ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ; ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ഇറാൻ എതിരാളി
നെതർലാൻഡിന് സെനഗലും അമേരിക്കക്ക് വെയ്ൽസുമാണ് എതിരാളി
ദോഹ:ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ.ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് - ഇറാനെ നേരിടും. നെതർലാൻഡും സെനഗലും തമ്മിലാണ് രണ്ടാം മത്സരം. അമേരിക്കയക്ക് വെയ്ൽസാണ് എതിരാളികൾ. ഇറാനെ തോൽപ്പിച്ച് ഖത്തറിൽ വരവറിയിക്കുകയായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. പ്രീമിയർ ലീഗിലെ വമ്പൻ പേരുകളുമായി എത്തുന്ന ഇംഗ്ലണ്ടിന് തന്നെയാണ് കളത്തിനകത്തും പുറത്തും മുൻതൂക്കം. സൗത്ത് ഗോറ്റിന്റെ കീഴിൽ സ്ഥിരം 3-4-2-1 ശൈലിയിലായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക. പേരോ, ചരിത്രമോ പറയാൻ ഇല്ലാതെയാണ് ഇറാന്റെ വരവ്.പ്രതീക്ഷകളുടെ അമിത ഭാരം ഇല്ലാതെ ഇറങ്ങുന്ന ഇറാനിൽ നിന്ന് എന്തും പ്രതീക്ഷിക്കാം. വൈകീട്ട് 6.30 മുതലാണ് മത്സരം
ലോകകപ്പ് യോഗ്യത നൽകിയ സൂപ്പർതാരം സാദിയോ മാനെ അടക്കം ഒരുപിടി താരങ്ങൾ ഇല്ലാതെയാണ് സെനഗൽ ഇറങ്ങുന്നത്. യൂറോപ്യൻ ടീമുകളിൽ കളിക്കുന്ന താരങ്ങളിൽ തന്നെയാണ് പ്രതീക്ഷ. കൌലിബിലിയും മെൻഡിയും ആദ്യ ഇലവനിൽ എത്തും. മറുഭാഗത്ത് ഗ്രൂപ്പ് പോരിൽ നെതർലാൻഡ്‌സിന് ആശങ്കകൾ ഇല്ല. ലൂയിസ് വാൻഗലിന് കീഴിൽ മികച്ച ഫോമിലാണ് ടീം. ചെറിയ പരിക്കുള്ള മുന്നേറ്റതാരംമെംഫിസ് ഡി പേയ് ഇന്ന് കളിച്ചേക്കില്ല. രാത്രി ഒമ്പതരക്കാണ് മത്സരം.
തുല്യശക്തികളാണ് അമേരിക്കയും വെയിൽസും. ആദ്യ മത്സരത്തിലെ ജയത്തോടെ ഗ്രൂപ്പിൽ നിലഭദ്രമാകുകയാണ് ലക്ഷ്യം. ഏറെക്കാലത്തിന് ശേഷം ലോകകപ്പ് വേദിയിലേക്കെത്തിയ വെയിൽസ് അപകടകാരികളാണ്. ബെയിലും റാംസിയും മൂറും അടങ്ങുന്ന മുന്നേറ്റനിരയാണ് കരുത്ത്. ടീമിലെ ഒത്തിണക്കമാണ് അമേരിക്കയുടെ പ്രതീക്ഷ. രാത്രി പന്ത്രണ്ടരക്കാണ് മത്സരം.
അതേസമയം, ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിനാണ് ഇക്വഡോർ തോൽപ്പിച്ചത്. ക്യാപ്റ്റൻ എന്നർ വലൻസിയയാണ് രണ്ട് ഗോളും സ്‌കോർ ചെയ്തത്. ഇരുഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ആതിഥേയ ടീം ഉദ്ഘാടന മത്സരത്തിൽ തോൽവി അറിയുന്നത്. ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്താണെങ്കിൽ ഖത്തർ 50-ാം സ്ഥാനത്താണ്. ചരിത്രത്തിൽ ആദ്യമായാണ് ഖത്തർ ലോകകപ്പിൽ പന്ത് തട്ടുന്നത്.