മധ്യനിര മത്സരത്തിൽ ബ്രസീൽ വാഴുമോ?
നെയ്മറുടെ അഭാവമാണ് ബ്രസീൽ ക്യാമ്പിൽ നിന്നുള്ള വലിയ വാർത്ത. സെർബിയക്കെതിരായ മത്സരത്തിൽ പലതവണ ഫൗളുകൾക്കിരയായ നെയ്മറിന് ഇന്നു കളിക്കാനാവില്ലെങ്കിലും അത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് കോച്ചും ആരാധകരും പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് പ്രാഥമിക റൗണ്ട് ഗ്രൂപ്പ് എഫിൽ ബ്രസീലും സ്വിറ്റ്‌സർലാന്റും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അരങ്ങൊരുങ്ങുന്നത് ശക്തമായൊരു മിഡ്ഫീൽഡ് യുദ്ധത്തിന്. കാസമിറോ (ബ്രസീൽ), ഗ്രാനിത് ഷാക്ക (സ്വിറ്റ്‌സർലാന്റ്) എന്നീ പരിചയ സമ്പന്നരായ ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ പ്രകടനങ്ങൾ മത്സരത്തിന്റെ വിധി നിർണയിക്കും. ആദ്യമത്സരത്തിൽ സെർബിയയെ രണ്ടു ഗോളിന് തോൽപ്പിച്ച ബ്രസീൽ ഗ്രൂപ്പിൽ ഒന്നും കാമറൂണിനെ ഒരു ഗോളിന് മറികടന്ന സ്വിറ്റ്‌സർലാന്റ് രണ്ടും സ്ഥാനങ്ങളിലാണ്. റഅ്‌സ് അബൂ അബൂദ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30 നാണ് കിക്കോഫ്.
കഴിഞ്ഞ മത്സരത്തിൽ പ്രതിരോധത്തിലൂന്നിക്കളിച്ച സെർബിയക്കെതിരെ പുറത്തെടുത്ത മനോഹരമായ നീക്കങ്ങൾ ഇന്നും ബ്രസീലിന് ആവർത്തിക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സ്വന്തം ഹാഫിൽ നിലയുറപ്പിക്കുകയും ഹൈബോളുകൾ കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സെർബിയയുടേതിൽ നിന്നു വ്യത്യസ്തമായി മിഡ്ഫീൽഡിനെ കൂടുതൽ ഉപയോഗിക്കുന്ന ടീമാണ് സ്വിസ്. കാമറൂണിനെതിരെ അവർ നേടിയ ഗോളിലേക്കുള്ള വഴി തുറന്നത് മിഡ്ഫീൽഡ് പ്ലേയിൽ നിന്നായിരുന്നു. മിഡ്ഫീൽഡർമാരായ വർഗാസ്, ഷാക്ക, ഫ്രൂളർ, ഷാഖിരി എന്നിവർക്കെല്ലാം പങ്കുണ്ടായിരുന്ന അതുപോലൊരു നീക്കം ഇന്ന് സംഭവിക്കാതെ നോക്കുകയാവും കാസമിറോ അടങ്ങുന്ന ബ്രസീൽ മധ്യനിരയുടെയും പ്രതിരോധത്തിന്റെയും ജോലി. അതേസമയം, മികച്ച ആക്രമണ താരങ്ങളുള്ള ബ്രസീലിന്റെ മുൻനിരയിലേക്ക് പന്തെത്തിക്കാനുള്ള ചുമതലയും മിഡ്ഫീൽഡിനാണ്.
നെയ്മറുടെ അഭാവമാണ് ബ്രസീൽ ക്യാമ്പിൽ നിന്നുള്ള വലിയ വാർത്ത. സെർബിയക്കെതിരായ മത്സരത്തിൽ പലതവണ ഫൗളുകൾക്കിരയായ നെയ്മറിന് ഇന്നു കളിക്കാനാവില്ലെങ്കിലും അത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് കോച്ചും ആരാധകരും പ്രതീക്ഷിക്കുന്നത്. യുവതാരങ്ങളായ ആന്റണി, റോഡ്രിഗോ എന്നിവരിൽ ഒരാളാവും നെയ്മറിന്റെ പകരമിറങ്ങുക എന്നാണ് സൂചന. വിങ്ങുകളിൽ റഫിഞ്ഞയും വിനിഷ്യസ് ജൂനിയറും മധ്യത്തിൽ റിച്ചാർലിസനും തന്നെ കളിച്ചേക്കും.
കാസമിറോയ്‌ക്കൊപ്പം ലൂക്കാസ് പാക്വേറ്റയെ തന്നെ ഇറക്കുമോ അതോ ഫ്രെഡ്ഡിനെയോ ഫാബിഞ്ഞയെയോ പരീക്ഷിക്കുമോ എന്നും ആരാധകർ കാത്തിരിക്കുന്നുണ്ട്. പരിക്കിന്റെ പിടിയിലുള്ള ഡാനിലോയ്ക്ക് പകരം വലതു വിങ്ബാക്ക് പൊസിഷനിൽ എഡർ മിലിറ്റാവോ കളിച്ചേക്കും. പരിചയസമ്പന്നനായ വലതു വിങ് ബാക്ക് ഡാനി ആൽവസ് ടീമിലുണ്ടെങ്കിലും 37-കാരനായ തിയാഗോ സിൽവയ്‌ക്കൊപ്പം പിൻനിരയിൽ മറ്റൊരു വെറ്ററനെ കൂടി തുടക്കം മുതൽ പരീക്ഷിക്കുക എന്ന സാഹസം ടിറ്റേ ചെയ്‌തേക്കില്ല.
പ്രതിരോധ, ആക്രമണ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഗ്രാനിത് ഷാക്കയിൽ നിന്നുള്ളതും ഫൈനൽ തേഡിൽ അപകടഭീഷണി മുഴക്കുന്ന ഷർദാൻ ഷഖീരിയിലേക്ക് എത്തുന്നതുമായ നീക്കങ്ങൾ തടയാനാവും ബ്രസീലിന്റെ പ്രതിരോധ-മധ്യനിരകൾ ശ്രമിക്കുക. മധ്യനിരയിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞാൽ കഴിഞ്ഞ മത്സരത്തിലേതു പോലെ ആക്രമണ ഫുട്‌ബോൾ ബ്രസീലിൽ നിന്നു പ്രതീക്ഷിക്കാം.
കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിനെ 1-1 സമനിലയിൽ തളച്ച സ്വിറ്റ്‌സർലാന്റ് യൂറോ കപ്പിൽ ഫ്രാൻസിനെതിരെ 1-3ന് പിറകിൽ നിന്ന ശേഷ രണ്ടു ഗോൾ തിരിച്ചടിക്കുകയും ഷൂട്ടൗട്ടിൽ വിജയിക്കുകയും ചെയ്ത് ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്നും പ്രതീക്ഷയോടെയാണ് ഇറങ്ങുന്നതെന്നും ബ്രസീലിനെ ബഹുമാനമുണ്ടെങ്കിലും ജയത്തിനായി കളിക്കുമെന്നും അവരുടെ കോച്ച് മുറാദ് യഖീൻ വ്യക്തമാക്കി.