തോറ്റു തുടങ്ങി, ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലേക്ക്; ഈ അർജന്റീനയെ പേടിക്കണം
പ്രീ ക്വാർട്ടറിൽ ആസ്ത്രലിയയായാണ് അർജന്റീനയുടെ എതിരാളികൾ
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ ആറ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് അർജന്റീന പ്രീ ക്വാർട്ടർ പ്രവേശനം നേടിയത്. ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ മെസ്സിപ്പട ഗംഭീര തിരിച്ചുവരവാണ് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റു മത്സരങ്ങളിൽ നടത്തിയത്. പ്രീക്വാർട്ടറിൽ ആസ്ത്രലിയയായാണ് അർജന്റീനയുടെ എതിരാളികൾ.
ലോകകപ്പ് മെസിയും സംഘവും ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരുടെ സ്വപ്‌നങ്ങൾക്ക് മേലെയാണ് സൗദിക്കെതിരെയുള്ള തോൽവി വന്നു പതിച്ചത്. അടിച്ച ഗോളാണെങ്കിൽ ഓഫ് സൈഡ് ആയി പോവുകയും ചെയ്തു. എന്നാൽ ആർജന്റീനൻ വല കുലുക്കിയ സൗദി താരങ്ങൾ ലോകത്തോട് വലിയ അട്ടിമറിയുടെ കഥ പറഞ്ഞു. ലുസൈൽ സ്റ്റേഡിയത്തിലെ കാണികളോട് അതിന് സാക്ഷിയാവാൻ പറഞ്ഞു. എന്നാൽ തോൽവിയിൽ നിന്ന് ലയണൽ സ്‌കലോനി എന്ന പരീശകൻ പഠിച്ച പാഠമാണ് പിന്നീടുള്ള രണ്ടു കളിയിൽ ആ ടീമിന്റെ തിരിച്ചുവരവിലൂടെ കണ്ടത്. തീർത്തും മറ്റൊരു അർജന്റീനയായിരുന്നു കളത്തിൽ നിറഞ്ഞത്. ജീവൻ മരണ പോരാട്ടത്തിൽ നീലക്കുപ്പായക്കാർ കളമറിഞ്ഞും എതിരാളികളെ മനസ്സിലാക്കിയും കളിച്ചു. മെക്‌സിക്കോയ്ക്കും പോളണ്ടിനുമെതിരെ രണ്ട് ഗോളുകളുടെ ആധികാരിക ജയം.
ആദ്യ മത്സരത്തിലേറ്റ തോൽവിയുടെ ഒരു ഭാരവും മെക്‌സിക്കോയ്‌ക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനൻ താരങ്ങൾക്ക് ഉണ്ടായിരുന്നില്ല. നിരന്തരം മെക്‌സിക്കൻ ഗോളിക്ക് തലവേദന സൃഷ്ടിക്കാൻ അവർക്കായി. ആദ്യ പകുതിയിൽ മെക്‌സിക്കോ കെട്ടിയ പ്രതിരോധ കോട്ട പൊളിക്കാൻ അർജന്റീനയ്ക്കായില്ലെങ്കിലും രണ്ടാം പകുതിയിൽ കളി മാറി. ഗോളടിച്ചു ഗോളടിപ്പിച്ചും മെസി കളിയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ 2-0ന് ജയിച്ച് ആദ്യ പടി കയറി.
പോളണ്ടിനെതിരെയുള്ള മത്സരമായിരുന്നു നിർണായകം. സമനില പോലും പ്രീ ക്വാർട്ടർ സാധ്യതയ്ക്ക് മങ്ങലുണ്ടാക്കുമായിരുന്നു. അവിടെ സ്‌കലോനി പുതിയ തന്ത്രങ്ങൾ മെനഞ്ഞു. മെക്‌സിക്കോയ്‌ക്കെതിരെ ജയിച്ച ടീമിൽ തന്നെ നാല് മാറ്റങ്ങളുമായി ടീമിനെ കളത്തിലിറക്കി. പ്രതിരോധത്തിലൂന്നി കളിച്ച പോളണ്ട് നിരയെ ആക്രമിക്കാൻ മെസിയും സംഘവും നിരന്തരം ശ്രമിച്ചു. ആദ്യ പകുതിയിൽ മെസി പെനാൽറ്റി പാഴാക്കിയത് ആരാധകർക്ക് നിരാശ സമ്മാനിച്ചെങ്കിലും രണ്ടാം പകുതിയിൽ അതിന്റെ കണക്ക് കൂടി തീർത്ത് എണ്ണം പറഞ്ഞ രണ്ട് ഗോൾ പോളണ്ട് വലയിലേക്ക് അടിച്ചു കയറ്റി. മാക്കലിസ്റ്റർ ആദ്യം വല കുലുക്കിയപ്പോൾ പീന്നീട് ജൂലിയൻ അൽവാരസ് എന്ന കൗമാരക്കാരന്റെ ഊഴമായിരുന്നു. ഒന്നാന്തരമൊരു ഗോളിലൂടെ അൽവാരസ് പ്രീ ക്വാർട്ടറിന്റെ വാതിൽ അർജന്റീനയ്ക്കായി മലർക്കെ തുറന്നിട്ടു.