വീരോചിതം ക്രൊയേഷ്യ, മൂന്നാമന്മാരായി മടക്കം; തലയുയര്‍ത്തി മൊറോക്കോ

ആദ്യാന്ത്യം ആവേശം നിറഞ്ഞുകത്തിയ പോരാട്ടത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനു കീഴടക്കി ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാമന്മാരായി

Update: 2022-12-17 17:39 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ആഫ്രിക്കന്‍ പോരാളികളുടെ പോരാട്ടവീര്യത്തെ തളച്ചിട്ട് ക്രോട്ടുകള്‍. ആദ്യാന്ത്യം ആവേശം നിറഞ്ഞുകത്തിയ പോരാട്ടത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനു കീഴടക്കി ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാമന്മാരായി. ബെല്‍ജിയം, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ കരുത്തന്മാരെ തകര്‍ത്ത് ലോകത്തെ അമ്പരപ്പിച്ച പ്രകടനവുമായാണ് വാലിദ് റെഗ്റെഗൂയിയുടെ മൊറോക്കന്‍ സംഘത്തിന്‍റെ മടക്കം. പ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം അപ്രസക്തമാക്കി ടൂര്‍ണമെന്‍റിലുടനീളം അസാമാന്യ പോരാട്ടം പുറത്തെടുത്ത ചാംപ്യന്‍ താരം ലൂക്ക മോഡ്രിച്ചിനും വികാരഭരിതമായ മടക്കം.

മൂന്നാം സ്ഥാനക്കാർക്കായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം. ആദ്യ ഒന്‍പതു മിനിറ്റിനിടെ അടിയും തിരിച്ചടിയുമായി ക്രൊയേഷ്യയും മൊറോക്കൊയും മത്സരത്തിന്‍റെ വീറും വാശിയിലേക്കുള്ള മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍, ആദ്യ പകുതി അവസാനത്തൊടടുക്കുമ്പോഴായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍.

ഏഴാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ പിറക്കുന്നത്. ബോക്‌സിനു തൊട്ടടുത്തുനിന്ന് ലഭിച്ച ഫ്രീകിക്കിൽ ക്രൊയേഷ്യയുടെ ആദ്യ ഗോൾ പിറന്നു. മോഡ്രിച്ച് ബോക്‌സിനകത്തേക്ക് തൊടുത്തുവിട്ട കിക്ക് ഗ്വാർഡിയോൾ കൃത്യമായൊരു ഹെഡറിലൂടെ വലയിലാക്കി. ഗോൾ...

എന്നാൽ, ആദ്യ ഗോളിന്റെ ആശ്വാസത്തിൽ നിൽക്കാൻ ക്രൊയേഷ്യയ്ക്ക് സമയമുണ്ടായിരുന്നില്ല. ആദ്യ ഗോളിനു സമാനമായി ക്രൊയേഷ്യൻ ബോക്‌സിനു തൊട്ടടുത്ത് മൊറോക്കോയ്ക്ക് ഫ്രീകിക്ക്. ഗോൾനേട്ടക്കാരൻ ഗ്വാർഡിയോളിന്റെ ഫൗളിൽനിന്ന് പിറന്ന ഫ്രീകിക്ക് മൊറോക്കോ കൃത്യമായി മുതലെടുക്കുകയും ചെയ്തു. ഹകീം സിയഷ് ഉയർത്തിനൽകിയ കിക്ക് മൊറോക്കോയുടെ അഷ്‌റഫ് ദാരി കൃത്യമായി ഹെഡറിലൂടെ വലയിലേക്ക് കുത്തിയിട്ടു. ക്രൊയേഷ്യ-1, മൊറോക്കോ-1

42-ാം മിനിറ്റിൽ മിസ്ലാവ് ഒര്‍സിച്ചിലൂടെ ക്രൊയേഷ്യ ലീഡുയർത്തി. മാർകോ ലിവാജയുടെ അസിസ്റ്റിൽ ബോക്‌സിന്റെ ഇടതുവിങ്ങിൽനിന്നുള്ള ഒര്‍സിച്ചിന്റെ വലങ്കാലൻ ഷോട്ട്. ബോനോ ഉയർന്നുചാടി തടുത്തിടാന്‍ നോക്കിയെങ്കില്‍ അതിനുമപ്പുറത്തായിരുന്നു ആ ഷോട്ട്. ബോക്‌സിന്റെ വലതുബാറിൽ തട്ടി പോസ്റ്റിലേക്ക്.

