ക്രിസ്റ്റ്യാനോ റൊണാൾഡോയെ എന്തിന് പുറത്തിരുത്തി? പോർച്ചുഗൽ പരിശീലകന്റെ മറുപടി ഇങ്ങനെ...

സൗത്ത് കൊറിയക്കെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോയെ വലിച്ചതിന് പിന്നാലെ തന്നെ അദ്ദേഹത്തിന് പ്രീക്വാർട്ടറിലെ ആദ്യ ഇലവനിൽ സ്ഥാനമുണ്ടാവില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Update: 2022-12-07 06:20 GMT
Editor : rishad | By : Web Desk
Advertising

ദോഹ: പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനെതിരായ മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. തീരുമാനത്തിന് പിന്നില്‍ വ്യക്തിപരമായി ഒന്നുമില്ലെന്ന് സാന്റോസ് പറയുന്നു. സൗത്ത് കൊറിയക്കെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോയെ വലിച്ചതിന് പിന്നാലെ തന്നെ അദ്ദേഹത്തിന് പ്രീക്വാർട്ടറിലെ ആദ്യ ഇലവനിൽ സ്ഥാനമുണ്ടാവില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

പരിശീലകനില്‍ അതൃപ്തിയുണ്ടാക്കിയതാണ് ഇത്തരം പ്രചാരണങ്ങൾക്ക് ശക്തിപകർന്നത്. മത്സരത്തിന് പിന്നാലെയുണ്ടായ ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് സാന്റോസ് തുറന്നുപറയുകയും ചെയ്തു. പിന്നാലെയാണ് നിർണായക മത്സരത്തിൽ താരത്തെ ബെഞ്ചിലിരുത്തിയത്. പകരം ഗോൺസാലോ റാമോസിനെയാണ് കളിപ്പിച്ചത്. താരം ഹാട്രിക് നേടുകയും ചെയ്തു.

ടീം തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതെന്നാണ് സാന്റോസ് വിശദീകരിക്കുന്നത്. ക്രിസ്റ്റ്യാനോയും റാമോസും വ്യത്യസ്ത രീതിയിൽ കളിക്കുന്നവരാണ്. ടീമുമായോ നായകനുമായോ( ക്രിസ്റ്റ്യാനോ) ഒരു പ്രശ്‌നവുമില്ല- സാന്റോസ് പറഞ്ഞു.

'സ്വിറ്റ്‌സർലൻഡിനെതിരെ ഡിയാഗോ ഡാലറ്റ്, റാഫേൽ ഗ്വറീറോ എന്നിവർക്ക് ആദ്യ ഇലവനില്‍ തന്നെ അവസരങ്ങള്‍ നല്‍കാനാണ് തീരുമാനിച്ചത്. കാന്‍സെലൊ മികച്ച താരം അല്ലാത്തതുകൊണ്ടല്ല അദ്ദേഹത്തെയും പുറത്തിരുത്തിയത്, അതൊരു ടീം തന്ത്രമായിരുന്നു. അടുത്ത മത്സരത്തിൽ മറ്റൊരു തന്ത്രമായിരിക്കും'-സാന്റോസ് വ്യക്തമാക്കി.

'ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ഒരു പ്രശ്നവുമില്ല, ഞങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളാണ്. കളിക്കാർ തീരുമാനങ്ങൾ എടുക്കുന്നു. ഇതൊന്നും ഞങ്ങളെ ബാധിക്കില്ല, ഇതൊക്കെ നിരവധി തവണ വിശദീകരിച്ചതാണ്, നായകനെന്ന നിലയില്‍ മികച്ച മാതൃകകള്‍ സൃഷ്ടിച്ചയാളാണ് അദ്ദേഹം- സാന്റോസ് കൂട്ടിച്ചേര്‍ത്തു. 

സ്വിറ്റ്‌സർലാൻഡിനെ ഗോളിൽ മുക്കിയാണ് പോർച്ചുഗൽ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്(6-1). ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടിയ മത്സരത്തിൽ പെപെ, റാഫേൽ ഗ്വറീറോ, റാഫേൽ ലിയാവോ എന്നിവരും ഓരോ ഗോൾ വീതം നേടി. സ്വിറ്റ്‌സർലാൻഡിനായി മാന്വൽ അകൻജിയാണ് ആശ്വാസ ഗോൾ കണ്ടെത്തിയത്. സ്‌പെയിനിനെ ഷൂട്ടൗട്ടിൽ തോൽപിച്ച മൊറോക്കോയാണ് ക്വാർട്ടറിൽ പോർച്ചുഗലിന്റെ എതിരാളി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News