ഖത്തറിൽ നിന്നും കപ്പില്ല; പകരം പൂച്ചയെ ദത്തെടുത്ത് ഇംഗ്ലീഷ് താരങ്ങൾ
ഹോട്ടലിലെ മേശയിൽ എന്നും കാത്തിരിക്കാറുണ്ടായിരുന്ന പൂച്ചയുടെ വിവരങ്ങൾ ഇൻസ്റ്റഗ്രാം വഴി ഇംഗ്ലണ്ട് ടീം പതിവായി പങ്കുവെക്കാറുണ്ടായിരുന്നു
ദോഹ: ഖത്തറിൽ നിന്ന് കനകക്കിരീടം സ്വന്തമാക്കാനായില്ലെങ്കിലും വെറുംകയ്യോടെയല്ല ഇംഗ്ലണ്ട് നാട്ടിലേക്ക് വരുന്നത്. ഹാരി കെയിൻ പെനൽറ്റി പാഴാക്കിയ മത്സരത്തിൽ ഫ്രാൻസിനോട് 2-1നായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. എന്നിരുന്നാലും ഖത്തർലോകകപ്പിൽ കളിക്കാർക്ക് പുറമെ ശ്രദ്ധേയനായ ഒരു താരത്തെയും കൂട്ടിയാണ് ഇംഗ്ലണ്ട് നാട്ടിലേക്ക് തിരിച്ചത്. താരം മറ്റാരുമല്ല, ഡേവ് എന്ന പൂച്ചക്കുട്ടി.
അല്‍ വക്രയിലെ ബേസ് ക്യാമ്പിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെയാണ് 'ഡേവ്' ഇംഗ്ലീഷ് താരങ്ങളുമായി സൗഹൃദത്തിലായത്. ഡിഫന്‍ഡര്‍മാരായ ജോൺ സ്റ്റോൺസും കൈൽ വാക്കറുമാണ് പൂച്ചയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് മുന്‍കൈ എടുത്തത്. ഹോട്ടലിലെ മേശയിൽ എന്നും കാത്തിരിക്കാറുണ്ടായിരുന്ന പൂച്ചയുടെ വിവരങ്ങൾ ഇൻസ്റ്റഗ്രാം വഴി ഇംഗ്ലണ്ട് ടീം പതിവായി പങ്കുവെക്കാറുണ്ടായിരുന്നു. ചിലര്‍ക്ക് പൂച്ചയെ ഇഷ്‌ടല്ലെങ്കിലും തനിക്ക് ഏറെ ഇഷ്‌ടമാണെന്നും കൈൽ വാക്കര്‍ കൂട്ടിച്ചേര്‍ത്തു.
1962 ചിലെ ലോകകപ്പ് കഴിഞ്ഞു മടങ്ങിയപ്പോൾ ബ്രസീൽ താരം ഗാരിഞ്ച ഒരു നായയെ നാട്ടിൽ കൊണ്ടുപോയിരുന്നു. ഇംഗ്ലണ്ട്– ബ്രസീൽ ക്വാർട്ടർ ഫൈനലിനിടെ ഗ്രൗണ്ടിൽ കയറിയതായിരുന്നു ഈ നായ. അന്ന് മത്സരം ജയിച്ചത് ഈ നായയുടെ സാന്നിധ്യം കൊണ്ടാണെന്ന വിശ്വാസത്തിന്റ ബലത്തിലായിരുന്നു നായയെ കൂടെകൂട്ടിയത്. അതേസമയം ഡേവിന് ഉടനടി ഇംഗ്ലണ്ടിലേക്ക് പറക്കാനാവില്ല. ഇതിനായി നാല് മാസത്തെ ക്വാറന്‍റൈന്‍ പൂച്ചയ്‌ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിലെത്തുന്ന പൂച്ചയെ വാക്കറോ സ്റ്റോൺസോ ദത്തെടുത്തേക്കും.
നേരത്തെ ബ്രസീല്‍ കളിക്കാരുടെ പത്രസമ്മേളനത്തിനിടെ പൂച്ച മേശപ്പുറത്ത് കയറിയിരുന്നു. 'ഡേവ്' ആയിരിക്കാം ഈ പണിയൊപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. അതേസമയം ആവേശ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഫ്രാൻസ് വീഴ്ത്തുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. ഫ്രാൻസിനായി ഔറേലിയൻ ചൗമേനി (17–ാം മിനിറ്റ്), ഒളിവർ ജിറൂദ് (78–ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ഇംഗ്ലണ്ടിന്റെ ആശ്വാസഗോൾ 54–ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്ന് ക്യാപ്റ്റൻ ഹാരി കെയ്ൻ നേടി. പെനൽറ്റിയിലൂടെ ഒരു ഗോൾ നേടിയെങ്കിലും, ഇംഗ്ലണ്ടിന് ലഭിച്ച രണ്ടാം പെനൽറ്റി പുറത്തേക്കടിച്ചു കളഞ്ഞ ക്യാപ്റ്റന്‍ ദുരന്ത നായകനുമായി.