'ആ ആഘോഷം വെറുതെയായിരുന്നില്ല'; വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി മാർട്ടിനസ്
'കളി ഞങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കരുതിയ ശേഷമാണ് അവർ തിരിച്ചുവന്നത്. വിജയിക്കാനുള്ള അവസാന അവസരംകൂടി അവർക്ക് ലഭിച്ചു. ഭാഗ്യത്തിന് എന്റെ കാലുകൊണ്ട് അതു തടുത്തിടാനായി.'
ബ്യൂണസ് അയേഴ്‌സ്: ഏറെ വിവാദമായ 'അംഗവിക്ഷേപ' ആഘോഷത്തിൽ വിശദീകരണവുമായി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ഫ്രാൻസുകാരുടെ അപഹാസമാണ് പ്രകോപനമായി താരം ചൂണ്ടിക്കാട്ടിയത്. ഫിഫ നടപടിയുണ്ടായേക്കുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് മാർട്ടിനസ് നേരിട്ട് വിശദീകരണം നൽകിയത്.
ഫ്രഞ്ച് സംഘം എന്നെ കൂക്കിവിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിനാലാണ് ഞാനത് ചെയ്തത്. അഹങ്കാരം എന്നോട് നടക്കില്ല-അർജന്റീന റേഡിയോ ആയ 'ലാ റെഡി'നോട് എമിലിയാനോ മാർട്ടിനസ് പ്രതികരിച്ചു.
'ഞങ്ങൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കളി ഞങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കരുതിയ ശേഷമാണ് അവർ തിരിച്ചുവന്നത്. വളരെ സങ്കീർണമായൊരു മത്സരമായിരുന്നു ഇത്. അനുഭവിക്കാനായിരുന്നു ഞങ്ങളുടെ വിധി. വിജയിക്കാനുള്ള അവസാന അവസരംകൂടി അവർക്ക് ലഭിച്ചു. ഭാഗ്യത്തിന് എന്റെ കാലുകൊണ്ട് അതു തടുത്തിടാനായി.'-മാർട്ടിനസ് പറഞ്ഞു.
എക്കാലവും സ്വപ്‌നം കണ്ടൊരു നിമിഷമാണിതെന്നം താരം വെളിപ്പെടുത്തി. പറയാൻ വാക്കുകളില്ല. വളരെ ചെറുപ്പത്തിൽ തന്നെ ഇംഗ്ലണ്ടിൽ പോയവനാണ് ഞാൻ. ഈ വിജയം കുടുംബത്തിനു സമർപ്പിക്കുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.
അർജന്റീനയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് മാർട്ടിനസ്. ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ പെനാൽറ്റി ഷൂട്ടൗട്ടിലടക്കം പലതവണ നീലപ്പടയുടെ രക്ഷകനായി 30കാരൻ. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിലും അർജന്റീനയുടെ രക്ഷകനായ മാർട്ടിനസിനാണ് ഇത്തവണ ഗോൾഡൻ ഗ്ലൗ ലഭിച്ചത്. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരൻ കൂടിയായി താരം. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ഖത്തർ ഭരണാധികാരികളുടെയും ഫിഫ തലവന്മാർക്കും മുന്നിൽ ഗോൾഡൻ ഗ്ലൗവുമായി മാർട്ടിനസിന്റെ വിവാദ 'അംഗവിക്ഷേപം'.
Summary: Argentina Goalkeeper Emiliano Martinez explains his 'obscene' gesture with Golden Glove at FIFA World Cup Final 2022