പ്രവചന സിങ്കം എംബാപ്പെ! ഫ്രാൻസ്-മൊറോക്കോ പോരാട്ടം വരുമെന്ന് 11 മാസം മുന്‍പേ പ്രഖ്യാപിച്ചു
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും മൊറോക്കോയുടെ അഷ്‌റഫ് ഹകീമിയും പി.എസ്.ജിയിൽ സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളുമാണ്
ദോഹ: ലോകകപ്പിന്റെ രണ്ടാം സെമിയിൽ നാളെ ലോക ചാംപ്യന്മാരായ ഫ്രാൻസും അട്ടിമറികളിലൂടെ ലോകത്തെ ഞെട്ടിച്ച മൊറോക്കോയും ഏറ്റുമുട്ടാനിരിക്കുകയാണ്. കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് ആക്രമണത്തെ തടയാൻ അശ്രഫ് ഹക്കീമിയുടെ മൊറോക്കോയ്ക്ക് ആകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കരുത്തന്മാരെ മറിച്ചിട്ട് സെമി ഫൈനലിലേക്ക് കുതിച്ച ആഫ്രിക്കൻ സംഘം നാളെ ഫ്രാൻസിനെയും തകർത്ത് ചരിത്രമെഴുതുമോ എന്നും ഫുട്‌ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഇരുടീമുകളുടെയും സൂപ്പർ താരങ്ങളായ എംബാപ്പെയും ഹകീമിയും അടുത്ത സുഹൃത്തുക്കളുമാണ്. ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്കു വേണ്ടി കളിക്കുന്ന ഇരുവരും മാസങ്ങൾക്കുമുൻപ് ഖത്തറിൽ കണ്ടുമുട്ടിയപ്പോൾ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ വൈറലാകുന്നത്. ലോകകപ്പില്‍ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുമെന്നായിരുന്നു അന്ന് എംബാപ്പെ പ്രവചിച്ചത്.
2022 ജനുവരിയിൽ ലോകകപ്പ് വേദിയായ ഖത്തറിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ''ഞങ്ങളിപ്പോഴുള്ളത് എജ്യുക്കേഷനൽ സിറ്റി സ്‌റ്റേഡിയത്തിലാണ്. നല്ല സ്‌റ്റേഡിയമാണ്. 40,000 പേരെ ഇവിടെ ഉൾക്കൊള്ളാനാകും.''-വിഡിയോയിൽ എംബാപ്പെ പറയുന്നു.
ഫ്രഞ്ച്-തുനീഷ്യ മത്സരത്തിൽ ഞങ്ങൾ വിജയിക്കും. അതിനുശേഷം ഞങ്ങൾ മൊറോക്കോയോട് കളിക്കുമെന്നും താരം തുടരുന്നു. എനിക്ക് എന്റെ സുഹൃത്തിനെ തകർക്കേണ്ടിവരും. അതെന്റെ ഹൃദയം തകർക്കുന്നതാണെങ്കിലും ഇത് ഫുട്‌ബോളല്ലേ.. അങ്ങനെയൊക്കെയാണ്. എനിക്കവനെ കൊന്നേ മതിയാകൂവെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.
ഇത്തവണ ഗോൾവേട്ടക്കാരിൽ മുൻപിലാണ് എംബാപ്പെ. അഞ്ചു ഗോളും രണ്ട് അസിസ്റ്റുമാണ് താരത്തിന്റെ പേരിലുള്ളത്. പുതിയ സീസണിൽ പി.എസ്.ജിക്കായി 14 മത്സരങ്ങളിൽനിന്ന് 12 ഗോളും രണ്ട് അസിസ്റ്റുമായി മികച്ച ഫോമിലാണ് താരം ലോകകപ്പിനെത്തിയത്. മറുവശത്ത്, പി.എസ്.ജിക്കു വേണ്ടി ഇത്തവണ മൂന്ന് ഗോളടിച്ച ഹകീമിക്ക് ലോകകപ്പിൽ ലക്ഷ്യം കാണാനായിട്ടില്ല.
Summary: Kylian Mbappe, in the presence of PSG teammate Achraf Hakimi, predicted back in January that France would face Morocco in the World Cup, and said that he would have to 'destroy' his friend