'ഇംഗ്ലണ്ടിൽ കറുത്തവരായതുകൊണ്ട് പീഡനം നേരിടുന്നവർ നിരവധി, ആദ്യം ഇവിടത്തെ പ്രശ്‌നങ്ങൾ പരിഹരിക്കൂ'; ഖത്തർ വിമർശനത്തിനെതിരെ ജോൺ ബാർനെസ്
''ബ്രിട്ടീഷ് സമൂഹത്തിലും സംസ്‌കാരത്തിലും വിവേചനമുണ്ട്. മറ്റുള്ളവർക്ക് ക്ലാസെടുക്കും മുൻപ് ആദ്യം നമ്മുടെ വിഷയങ്ങൾ പരിഹരിച്ചു തുടങ്ങാം.''
ലണ്ടൻ: ലോകകപ്പിനിടെ ഖത്തറിനെതിരെ തുടരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇംഗ്ലീഷ് ഫുട്‌ബോൾ താരം ജോൺ ബാർനെസ്. ഖത്തർ നിയമത്തിൽ പ്രശ്‌നമുണ്ടെങ്കിൽ ബ്രിട്ടീഷ് സമൂഹത്തിലും സംസ്‌കാരത്തിലും നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്ക് ക്ലാസെടുക്കുമുൻപ് ആദ്യം സ്വന്തം നാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നോക്കണമെന്നും ബാർനെസ് ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് മാധ്യമമായ 'ദി ടൈംസ്' കോളത്തിലായിരുന്നു മുൻ ഇംഗ്ലീഷ് താരം തുറന്നടിച്ചത്. ''ഇംഗ്ലണ്ടിൽ ഒരു ലോകകപ്പിന് വന്ന് ആഫ്രിക്കൻ ടി.വി സ്റ്റേഷനുകളും പണ്ഡിതരും മാധ്യമപ്രവർത്തകരും ഇവിടെയുള്ള കറുത്ത വംശജർക്കെതിരായ അനീതികളും കറുത്ത പരിശീലകരില്ലാത്തതും കറുത്ത താരങ്ങളെ പീഡിപ്പിക്കുന്നതും നഗരപ്രാന്തങ്ങളിൽ കറുത്തവരോട് അധികാരികൾ കാണിക്കുന്ന തീർത്തും മോശപ്പെട്ട പെരുമാറ്റവുമെല്ലാം എടുത്തുകാണിച്ചാൽ എങ്ങനെയുണ്ടാകും? നമ്മുടെ ഹോട്ടലുകൡ താമസിച്ച്, നമ്മുടെ ഏറ്റവും മികച്ച ഭക്ഷണം കഴിച്ച് മത്സരങ്ങൾ മാറ്റാനും ബഹിഷ്‌ക്കരിക്കാനും അവർ ആഹ്വാനം ചെയ്താൽ എങ്ങനെയുണ്ടാകും?''-ലേഖനത്തിൽ അദ്ദേഹം ചോദിച്ചു.
ഖത്തർ നിയമത്തിൽ വിവേചനം നിലനിൽക്കുന്നുണ്ടെങ്കിൽ ബ്രിട്ടീഷ് സമൂഹത്തിലും സംസ്‌കാരത്തിലും വിവേചനമുണ്ട്. നിരവധി കറുത്ത വംശജരാണ് കറുത്തവരായതുകൊണ്ട് തടയപ്പെടുകയും പരിശോധനയ്ക്കിരയാകുകയും അറസ്റ്റ് ചെയ്യപ്പെടുകയുമെല്ലാം ചെയ്യുന്നത്. മറ്റുള്ളവർക്ക് ക്ലാസെടുക്കും മുൻപ് ആദ്യം നമ്മുടെ വിഷയങ്ങൾ പരിഹരിക്കാൻ തുടങ്ങാം-ബാർനെസ് കുറിച്ചു.
''ടൂർണമെന്റ് ആരംഭിക്കാൻ നിൽക്കുന്ന നേരത്ത് ആരംഭിച്ച ഖത്തറിനെതിരായ കടുത്ത വിമർശനവും അധിക്ഷേപവുമെല്ലാം ചിരിപ്പിക്കുന്നതാണ്. ഏതാനും മാസങ്ങൾക്കു മുൻപ് മാത്രമാണ് (ഖത്തറിന്) ടൂർണമെന്റ് ലഭിച്ചതെന്ന് കരുതിയാകുമിത്! പത്തു വർഷം മുൻപും ഇതേ ചർച്ചകളെല്ലാം നടന്നിട്ടുണ്ട്. ഖത്തറിന് ടൂർണമെന്റ് ലഭിച്ചതുമുതൽ കാര്യങ്ങൾക്ക് മാറ്റംവന്നിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങളിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്.
ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ടെങ്കിലും ഇപ്പോൾ തെരുവിലുള്ള സ്ഥിതി പത്തുവർഷം മുൻപുണ്ടായിരുന്നതിൽ ഏറെ മുൻപിലാണ്. താമസസൗകര്യങ്ങളിലും ശമ്പളത്തിലുമെല്ലാം വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. വലിയ ഒച്ചപ്പാടുണ്ടാക്കുന്ന ചിലർക്ക് കഴിഞ്ഞ 20 വർഷത്തിനിടെ ഖത്തറിലുണ്ടായ പുരോഗതിയെക്കുറിച്ച് കാര്യമായൊന്നും പറയാനില്ലെന്നത് രസകരമാണ്.''
ഖത്തർ എല്ലാവരെയും ലോകകപ്പിനായി ക്ഷണിച്ചിട്ടുണ്ട്; സ്വവർഗാനുരാഗികളെയും അല്ലാത്തവരെയുമെല്ലാം. എന്നാൽ, തങ്ങളുടെ സംസ്‌കാരവും നിയമവും രീതികളുമെല്ലാം എല്ലാം ബഹുമാനിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ശരിയാണെന്ന് കരുതുന്നില്ലെങ്കിലും മഴവിൽ നിറവും 'വൺ ലൗ' ആംബാൻഡുകളും പ്രോത്സാഹിപ്പിക്കുന്നത് ഖത്തറിൽ നിയമവിരുദ്ധമാണ്. നമ്മുടെ രാജ്യം സന്ദർശിക്കുന്നവരെ ഇവിടെ നിയമവിരുദ്ധമായത് പ്രോത്സാഹിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
79 മത്സരങ്ങളിൽ ഇംഗ്ലണ്ട് ദേശീയ കുപ്പായമിട്ടിട്ടുണ്ട് ജോൺ ബാർനെസ്. 1983ൽ അരങ്ങേറ്റം കുറിച്ച താരം 1995ലാണ് ബൂട്ടഴിക്കുന്നത്.
Summary: ''Let's sort ourselves before we start to preach'', Former English footballer John Barnes slams criticism of Qatar World Cup 2022