്സി തൊടുത്തുവിട്ട പെനാൽറ്റിയിലൂടെ അർജന്റീന അക്കൗണ്ട് തുറന്നു. തൊട്ടുപിന്നാലെ മിശിഹയ്ക്കായി മാലാഖയും അവതരിച്ചു. 80 മിനിറ്റും അർജന്റീന ബഹുദൂരം മുന്നിലായിരുന്നു. എംബാപ്പെയുടെ ഫ്രഞ്ച് സംഘം ചിത്രത്തിലേ ഇല്ലായിരുന്നു. അർജന്റീന വിജയമുറപ്പിച്ച ഘട്ടത്തിലാണ് തുടക്കം മുതൽ അകപ്പെട്ടിരുന്ന കൂട് തുറന്ന് കിലിയൻ എംബാപ്പെ അവതരിച്ചത്. മിനിറ്റുകളുടെ ഇടവേളകളിൽ നേടിയ ഇരട്ട ഗോളിലൂടെ എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചു.

മൈതാനത്തിലെ ചൂട് ആരാധകരുടെ കാലിലൂടെ പടർന്ന് തലച്ചോറിലെത്തിയ എക്‌സ്ട്രാ ടൈമിൽ കിരീടവുമായി മാത്രമേ ബ്യൂണസ് ഐറസിലേക്ക് മടങ്ങുകയുള്ളൂവെന്ന് പ്രഖ്യാപിച്ച് 108-ാം മിനിറ്റിൽ മെസ്സി വലകുലുക്കാതെ ഗോളടിച്ചു. വീണ്ടും അർജന്റീന ആരാധാകരുടെ ആഘോഷം. ജയമുറപ്പിച്ച് ആഘോഷം തുടങ്ങിയവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി വീണ്ടും എംബാപ്പെ. 118-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അർജന്റീന വല കുലുക്കി. ഇതോടെ മത്സരം 3-3 സമനിലയിൽ.

പിഴവുകൾക്കിടയില്ലാത്ത ഷൂട്ടൗട്ടിനായി വിസിലുയർന്നു. മെസ്സിയും എംബാപ്പയും മത്സരിച്ച് ആദ്യ കിക്കുകൾ ഗോളാക്കി. ഫ്രാൻസിന്റെ രണ്ടാം കിക്ക് എമിലിയാനോ മാർട്ടിനെസ് തട്ടിയറ്റി. മൂന്നാം കിക്ക് പുറത്തേക്ക്. നിർഭാഗ്യം പാടെ മാറിനിന്ന ഷൂട്ടൗട്ടിൽ അർജന്റീനിയൻ താരങ്ങളുടെ കാലിൽ നിന്ന് പോയ പന്തുകളെല്ലാം വലതുളച്ചു. അന്യം നിന്ന ആ കിരീടവും കയ്യിലേന്തി ഓമനിച്ചുമ്മവച്ച് അയാളും കൂട്ടരും ആനന്ദ നൃത്തമാടി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News