ഇത്തവണ മെസ്സിയെ മാർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്; എന്നാലും ഞങ്ങള്‍ക്ക് പ്ലാനുകളുണ്ട്-ദെഷാംപ്‌സ്
റഷ്യൻ ലോകകപ്പിൽ ഇരു ടീമുകളും തമ്മിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ 4-3ന് ഫ്രാൻസ് അർജന്റീനയെ തോല്‍പിച്ചിരുന്നു
ദോഹ: ഞായറാഴ്ച ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ലോക ചാംപ്യന്മാരായ ഫ്രാൻസും മൂന്നാം ലോക കിരീടം ലക്ഷ്യമിട്ട് അർജന്റീനയും ഇറങ്ങുകയാണ്. ഇതിഹാസ താരം ലയണൽ മെസ്സി തന്നെയാണ് കലാശപ്പോരാട്ടത്തിന്റെ ശ്രദ്ധാകേന്ദ്രം. കിരീടവുമായി കളിനിർത്താനുള്ള മെസ്സിയുടെ സ്വപ്‌നങ്ങളെ എംബാപ്പെയുടെ ഫ്രഞ്ച് പട തകർത്തുകളയുമോ എന്നാണ് കായികപ്രേമികൾ ഉറ്റുനോക്കുന്നത്.
എന്നാൽ, മെസ്സിക്കെതിരെ തങ്ങൾക്ക് കൃത്യമായ പ്ലാനുണ്ടെന്നാണ് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. 'മെസ്സിയെ ഇതിനുമുൻപും ഞങ്ങൾ നേരിട്ടിട്ടുണ്ട്. 2018 ലോകകപ്പ് ഓർമയില്ലേ? അതേക്കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത്. അതോടൊപ്പം മെസ്സിയുടെ സ്വാധീനം കുറക്കാനുള്ള മുൻകരുതലുകളും എടുക്കാനുണ്ട്.'-ദെഷാംപ്‌സ് വ്യക്തമാക്കി.
'നാലു വർഷം മുൻപ് മെസ്സി വലതു വിങ്ങിലായിരിക്കും കൂടുതലായുണ്ടാകുക എന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ, സെന്റർ ഫോർവാഡായായിരുന്നു അദ്ദേഹം കളിച്ചത്. ഇപ്പോൾ അദ്ദേഹം പ്ലേമേക്കറാണ്. കൂടുതൽ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് തന്നെ രോഗിയല്ലെങ്കിൽ അദ്ദേഹത്തെ മാർക്ക് ചെയ്യാൻ ഇത്തിരി ദുഷ്‌ക്കരമാകും. രോഗിയാണോ എന്ന് അറിയില്ല. രോഗിയാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല.'-ദെഷാംപ്‌സ് ഫ്രഞ്ച് മാധ്യമമായ 'ടി.എഫ്1'നോട് പറഞ്ഞു.
റഷ്യൻ ലോകകപ്പിൽ പ്രീക്വാർട്ടറിലാണ് ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടിയത്. ത്രില്ലർ പോരാട്ടത്തിൽ 4-3ന് ഫ്രഞ്ച് പട വിജയം തട്ടിയെടുക്കുകയും ചെയ്തു.
Summary: French national football manager Didier Deschamps has hinted that France have a plan in place for dealing with Lionel Messi when they face Argentina in the 2022 World Cup final