ഖത്തറിന്റെ ലോകകപ്പ് ആതിഥ്യത്തെ പ്രശംസിച്ച് ഋഷി സുനക്; വിമർശനവുമായി ബ്രിട്ടീഷ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും
തത്സമയ സംപ്രേഷണം ഒഴിവാക്കി ഇത്തവണ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ ബി.ബി.സി ബഹിഷ്‌ക്കരിച്ചിരുന്നു
ലണ്ടൻ: ഖത്തറിന്റെ ലോകകപ്പ് ആതിഥ്യത്തെ പ്രശംസിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് വിമർശനം. ബ്രിട്ടീഷ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമാണ് ഒരു വിഭാഗം സുനകിന്റെ പരാമർശങ്ങളെ വിമർശിച്ച് രംഗത്തെത്തിയത്.
അവിശ്വസനീയമായ തരത്തിലുള്ള ലോകകപ്പ് ആതിഥ്യത്തിന് ഖത്തറിന് അഭിനന്ദനങ്ങൾ എന്നാണ് സുനക് ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മികച്ച ഗ്രൂപ്പ് ഘട്ട മത്സരങ്ങളായി ഇത്തവണത്തേത് അനുസ്മരിക്കപ്പെടുമെന്ന് കുറിച്ച ഋഷി സുനക് ഇംഗ്ലീഷ് ടീമിന് ആശംസയും നേർന്നു. സ്വപ്‌നങ്ങൾക്ക് ജീവൻ നൽകൂവെന്നാണ് ഇംഗ്ലീഷ് ടീമിനെ ടാഗ് ചെയ്ത് സുനക് ആശംസയറിയിച്ചത്.
എന്നാൽ, ട്വീറ്റിനു പിന്നാലെ ഒരു വിഭാഗത്തിൽനിന്ന് വലിയ തോതിൽ വിമർശവും ഉയർന്നു. ഏതു ലോകകപ്പ് കണ്ടിട്ടാണ് ഈ പറയുന്നതെന്നായിരുന്നു ട്വിറ്ററിൽ ഒരാളുടെ പ്രതികരണം. കുടിയേറ്റ തൊഴിലാളികളുടെ പീഡനം, എൽ.ജി.ബി.ടി വിരുദ്ധത തുടങ്ങിയ വിഷയങ്ങൾ ആരോപിച്ചും ട്വീറ്റിനെതിരെ വിമർശനമുയർന്നു. എന്നാൽ, സുനകിനെ പിന്തുണച്ചും ഖത്തറിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തി.
ഖത്തർ പ്രശംസയ്‌ക്കെതിരായ വിമർശനങ്ങൾ ഉയർത്തിക്കാട്ടി ബ്രിട്ടീഷ് മാധ്യമങ്ങളും സുനകിനെതിരെ തിരിഞ്ഞു. ദ ഇൻഡിപെൻഡന്റ്, ഡെയ്‌ലി മെയിൽ, മെട്രോ അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ സുനകിനെതിരായ വിമർശനങ്ങൾ പൊലിപ്പിച്ചുകാട്ടി. ഖത്തറിനെതിരെ മുൻപ് ഉയർന്നുവന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.
നേരത്തെ, ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ ബി.ബി.സി ബഹിഷ്‌ക്കരിച്ചിരുന്നു. തത്സമയ സംപ്രേഷണം നൽകാതെയായിരുന്നു ബി.ബി.സിയുടെ ബഹിഷ്‌ക്കരണം. ചടങ്ങിന്റെ സമയത്ത് ഖത്തറിനെതിരെ മനുഷ്യാവകാശ വിരുദ്ധ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ചർച്ച സംപ്രേഷണം ചെയ്യുകയായിരുന്നു ചാനൽ.
Summary: UK PM Rishi Sunak is being trolled by British media and social media for his Qatar praise for World Cup hosting