ഡി പോളിന് പരിക്ക്: അർജന്റീനൻ ആരാധകർ ആശങ്കയിൽ
കാലിന് പരിക്കേറ്റതിനാൽ റോഡ്രിഗോയുടെ കാര്യം സംശയത്തിലാണന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ദോഹ: നെതർലാൻഡ്‌സിനെതിരെ ക്വാർട്ടർ പോരിനൊരുങ്ങുന്ന അർജന്റീനക്ക് ആഘാതമായി റോഡ്രിഗോ ഡി പോളിന്റെ പരിക്ക്. പേശികള്‍ക്ക് പരിക്കേറ്റതിനാൽ റോഡ്രിഗോയുടെ കാര്യം സംശയത്തിലാണന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പരിക്കിനെ തുടര്‍ന്ന് താരം അര്‍ജന്റീന ടീമില്‍ നിന്ന് മാറി പ്രത്യേകം പരിശീലനം നേടുകയും പരിശോധനകള്‍ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഡി പോളിന്റെ പേശികള്‍ക്ക് പരിക്കേറ്റതിനാല്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയുള്ള മത്സരത്തിനുണ്ടാകില്ലെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം താരത്തിന്റെ അവസാനഘട്ട പരിശോധനകള്‍ നടത്തിയ ശേഷമേ സ്കലോണി അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
അതേസമയം ഡി പോളിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എല്ലാം നന്നായി പോകുന്നുവെന്നും ഒരു പുതിയ ഫൈനലിനായി തയാറെടുക്കുകയാണെന്നുമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ലോകകപ്പില്‍ അര്‍ജന്റീനയുടെ എല്ലാ മത്സരങ്ങളിലും കളിച്ച ഡി പോള്‍ ആസ്ട്രേലിയക്കെതിരെയുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
അര്‍ജന്‍റീനയുടെ മുന്നേറ്റ നിര താരം ലൗട്ടാരോ മാര്‍ട്ടിനസ് കണങ്കാൽ പ്രശ്നം കൈകാര്യം ചെയ്യാൻ വേദനസംഹാരി കുത്തിവയ്പ്പുകൾ എടുക്കുകയാണെന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം പരിക്കേറ്റ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ ടീമിലേക്ക് തിരിച്ചെത്തും. താരം തീവ്ര പരിശീലനത്തിലായിരുന്നു. ഓഫ് ഡേയില്‍ പോലും എയ്ഞ്ചൽ ഡി മരിയ പരിശീലനം നടത്തിയിരുന്നു. ഇന്ത്യന്‍ സമയം ശനി പുലര്‍ച്ചെ 12.30 നാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മിലെ ക്വാര്‍ട്ടര്‍ പോര്.