മൊറോക്കൻ ബോക്‌സ് ആക്രമിച്ച് കീഴടക്കാനുള്ള ക്രൊയേഷ്യൻ തന്ത്രത്തിന് കൃത്യമായി പ്ലാനുമായാണ് ആഫ്രിക്കന്‍ സംഘം കളിച്ചത്. ക്രൊയേഷ്യന്‍ ആക്രമണത്തിന് മൊറോക്കോയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. ഖത്തറില്‍ ആദ്യ ഒൻപതു മിനിറ്റിനുള്ളില്‍ രണ്ട് ടീമുകളും ലക്ഷ്യം കാണുന്നതും ഇതാദ്യമായാണ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചുകളിക്കാനാണ് ക്രൊയേഷ്യ നോക്കിയത്. അതേസമയം, സെമി ഫൈനലിൽ ഫ്രാൻസിനോട് പുറത്തെടുത്ത ആക്രമണശൈലിയിൽനിന്ന് മാറി സ്വന്തം കോട്ട ഭദ്രമാക്കുക എന്ന പതിവ് ശൈലിയിലേക്ക് തിരിച്ചുപോകുന്ന ആഫ്രിക്കൻ സംഘത്തെയാണ് തുടക്കത്തില്‍ കാണാനായത്.

ഒരു ഗോള്‍ വീണതോടെ മൊറോക്കോ ഉണര്‍ന്നു. നിരന്തരം ആക്രമണങ്ങളുമായി എതിര്‍ബോക്സിലേക്ക് നിരന്തരം കുതിച്ചുകൊണ്ടിരുന്നു ആഫ്രിക്കന്‍ താരങ്ങള്‍. തൊട്ടുപിന്നാലെ തിരിച്ചടി. ആദ്യ പകുതിക്കൊടവില്‍ രണ്ടാം ഗോളുമായി ക്രൊയേഷ്യ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ പലതവണ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ മൊറോക്കോ താരങ്ങള്‍ ശ്രമിച്ചെങ്കിലും സെമി പോരാട്ടത്തില്‍ കണ്ട ഫിനിഷിങ് പോരായ്മ ഒരിക്കല്‍കൂടി മുഴച്ചുനിന്നു. പലതവണ ക്രൊയേഷ്യന്‍ ബോക്സിനകത്തുവരെ എത്തിയ ഗോള്‍നീക്കങ്ങളെല്ലാം ലക്ഷ്യംകാണാതെ അലസിപ്പോയി. മറുവശത്ത്, പ്രതിരോധം ഉറപ്പിച്ചും ആക്രമണം കടുപ്പിച്ചും ക്രൊയേഷ്യന്‍ സംഘം മൊറോക്കോയ്ക്ക് നിരന്തരം വെല്ലുവിളിയുയര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

ആവേശപ്പോരിന്‍റെ ആദ്യ പകുതി

മൂന്നാം മിനിറ്റിൽ മൊറോക്കൻ പ്രതിരോധത്തിലെ വീഴ്ചയിൽ ക്രൊയേഷ്യയ്ക്ക് ആദ്യ കോർണർ അവസരം. മോഡ്രിച്ച് എടുത്ത കിക്ക് പക്ഷെ മൊറോക്കൻ പ്രതിരോധം തട്ടിയകറ്റി.

24-ാം മിനിറ്റിൽ മൊറോക്കൻ ബോക്‌സിൽ വീണ്ടും കൂട്ടപ്പൊരിച്ചിൽ. ക്രൊയേഷ്യൻ മുന്നേറ്റക്കാരുടെ പലശ്രമങ്ങളും പ്രതിരോധം കടന്നില്ല. ഒടുവിൽ ലൂക്ക മോഡ്രിച്ചിന്റെ കിടിലൻ ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബോനോ തടുത്തിട്ടു.

