മണിക്കൂറിൽ 35.3 കി.മീറ്റർ; വേഗത്തിലും ഇഞ്ചോടിഞ്ച്-അൽബെയ്തിൽ ഉറ്റചങ്ങാതിമാർ നേർക്കുനേർ
ഫ്രഞ്ച് ആക്രമണങ്ങളുടെ കുന്തമുനയായ എംബാപ്പെയെ തടയുക എന്ന ദൗത്യം ഇന്ന് ഹക്കീമിക്ക് തന്നെയാകും. അതുകൊണ്ടുതന്നെ കായികപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആ കാഴ്ചയ്ക്കു വേണ്ടിയാണ്
ദോഹ: ''ലോകകപ്പിൽ ഫ്രഞ്ച്-തൂനീഷ്യ മത്സരത്തിനുശേഷം ഞങ്ങൾ കളിക്കുക മൊറോക്കോയോടാകും. ഹൃദയം തകർക്കുന്നതാണെങ്കിലും എനിക്കെന്റെ സുഹൃത്തിനെ തകർക്കേണ്ടിവരും. ഇത് ഫുട്‌ബോളല്ലേ.. എനിക്കവനെ കൊന്നേ മതിയാകൂ..''
കഴിഞ്ഞ ജനുവരിയിൽ മൊറോക്കോ താരം അഷ്‌റഫ് ഹക്കീമിയെ സാക്ഷിനിർത്തി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ വ്യക്തമാക്കിയതാണിത്. ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയിൽ ഒരുമിച്ച് കളിക്കുന്ന ഹക്കീമിയും എംബാപ്പെയും ഉറ്റസുഹൃത്തുക്കളുമാണ്. 11 മാസംമുൻപ് എംബാപ്പെ നടത്തിയ പ്രവചനം ഇന്ന് സത്യമായി പുലരുമ്പോൾ രണ്ട് ആത്മസുഹൃത്തുക്കളുടെകൂടി പോരാട്ടമാകുകയാണത്. പ്രവചനം പോലെ ഹക്കീമിയെയും സംഘത്തെയും എംബാപ്പെയുടെ ഫ്രാൻസ് കൊന്നുകൊലവിളിക്കുമോ എന്നാണ് ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്നത്.
രണ്ട് വ്യത്യസ്ത പൊസിഷനുകളിൽ കളിക്കുന്നവരാണ് എംബാപ്പെയും ഹക്കീമിയും. എതിരാളികളുടെ ബോക്‌സിലേക്ക് അതിവേഗം പന്തുമായി കുതിച്ചുപായുന്ന അപകടകാരിയായ സ്‌ട്രൈക്കറാണ് എംബാപ്പെ. എന്നാൽ, ഗോൾവല ലക്ഷ്യമാക്കി വരുന്ന എതിരാളികളുടെ മുന്നേറ്റം ബോക്‌സിനപ്പുറത്ത് തകർത്തുകളയുന്ന പ്രതിരോധമതിലാണ് അഷ്‌റഫ് ഹക്കീമി. എന്നാൽ, ഒരു കാര്യത്തിൽ ഇരുവരും തമ്മിലൊരു സാദൃശ്യമുണ്ട്; വേഗത!
നിലവിൽ ലോക ഫുട്‌ബോളിലെ ഏറ്റവും വേഗമേറിയ കളിക്കാരിലൊരാളാണ് എംബാപ്പെ. സ്വന്തം റെക്കോർഡിലെത്താനായില്ലെങ്കിലും ഖത്തർ ലോകകപ്പിലും എംബാപ്പെ വേഗം കൊണ്ട് കായികപ്രേമികളെ ഞെട്ടിച്ചു. മണിക്കൂറിൽ 35.3 കി.മീറ്റർ ആണ് താരം ഇത്തവണ കുറിച്ച ഏറ്റവും വലിയ വേഗം. എന്നാൽ, ഇത്തവണ മൊറോക്കോയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ഹക്കീമിയും സുഹൃത്തിനെപ്പോലെ വേഗംകൊണ്ട് വിസ്മയിപ്പിച്ചു. മണിക്കൂറിൽ 35.3 കി.മീറ്റർ കുറിച്ച് വേഗത്തിൽ എംബാപ്പെയ്‌ക്കൊപ്പമെത്തി ഹകീമി.
ഫ്രഞ്ച് ആക്രമണങ്ങളുടെ കുന്തമുനയായ എംബാപ്പെയെ തടയുക എന്ന ദൗത്യം ഇന്ന് ഹക്കീമിക്ക് തന്നെയാകുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ കായികപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാഴ്ചയാകുമത്. സുഹൃത്തിന്റെ പ്രതിരോധക്കോട്ട തകർക്കുമെന്ന് എംബാപ്പെ പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. ഹക്കീമിക്കാകട്ടെ പ്രതിരോധത്തിനൊപ്പം ആക്രമിച്ച് മുന്നേറാനുള്ള ദൗത്യവുമുണ്ട്. ഉറ്റചങ്ങാതിമാരുടെ നേർക്കുനേർ പോരിൽ ആരാകും ജേതാവാകുകയെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.
ഇത്തവണ ഗോൾവേട്ടക്കാരിൽ മുൻപിലാണ് എംബാപ്പെ. അഞ്ചു ഗോളും രണ്ട് അസിസ്റ്റുമാണ് താരത്തിന്റെ പേരിലുള്ളത്. പുതിയ സീസണിൽ പി.എസ്.ജിക്കായി 14 മത്സരങ്ങളിൽനിന്ന് 12 ഗോളും രണ്ട് അസിസ്റ്റുമായി മികച്ച ഫോമിലാണ് താരം ലോകകപ്പിനെത്തിയത്. മറുവശത്ത്, പി.എസ്.ജിക്കു വേണ്ടി ഇത്തവണ മൂന്ന് ഗോളടിച്ച ഹകീമിക്ക് ലോകകപ്പിൽ ലക്ഷ്യം കാണാനായിട്ടില്ല. എന്നാൽ, ടൂർണമെന്റിൽ ഒരൊറ്റ ഗോൾ മാത്രം വഴങ്ങിയ മൊറോക്കോയുടെ പ്രതിരോധം പാളാതെ കാക്കുന്നത് ഹക്കീമി എന്ന ലോകത്തെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിലൊരാളായ സൂപ്പർ താരമാണെന്ന് ഇതിനകം എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു.
Summary: Fastest players of the 2022 FIFA World Cup and best friends ever Kylian Mbappé and Achraf Hakimi to fight each in France vs. Morocco semi-final