ഫൈനലിലേക്ക് ബെൻസെമയുടെ 'സർപ്രൈസ് എൻട്രി'യോ? റിപ്പോർട്ടുകൾ തള്ളാതെ പരിശീലകൻ

ബെൻസെമയുടെ അഭാവമൊന്നും ഫ്രാൻസിനെ ഈ ലോകകപ്പിൽ ബാധിച്ചിട്ടില്ല

Update: 2022-12-15 04:58 GMT
Editor : rishad | By : Web Desk
Advertising

ദോഹ: അർജന്റീനക്കെതിരെ ഫൈനലിന് തയ്യാറെടുക്കുന്ന ഫ്രാൻസ് ടീമിലേക്ക് കരീം ബെൻസെമയെത്തുമോ? പരിക്കേറ്റ് ടീമിന് പുറത്തായ താരം പരിശീലനം ആരംഭിച്ചതോടെയാണ് മടങ്ങിവരവ് സംബന്ധിച്ച വാർത്തകൾ സജീവമായത്. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. താരം പരിശീലിക്കുന്ന ദൃശ്യങ്ങൾ റയൽ മാഡ്രിഡ് എഫ്.സി പങ്കുവെക്കുകയും ചെയ്തു. 

മൊറോക്കോയ്‌ക്കെതിരായ സെമിഫൈനലിന് ശേഷം ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സിന്റെ മുന്നിലും ഇതെ ചോദ്യമെത്തി. ബെൻസെമ വരുമോ ഫൈനലിലേക്ക്? എന്നാൽ വ്യക്തമായ ഉത്തരം ദെഷാംപ്‌സ് നൽകിയില്ല. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ലെന്നായിരുന്നു ദെഷാംപ്‌സിന്റെ മറുപടി. അതേസമയം പ്രചരിക്കുന്ന വാർത്തകളെ അദ്ദേഹം തള്ളിയില്ലെന്നതും ശ്രദ്ധേയമായി. ലോകകപ്പിനുള്ള ഫ്രാൻസ് ടീം പ്രഖ്യാപിച്ചപ്പോൾ ബെൻസെമയും ടീമിലുണ്ടായിരുന്നു. എന്നാൽ പരിക്കേറ്റതിനാൽ താരം പുറത്തായി.

പകരം ടീമിലേക്ക് ആളെ എടുത്തതുമില്ല. ഏതുസമയവും അദ്ദേഹത്തിന്റെ മടങ്ങിവരവ് പ്രതീക്ഷിക്കാം എന്ന കണക്ക്കൂട്ടലിലാണ് പകരക്കാരനെ തീരുമാനിക്കാത്തതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. മൊറോക്കോയ്‌ക്കെതിരായ സെമിയിലേക്ക് ബെൻസെമ എത്തുമെന്ന് പ്രചാരണമുണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല. ഇനി ഫൈനലാണ്. എതിരാളികൾ ശക്തരായ അർജന്റീനയും. മെസിക്കും സംഘത്തിനുമെതിരായ ആക്രമണത്തിന്റെ മൂർച്ച കൂട്ടാൻ ബെൻസെമയും ഉണ്ടാകുമെന്നാണ് ശക്തമായ റിപ്പോർട്ടുകൾ. ടീം തന്ത്രത്തിന്റെ ഭാഗമായി പരിശീലകൻ പുറത്തുവിടാത്തതാണെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.

കിരീടം നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ടീം ഫ്രാൻസ്. അതേസമയം ബെൻസെമയുടെ അഭാവമൊന്നും ഫ്രാൻസിനെ ഈ ലോകകപ്പിൽ ബാധിച്ചിട്ടില്ല. അധികം വിയർക്കാതെ തന്നെ എല്ലാ മത്സരവും ജയിച്ചവരാണ് അവർ. അതിനിടെ ഗ്രൂപ്പ് ഘട്ടത്തിൽ ടുണീഷ്യയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. കളി തുടങ്ങി അഞ്ചാം മിനുറ്റിൽ തന്നെ തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയിൽ കോളോ മുവാനി ഒരു ഗോൾ കൂടി നേടിയതോടെ മൊറോക്കോയുടെ പ്രതീക്ഷകൾ അസ്തമിച്ചു. തിരിച്ചടിക്കാൻ മൊറോക്കോയ്ക്ക് നിരവധി അവസങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല.ഫ്രാന്‍സ് പ്രതിരോധവും അവസരത്തിനൊത്ത് ഉയര്‍ന്നു.  ഞായറാഴ്ചയാണ് ഫൈനല്‍. ഇന്ത്യന്‍ സമയം രാത്രി 8.30ന് മത്സരം തുടങ്ങും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News