29-ാം മിനിറ്റിൽ വലതുവിങ്ങിലേക്ക് പന്തുമായി ഓടിയെത്തിയ അഷ്‌റഫ് ഹക്കീമി ബോക്‌സിലേക്ക് നൽകിയ കിടിലൻ പാസിൽ മൊറോക്കോയ്ക്ക് ലഭിച്ച സുവർണാവസരം പക്ഷെ ബൗഫലിന് വലയിലാക്കാനായില്ല.

36-ാം മിനിറ്റിൽ മൊറോക്കോയ്ക്ക് മറ്റൊരു ഫ്രീകിക്ക്. സിയഷ് നൽകിയ അളന്നുമുറിച്ച ഫ്രീകിക്ക് ഷോട്ട് പക്ഷെ ബോക്‌സിനു തൊട്ടടുത്ത് നിന്നിരുന്ന ബൗഫലിന് അനായാസം പോസ്റ്റിനകത്തേക്ക് തട്ടിയിടാമായിരുന്നതേയുള്ളൂ. എന്നാൽ, അവസരം മുതലെടുക്കാനായില്ല.

ലീഡ് കാത്ത് ക്രൊയേഷ്യ

രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം മൊറോക്കോ ബോക്‌സിലേക്ക് ക്രൊയേഷ്യയുടെ മിന്നലാക്രമണം. പന്തുമായി കുതിച്ചെത്തിയ ഓർസിച്ച് മുന്നിൽ കണ്ട തുറന്ന അവസരം തിരിച്ചറിഞ്ഞ് ഗോൾവലയിലേക്ക് തൊടുത്തെങ്കിലും മൊറോക്കൻ ഡിഫൻഡർ യാമിഖിന്റെ അവസരോചിത ഇടപെടലിൽ പന്ത് പുറത്തേക്ക്.

54-ാം മിനിറ്റിൽ വീണ്ടുമൊരു തുറന്ന അവസരം ലഭിച്ചിട്ടും സൂപ്പർ താരം ലൂക്ക മോഡ്രിച്ചിന് മുതലെടുക്കാനായില്ല.

69-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ്. ലുക്ക മോഡ്രിച്ചിനെതിരായ ഫൗളിൽ നൽകിയ ഫ്രീകിക്കിൽ പ്രതിഷേധിച്ചതിന് മൊറൊക്കോയുടെ അസ്സദീൻ ഔനാഹിക്കാണ് കാർഡ് ലഭിച്ചത്.

70 മിനിറ്റ് പിന്നിട്ട ശേഷം ഇരുവശത്തും രണ്ട് പെനാൽറ്റികൾ റഫറി അനുവദിച്ചില്ല. മധ്യനിരയിൽനിന്ന് പന്തുമായി ബോക്‌സിലേക്ക് കുതിച്ചെത്തിയ ഗ്വാർഡിയോളിനെ ബോക്‌സിനകത്ത് അംറബാത്ത് പുറംകാലുകൊണ്ട് തട്ടിയിട്ടു. തൊട്ടുപിന്നാലെ മൊറോക്കോയുടെ കൗണ്ടർ അറ്റാക്ക്. ക്രൊയേഷ്യൻ ബോക്‌സിൽ പന്തുമായി കുതിച്ചു ഹകീമി. എന്നാൽ, ഗോൾശ്രമത്തിനുമുൻപ് ക്രൊയേഷ്യൻ പ്രതിരോധം ഹകീമിയെ വീഴ്ത്തി. മൊറോക്കോ താരങ്ങൾ പെനാൽറ്റിക്ക് മുറവീളി കൂട്ടിയെങ്കിലും റഫറി കുലുങ്ങിയില്ല.

87-ാം മിനിറ്റിൽ സ്റ്റാനിസിറ്റ് നൽകിയ പാസിൽ കൊവാസിച്ചിനുമുൻപിൽ ഒരു സുവർണാവസരം തുറന്നുലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു.

Summary: FIFA World Cup 2022 Morocco vs Croatia match updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News